സുപ്രസിദ്ധ ഗസല്‍ഗായകന്‍ ജഗ്ജിത് സിംഗിന്റെ വേര്‍പാട് ആകസ്മികമായിരുന്നു.ആസ്വാദകമനസ്സുകളില്‍ പ്രണയവും വിരഹവും ശോകവും ഇഴചേര്‍ന്ന ഗസലുകളിലൂടെ സംഗീതമഴ പെയ്യിച്ച ആ ഗാനഗന്ധര്‍വന്‍ ഓര്‍ക്കാപ്പുറത്ത് ഓര്‍മ്മയായി മാറി.പാടിതീരാത്ത ഒരു പാട്ടുപോലെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ജഗ്ജിത് സിംഗിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..!തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മുംബയിലെ ലീലാവതി ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച അന്തരിച്ച ജഗ്ജിത് സിംഗിന് 70 വയസ്സുണ്ടായിരുന്നു.1941 ഫിബ്രവരി 8 ന് രാജസ്ഥാനിലെ ഗംഗാനഗര്‍ എന്ന സ്ഥലത്ത് അമര്‍സിംഗ് ദാമന്റെയും ബച്ചന്‍ കൌറിന്റെയും മകനായി ജനിച്ച ജഗ്ജിത് കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പണ്ഡിറ്റ് ചംഗന്‍ലാല്‍ ശര്‍മയുടെയും,ഉസ്താദ് ജമാല്‍ ഖാന്റെയും കീഴില്‍ അദ്ദേഹം സംഗീതം അഭ്യസിച്ചു.1965 ല്‍ മുംബയില്‍ എത്തിയ അദ്ദേഹം തുടക്കത്തില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടിയും,കല്യാണപാര്‍ട്ടികളില്‍ സംഗീത സദസ്സുകകള്‍ നടത്തിയുമാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയത്.ഇതിനിടെ സിനിമാ നിര്‍മ്മാതാവായ സുരേഷ് അമാനെ പരിചയപ്പെട്ടത് ജഗ്ജിതിനെ ചലച്ചിത്രലോകത്ത് എത്തിച്ചു.ഒരു ഗുജറാത്തി ചിത്രത്തിലാണ് ആദ്യമായി പാടാന്‍ അവസരം ലഭിച്ചത്.ചില ചിത്രങ്ങളില്‍ സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു.പഞ്ചാബി,ഹിന്ദി,ഉര്‍ദു,ഗുജറാത്തി,സിന്ധി,നേപ്പാളി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ അവതരിപ്പിച്ചു.അക്കാലത്ത് ഏറെ പ്രശസ്തരായ ബീഗം അക്തര്‍,മെഹ്ദി ഹസ്സന്‍ എന്നിവരുടെ സ്വാധീനത്തില്‍ ജഗ്ജിത് സിംഗ് ഗസല്‍ ഗായകനായി മാറി.1969 ല്‍ ഗസല്‍ ഗായിക ചിത്രാ സിംഗിനെ വിവാഹം ചെയ്തു. 1976 ല്‍ പുറത്തിറങ്ങിയ 'ദി അണ്‍ ഫോര്‍ഗെറ്റബിള്‍സ്' എന്ന ആല്‍ബം കൊണ്ട് തന്നെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഈ ഗായകദമ്പതിമാര്‍ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.തുടര്‍ന്ന് പുറത്തിറങ്ങിയ 'ക്ലോസ് ടു മൈ ഹാര്‍ട്ട്‌സ്',' സം വണ്‍ സം വേര്‍',' ടുഗതര്‍' എന്നിവ സൂപ്പര്‍ ഹിറ്റുകളായി മാറിയ ആല്‍ബങ്ങളില്‍ ചിലത് മാത്രം.അന്നേവരെ ഗസല്‍ രംഗം അടക്കിവാണിരുന്ന പല പ്രമുഖരെയും പിന്തള്ളി ജഗ്ജിത് സിംഗ് തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. ഗസലുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായാണ് അദ്ദേഹം കടന്നുവന്നത്.ഉപകരണങ്ങളുടെ ഉപയോഗത്തിലും ആലാപന ശൈലിയിലും ജഗ്ജിത് ഒരു പുതിയ പാത വെട്ടിത്തുറന്നു.വരേണ്യ വര്‍ഗ്ഗത്തിന് മാത്രം ആസ്വദിക്കാനുള്ളതാണ് ഗസല്‍ എന്ന ധാരണ തിരുത്തി ഗസലുകളെ ജനകീയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പാശ്ചാത്യസംഗീതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ആലാപനത്തില്‍ അദ്ദേഹം ഹിന്ദുസ്ഥാനി ശൈലി മുറുകെ പിടിച്ചു.ഗായകര്‍ക്കിടയിലെ മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യനായിരുന്നു ജഗ്ജിത് സിംഗ്.കറാച്ചിയില്‍ നടത്തിയ ഒരു ഗാനമേളയില്‍ നിന്നും ലഭിച്ച 15 ലക്ഷം രൂപ പ്രശസ്ത ഗസല്‍ ഗായകന്‍ മെഹ്ദി ഹസ്സന്റെ ചികിത്സാചെലവുകള്‍ക്കായി അദ്ദേഹം മാറ്റി വെച്ചത് ഒരുദാഹരണം മാത്രം.ആരാധകര്‍ 'ഗസല്‍ രാജാവ്'എന്ന് വിളിച്ചു ആദരിക്കുന്ന ഈ അനശ്വരഗായകന് 2003 ല്‍ പദ്മഭൂഷന്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു.തന്റെ പുത്രന്‍ അപകടത്തില്‍ മരണപ്പെട്ടത് ജഗ്ജിത് സിംഗിനെ തളര്‍ത്തിയ ഒരു സംഭവമായിരുന്നു.ഇപ്പോള്‍ സംഗീതപ്രേമികളെ തീരാദുഃഖത്തില്‍ ആഴ്ത്തി ആ മധുരശബ്ദവും നിലച്ചിരിക്കുന്നു..!ജഗ്ജിത് സിംഗിന് ആദരാന്ജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.
2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച
2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച
കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, ജോണ്‍സണ്‍ വിടവാങ്ങി..!
മലയാള ചലച്ചിത്രലോകത്ത് നിന്നും മഹാപ്രതിഭകള്‍ ഓരോരുത്തരായി വിടവാങ്ങുമ്പോള്‍ അനാഥമാവുന്നത് നമ്മുടെ സാംസ്കാരികത്തനിമയാണ്.പ്രിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു മഹാപ്രതിഭ കൂടി ഓര്‍ക്കാപ്പുറത്ത് ഓര്‍മ്മയായി മാറിയിരിക്കുന്നു..!മലയാള ചലച്ചിത്ര ഗാനങ്ങളെ ജനകീയമാക്കുന്നതില്‍ മൂന്നുപതിറ്റാണ്ടായി ഈ രംഗത്ത് നിറഞ്ഞു നിന്ന പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ 2011 ആഗസ്ത് 18 ന് തിരശ്ശീലയ്ക്ക് പിന്നിലേക്ക് വഴിമാറി.വോയ്സ് ഓഫ് തൃശ്ശൂര്‍ എന്ന സംഗീത ട്രൂപ്പിലെ ഒരു എളിയ കലാകാരനായി തന്റെ സംഗീതസപര്യക്ക് തുടക്കം കുറിച്ച ജോണ്‍സണ്‍ 1953 മാര്‍ച്ച് 26 ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി-മേരി ദമ്പതിമാരുടെ മകനായി ജനിച്ചു.തൃശ്ശൂര്‍ സെന്റ് തോമാസ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം വയലിന്‍ പാശാത്യശൈലിയില്‍ അഭ്യസിച്ചിരുന്നു.കുട്ടിക്കാലം മുതല്‍ ഹാര്‍മ്മോണിയം,വയലിന്‍,ഗിത്താര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.ജോണ്‍സണിന്റെ വയലിന്‍ വായനയില്‍ ആകൃഷ്ടനായ പ്രശസ്ത സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ ആണ് അദ്ദേഹത്തെ ചലച്ചിത്രലോകത്തിനു പരിചയപ്പെടുത്തുന്നത്.1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ആരവം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.മലയാളത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍-300 ലേറെ ചലച്ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഏറെ പ്രശസ്തരായ ദക്ഷിണാമൂര്‍ത്തി,ദേവരാജന്‍,കെ.രാഘവന്‍ മാസ്റ്റര്‍ ,എം എസ് ബാബുരാജ് എന്നിവര്‍ക്കൊപ്പം എത്തി നില്‍ക്കുന്ന സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ .സുപ്രസിദ്ധ ഗാന രചയിതാക്കളായ ഓ എന്‍ വി,കൈതപ്രം,ശ്രീകുമാരന്‍ തമ്പി,കാവാലം,ഗിരീഷ് പുത്തഞ്ചേരി മുതലായവരുടെ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.ഇതില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ പിറന്നത് പിറന്നത് കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടിലാണ്.കിരീടം എന്ന ചിത്രത്തിലെ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി.....'എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനം മാത്രം മതി ഈ കലാകാരന്മാരെ മലയാളികള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അഞ്ചു തവണ ജോണ്‍സണ്‍ മാസ്റ്റര്‍ നേടുകയുണ്ടായി.അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ മിക്കവയും മലയാളികള്‍ നെഞ്ചേറ്റിയവയാണ്.'ദൂരെ ദൂരെ സാഗരം തേടി...'(വരവേല്‍പ്പ്),'പൂ വേണം പൂപ്പട വേണം...'(ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം),'ദേവാങ്കണങ്ങള്‍....'(ഞാന്‍ ഗന്ധര്‍വന്‍),'ഏതോ ജന്മകല്‍പ്പനയില്‍...'(പാളങ്ങള്‍),'രാജഹംസമേ...'(ചമയം),'ഗോപികേ നിന്‍ വിരല്‍...(കാറ്റത്തെ കിളിക്കൂട്)തുടങ്ങിയവ അവയില്‍ ചിലത് മാത്രം. കര്‍ണ്ണാടക സംഗീതത്തോടൊപ്പം പാശ്ചാത്യസംഗീതവും അഭ്യസിച്ചിരുന്ന അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ ഇവ രണ്ടിന്റെയും സമന്വയം കൂടിയായിരുന്നു.ഓര്‍ക്കസ്ട്രയുടെ അതിപ്രസരം കൊണ്ട് ഗാനങ്ങളിലെ കാവ്യാംശം നഷ്ട്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.സംഗീത സംവിധാനത്തില്‍ മാത്രമല്ല സിനിമകള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും ജോണ്‍സണ്‍ തന്റെ സര്‍ഗ്ഗശക്തി തെളിയിച്ചു.'ഇണയെ തേടി' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.ഈ വിഭാഗത്തില്‍ 1993 ല്‍ 'പൊന്തന്‍ മാട' 1994 ല്‍ 'സുകൃതം' എന്നീ സിനിമകളിലെ പശ്ചാത്തല സംഗീതത്തിനു അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അപൂര്‍വ്വ ബഹുമതിയായിരുന്നു ഈ അവാര്‍ഡുകള്‍.ഈ രംഗത്ത് വയലിന്‍ കൊണ്ട് ജോണ്‍സണ്‍ മാസ്മരികത തന്നെ സൃഷ്ടിച്ചതിനു തെളിവാണ് 'മണിച്ചിത്രത്താഴ്'എന്ന സിനിമയിലെ പശ്ചാത്തല സംഗീതം.മലയാള സിനിമയ്ക്ക് ഇനിയും കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്ന ജോണ്‍സണ്‍ മാസ്റ്റര്‍ ഓര്‍ക്കാപ്പുറത്ത് നമ്മോടു വിടവാങ്ങിയത് സഹിക്കാവുന്നതിലും ഏറെയാണ്.
2011, ജൂൺ 6, തിങ്കളാഴ്‌ച
ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സംഗീതസാമ്രാജ്യം
മലയാളത്തില്‍ ഗസലുകള്‍ ആലപിച്ച് തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.മലയാളം ഗസലുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ പേരാണ്.കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകനായി മാറിയ യഥാര്‍ത്ഥ പേര് പി എ ഇബ്രാഹിം എന്നാണ്.ചലച്ചിത്ര സംവിധായകന്‍ ജോണ്‍ അബ്രഹാം ആണ് അദ്ദേഹത്തിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഉമ്പായി എന്ന പേര് നല്‍കിയത്.കുട്ടിക്കാലം മുതല്‍ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വീട്ടില്‍ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല.എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഉമ്പായി തബല വായിക്കാന്‍ പഠിച്ചു.തബല വായിക്കാന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാന്‍ തീരുമാനിച്ച് ഹിന്ദുസ്ഥാനി സംഗീതവും മെഹഫിലുകളും കൊണ്ട് സംഗീതസാന്ദ്രമായ മുംബൈ നഗരത്തിലേക്ക് യാത്രയായി.അവിടെ മുജാവര്‍ അലീഖാന്റെ കീഴില്‍ സംഗീതം പഠിച്ചു.തബല വായനക്കിടയില്‍ ഉമ്പായി പാടിയ പാട്ട് കേള്‍ക്കാന്‍ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്.ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഉമ്പായി പിന്നെ തന്റെ കര്‍മ്മരംഗമായി തിരഞ്ഞെടുത്തത് കൊച്ചിയാണ്.സ്നേഹിതനായ ചലച്ചിത്ര പിന്നണി ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തും ജീവിക്കാന്‍ വേണ്ടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടും കഴിഞ്ഞു വന്ന ഉമ്പായി ഒരിക്കല്‍ ദില്ലിയില്‍ ഒരു ഗാനസദസ്സില്‍ ഹിന്ദി,ഉര്‍ദു ഗാനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി.മലയാളത്തില്‍ എന്തുകൊണ്ട് ഗസലുകള്‍ ആയിക്കൂടാ?എന്ന് ഈ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്.നിലാവും തണുപ്പും ഇഴുകി ചേര്‍ന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാണപ്രേയസിയെ കുറിച്ച് നൊമ്പരപ്പെടുന്ന ഗസലുകള്‍ മലയാളത്തിലേക്ക് പറിച്ചു നട്ടതില്‍ ഉമ്പായിക്ക് അഭിമാനിക്കാം.മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എന്‍ വി ,യൂസഫലി കേച്ചേരി,സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ ആസ്വാദകലോകം ഏറ്റുവാങ്ങി.പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്.മലയാളത്തില്‍ പ്രണാമം,ഗസല്‍മാല,പാടുക സൈഗാള്‍ പാടൂ,അകലെ മൌനം പോല്‍,നന്ദി പ്രിയസഖി നന്ദി,ഒരിക്കല്‍ നീ പറഞ്ഞു,ഇതുവരെ സഖീ നിന്നെ കാത്തിരുന്നു,മധുരമീ ഗാനം,ഹൃദയരാഗം,ഒരുമുഖം മാത്രം എന്നീ ആല്‍ബങ്ങലെല്ലാം മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നവയാണ്.ഇന്നും സംഗീത ലോകത്ത് നിറഞ്ഞ സാന്നിധ്യമായി ഉമ്പായി നമ്മോടൊപ്പമുണ്ട്.ഉമ്പായിയുടെ ജീവചരിത്രം ഡി സി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കുന്നു.പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരു പോലെ സംഗീതം പഠിക്കുന്നതിനുള്ള ഒരു വിദ്യാലയം ആരംഭിക്കുക എന്നത് ഉമ്പായിയുടെ ഒരു ആഗ്രഹമാണ്.
2011, മാർച്ച് 25, വെള്ളിയാഴ്‌ച
കെ എസ് ചിത്ര-പാട്ടിന്റെ തേന്‍കുടവുമായി വന്ന പാട്ടുകാരി
മനസ്സ് നിറയെ സംഗീതത്തിന്റെ മാധുര്യം നിറയ്ക്കാന്‍ പാട്ടിന്റെ തേന്‍കുടവുമായി കടന്നു വന്ന പ്രിയ ഗായിക കെ എസ് ചിത്ര നിരവധി നല്ല ഗാനങ്ങള്‍ മലയാള സിനിമകളിലൂടെ നമുക്ക് നല്‍കിയിട്ടുണ്ട്.ഗൃഹാതുരത്വത്തിന്‍റെ മധുരനൊമ്പരങ്ങള്‍ തേന്‍മഴയായി പെയ്തിറങ്ങിയ ആ പാട്ടുകളോരോന്നും മലയാളികള്‍ നെഞ്ചേറ്റി നടന്നവയാണ് .മലയാള ചലച്ചിത്ര രംഗത്ത് കെ എസ് ചിത്രക്കുള്ള അദ്വിതീയ സ്ഥാനം ഇന്നും അഭംഗുരമായി തുടരുന്നതിന്റെ കാരണവും ഇത് തന്നെയാണ് .ഏറെ പ്രശസ്തയായ ആ ഗായികയുടെ സംഗീതസപര്യയെ അടുത്തറിയാന്‍ ഈ കുറിപ്പ് സാഹായകരമാവുമെന്ന് കരുതുന്നു .1963 ജൂലായ് 27 ന് തിരുവനന്തപുരത്ത് , സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ചിത്രയുടെ ജനനം .പിതാവായ കൃഷ്ണന്‍ നായര്‍ തന്നെയാണ് സംഗീതവാസന കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും .ചിത്രയുടെ ആദ്യഗുരുവും അദ്ദേഹമാണ് .തുടര്‍ന്ന് സുപ്രസിദ്ധ സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു .കേരള സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും നേടി .1979 ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനാണ് ചിത്രയെ മലയാള ചലച്ചിത്ര രംഗത്ത് കൊണ്ട് വരുന്നത്.അട്ടഹാസം,സ്നേഹപൂര്‍വ്വം മീര ,ഞാന്‍ ഏകനാണ് എന്നിവയാണ് ആദ്യകാല സിനിമകള്‍.രവീന്ദ്രന്‍,ജെറി അമല്‍ദേവ്,ശ്യാം, ജോണ്‍സണ്‍, കണ്ണൂര്‍ രാജന്‍ മുതലായ സംഗീത സംവിധായകുരുടെ പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട് .തമിഴില്‍ ഇളയരാജയുടെയും എ ആര്‍ റഹമാന്‍റേയും ഗാനങ്ങളും അവര്‍ ആലപിച്ചു .മലയാളത്തിനു പുറമെ,തമിഴ്,കന്നഡ,തെലുഗു,ആസാമീസ്,ഒറിയ,ബംഗാളി,പഞ്ചാബി ,ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങള്‍ക്ക് വേണ്ടിയും ചിത്ര ഗാനങ്ങള്‍ അവതരിപ്പിച്ചു.15ooo ത്തിലേറെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു.അനേകം അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചു.6 തവണ ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡും,30 സംസ്ഥാന അവാര്‍ഡുകളും അവയില്‍ ചിലത് മാത്രം.2005 ല്‍ ഭാരതസര്‍ക്കാരിന്റെ 'പദ്മശ്രീ' പുരസ്ക്കാരത്തിനും ചിത്ര അര്‍ഹയായി.
2011, ഫെബ്രുവരി 2, ബുധനാഴ്‌ച
ഗസല്‍ ശൈലിയില്‍ യൂസഫലി കേച്ചേരിയുടെ ഇശല്‍ തേന്‍കണങ്ങള്‍
മലയാള ചലച്ചിത്ര ശാഖയില്‍ എഴുതപ്പെട്ട പാട്ടുകളുടെ എണ്ണത്തെക്കാള്‍ അവയുടെ ശില്പഭംഗിയാല്‍ ശ്രദ്ധിക്കപ്പെട്ട ഗാന രചയിതാവാണ് പ്രശസ്ത കവി യൂസഫലി കേച്ചേരി.അദ്ദേഹത്തിന്റെ രചനകളിലെ പദ ലാളിത്യവും ശബ്ദ സൌകുമാര്യവും സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.ഗസല്‍ ശൈലിയില്‍ രചിക്കപ്പെട്ട ആ ഭാവഗാനങ്ങള്‍ ആസ്വാദക മനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.ഇവ മലയാളി മനസ്സുകളിലേക്ക് ഇശല്‍ തേന്‍ കണങ്ങളായി പെയ്തിറങ്ങുകയായിരുന്നു.1934 മെയ് 16 നു തൃശ്ശൂര്‍ ജില്ലയില്‍ പെട്ട കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി യൂസഫലി ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥകാരനുമായ എ വി അഹമ്മദ് മൂത്ത സഹോദരനായിരുന്നു.ഇദ്ദേഹത്തിന്റെ പ്രോത്സാഹനം സാഹിത്യ പ്രവര്‍ത്തനം നടത്തുന്നതിനു യൂസഫലിക്ക് വേണ്ടുവോളം ലഭിച്ചു.സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് മുതല്‍ സംസ്കൃതത്തില്‍ താല്പര്യം കാണിച്ചിരുന്ന യൂസഫലി,തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ബിരുദ പഠനം നടത്തുമ്പോള്‍ പ്രശസ്ത സംകൃത പണ്ഡിതന്‍ കെ പി നാരായണപ്പിഷാരടിയുടെ ശിഷ്യത്വം സീകരിച്ചു.1954 ല്‍മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച 'കൃതാര്‍ത്ഥന്‍ ഞാന്‍' എന്ന കവിതയുമായി യൂസഫലി സാഹിത്യ ലോകത്തിലേക്ക് അരങ്ങേറ്റം നടത്തി. മാതൃഭൂമി ആഴ്ചപതിപ്പിന്റെ അന്നത്തെ പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയരുടെ നിസ്സീമമായ സഹകരണവും ആ കൊച്ചു കവിക്ക് താങ്ങായി തീര്‍ന്നു.ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 'സൈനബ' എന്ന കൃതിയാണ്.തുടര്‍ന്ന് 'ആയിരം നാവുള്ള മൌന'വും മറ്റു കൃതികളും പ്രകാശനം ചെയ്യപ്പെട്ടു.1962 ല്‍ രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന സിനിമയിലെ 'മയിലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി...'എന്ന ആദ്യ ഗാനം തന്നെ ഹിറ്റായി മാറി.ഈ ഗാനത്തിന്റെ സംഗീതം എം എസ് ബാബുരാജിന്റെതായിരുന്നു.തുടര്‍ന്നു നൂറിലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിക്കുകയും മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 'സിന്ദൂര ചെപ്പ്' എന്ന സിനിമയുടെ തിരക്കഥ എഴുതുകയും ചെയ്തു.കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച കവിയെ തേടി അനേകം അവാര്‍ഡുകളുമെത്തി.2000 ല്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ 'മഴ' എന്ന ചിത്രത്തിലെ 'ഗേയം ഹരിനാമധേയം'എന്ന് തുടങ്ങുന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ്,ആശാന്‍ പ്രൈസ്,ചങ്ങമ്പുഴ അവാര്‍ഡ് എന്നിവ യൂസഫലിക്ക് ലഭിച്ച പുരസ്ക്കാരങ്ങളില്‍ ചിലത് മാത്രം.യൂസഫലിയുടെ കാവ്യസപര്യ ഇന്നും അഭംഗുരം തുടരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)