2011, മാർച്ച് 25, വെള്ളിയാഴ്‌ച

കെ എസ് ചിത്ര-പാട്ടിന്റെ തേന്‍കുടവുമായി വന്ന പാട്ടുകാരി

മനസ്സ് നിറയെ സംഗീതത്തിന്റെ മാധുര്യം നിറയ്ക്കാന്‍ പാട്ടിന്റെ തേന്‍കുടവുമായി കടന്നു വന്ന പ്രിയ ഗായിക കെ എസ് ചിത്ര നിരവധി നല്ല ഗാനങ്ങള്‍ മലയാള സിനിമകളിലൂടെ നമുക്ക് നല്‍കിയിട്ടുണ്ട്.ഗൃഹാതുരത്വത്തിന്‍റെ മധുരനൊമ്പരങ്ങള്‍ തേന്‍മഴയായി പെയ്തിറങ്ങിയ ആ പാട്ടുകളോരോന്നും മലയാളികള്‍ നെഞ്ചേറ്റി നടന്നവയാണ് .മലയാള ചലച്ചിത്ര രംഗത്ത് കെ എസ് ചിത്രക്കുള്ള അദ്വിതീയ സ്ഥാനം ഇന്നും അഭംഗുരമായി തുടരുന്നതിന്റെ കാരണവും ഇത് തന്നെയാണ് .ഏറെ പ്രശസ്തയായ ആ ഗായികയുടെ സംഗീതസപര്യയെ അടുത്തറിയാന്‍ ഈ കുറിപ്പ് സാഹായകരമാവുമെന്ന് കരുതുന്നു .1963 ജൂലായ്‌ 27 ന് തിരുവനന്തപുരത്ത് , സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ചിത്രയുടെ ജനനം .പിതാവായ കൃഷ്ണന്‍ നായര്‍ തന്നെയാണ് സംഗീതവാസന കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും .ചിത്രയുടെ ആദ്യഗുരുവും അദ്ദേഹമാണ് .തുടര്‍ന്ന് സുപ്രസിദ്ധ സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു .കേരള സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും നേടി .1979 ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനാണ് ചിത്രയെ മലയാള ചലച്ചിത്ര രംഗത്ത്‌ കൊണ്ട് വരുന്നത്.അട്ടഹാസം,സ്നേഹപൂര്‍വ്വം മീര ,ഞാന്‍ ഏകനാണ് എന്നിവയാണ് ആദ്യകാല സിനിമകള്‍.രവീന്ദ്രന്‍,ജെറി അമല്‍ദേവ്,ശ്യാം, ജോണ്‍സണ്‍, കണ്ണൂര്‍ രാജന്‍ മുതലായ സംഗീത സംവിധായകുരുടെ പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട് .തമിഴില്‍ ഇളയരാജയുടെയും എ ആര്‍ റഹമാന്‍റേയും ഗാനങ്ങളും അവര്‍ ആലപിച്ചു .മലയാളത്തിനു പുറമെ,തമിഴ്,കന്നഡ,തെലുഗു,ആസാമീസ്,ഒറിയ,ബംഗാളി,പഞ്ചാബി ,ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങള്‍ക്ക് വേണ്ടിയും ചിത്ര ഗാനങ്ങള്‍ അവതരിപ്പിച്ചു.15ooo ത്തിലേറെ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടു.അനേകം അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചു.6 തവണ ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡും,30 സംസ്ഥാന അവാര്‍ഡുകളും അവയില്‍ ചിലത് മാത്രം.2005 ല്‍ ഭാരതസര്‍ക്കാരിന്റെ 'പദ്മശ്രീ' പുരസ്ക്കാരത്തിനും ചിത്ര അര്‍ഹയായി.

അഭിപ്രായങ്ങളൊന്നുമില്ല: