2009, നവംബർ 22, ഞായറാഴ്‌ച

കത്തുപാട്ടുകള്‍ മാപ്പിളപാട്ടിലെ മണിമുത്തുകള്‍




കത്ത് പാട്ടുകള്‍ മാപ്പിളപാട്ടുകളില്‍ മുന്‍ കാലങ്ങളിലും ഉണ്ടായിരുന്നെങ്കിലും എഴുപതുകളില്‍ പ്രവാസ ജീവിതത്തിന്റെ വിഹ്വലതകളും നൊമ്പരങ്ങളും പകര്‍ത്തി കവിയും ഗായകനുമായ എസ് എ ജമീല്‍ രചിച്ച ദുബായ് കത്തുകളാണ് അനുവാചക ലോകം ഏറ്റു വാങ്ങിയത്.1973 ല്‍ അബുദാബിയിലെ മലയാളികളുടെ ആവശ്യപ്രകാരം ജമീല്‍ രചന നിര്‍വ്വഹിച്ചു അവതരിപ്പിച്ച 'എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് '
എന്ന് തുടങ്ങുന്ന ഹൃദയ സ്പര്‍ശിയായ മനോഹര ഗാനം വളരെ ജനപ്രീതിയാര്‍ജ്ജിക്കുകയുണ്ടായി. അക്കാലത്ത് ഗള്‍ഫ് നാടുകളില്‍ ജോലി തേടി പോയിരുന്ന ഭര്‍ത്താക്കന്മാരെ പിരിഞ്ഞു വീട്ടില്‍ എകാന്തരായി കഴിയേണ്ടി വന്ന ഏറനാടന്‍ പെണ്‍കൊടിമാരുടെ മോഹങ്ങളും മോഹഭംഗങ്ങളും വൈകാരികത ഒട്ടും ചോര്‍ന്നു പോകാതെ ഈ ഗാനത്തില്‍ ചിത്രീകരിച്ചിരിക്കുന്നു. ഈ പാട്ടിനു ഗള്‍ഫ് മലയാളികള്‍ക്കിടയിലും മലബാറിലും ലഭിച്ച വന്‍ തോതിലുള്ള സ്വീകാര്യത കണ്ടു മറുപടി കത്ത് പാട്ടായ 'അബുദാബിയിലുള്ളോരെഴുത്തു പെട്ടി '


എന്ന മറ്റൊരു ഗാനം കൂടി ജമീല്‍ എഴുതുകയുണ്ടായി.ഈ രണ്ടു കത്തുപാട്ടുകളും ഹിറ്റുകളായി മാറിയതോടെ ഈ വിഭാഗത്തില്‍ പെട്ട നിരവധി പാട്ടുകളും രചിക്കപ്പെട്ടു.'കരളിന്റെ കരളായ ' 'ഏറെ പിരിശത്താലെ ' തുടങ്ങിയ ഇവയില്‍ പെടുന്നു. ഇവയെല്ലാം എഴുപതുകളില്‍ അരങ്ങ് തകര്‍ത്ത ഗാനമേളകളിലും മറ്റും അവതരിക്കപ്പെട്ടു.അങ്ങിനെ മാപ്പിളപാട്ടുകളിലെ മണിമുത്തുകളായി കത്ത് പാട്ടുകള്‍ മാറി.



2009, നവംബർ 3, ചൊവ്വാഴ്ച

രാഘവോല്സവം കോഴിക്കോട്ടുകാര്‍ക്ക് മറക്കാനാവാത്ത അനുഭവമായി

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകന്‍ കെ.രാഘവന്‍ മാസ്റ്ററെ ആദരിക്കാന്‍ കെ പി എ സി ഈയിടെ കോഴിക്കോട്ടു സംഘടിപ്പിച്ച രാഘവോല്‍സവം സംഗീതാസ്വാദകര്‍ക്ക് മറക്കാനാവാത്ത അനുഭവമായി.രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ആദ്യദിവസം മാസ്റര്‍ സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളുടെ ആലാപന മത്സരം നടന്നു.തലശ്ശേരിയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന രാഘവന്‍ മാസ്റ്ററെ കെ പി എ സി ഭാരവാഹികളും സംഗീതജ്ഞരും വീട്ടില്‍ ചെന്നു ആദരിച്ചു.കെ പി എ സി യുമായി മാസ്റ്റര്‍ക്കുണ്ടായിരുന്ന ആത്മബന്ധം തദവസരത്തില്‍ സ്മരിക്കപ്പെട്ടു.അദ്ദേഹത്തിന്റെ സംഗീത സംഭാവനകളെ കുറിച്ചു രണ്ടാം ദിവസം സമിനാറും സംഘടിപ്പിച്ചിരുന്നു.സമാപന സമ്മേളനം പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജ്ജുനന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ സംബന്ധിച്ച സംഗീത സംവിധായകരും ഗായകരും ചേര്‍ന്ന് മാസ്റ്റരുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിനു മറക്കാനാവാത്ത അനുഭവമായി.


2009, ഒക്‌ടോബർ 24, ശനിയാഴ്‌ച

വയലാര്‍-ഈ മനോഹരതീരത്ത്‌ ഒരു ജന്മം കൂടി കൊതിച്ച കവി


1975 ഒക്ടോബര്‍ 27
കേരള ചരിത്രത്തില്‍ വീരേതിഹാസം എഴുതി ചേര്‍ത്ത വയലാറിന്റെ മണ്ണില്‍ പിറന്ന് വിപ്ലവപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന ഈരടികളുമായി, മനുഷ്യമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ കവിയും ഗാനരചയിതാവുമായ വയലാര്‍ അകാലത്തില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞ ദിവസം.സര്‍ഗസംഗീതം,മുളങ്കാട്‌,ആയിഷ, പാദമുദ്രകള്‍ ,ഒരു ജൂദാസ് ജനിക്കുന്നു എന്നീ കാവ്യ കൃതികളിലൂടെ അനുവാചക ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വയലാര്‍ ചലച്ചിത്ര ഗാനരചന ആരംഭിക്കുന്നത് 1955 ല്‍ കൂടപ്പിറപ്പ് എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചു കൊണ്ടാണ്.കെ പി എ സി യുടെ വിശറിക്ക് കാറ്റുവേണ്ട എന്ന നാടകത്തില്‍ കെ എസ് ജോര്‍ജ് പാടിയ വിപ്ലവഗാനം 'ബലികുടീരങ്ങളെ...'ഇതിനകം ജനലക്ഷങ്ങള്‍ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു.223 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി 2000 ത്തിലേറെ ഗാനങ്ങള്‍ വയലാര്‍ രചിച്ചിരുന്നു.ഇവയില്‍ വയലാര്‍-ദേവരാജന്‍ ടീമും വയലാര്‍-ബാബുരാജ്‌ ടീമും ഒരുക്കിയ മിക്ക പാട്ടുകളും സംഗീത പ്രേമികളുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുന്നവയാണ്.സര്‍ഗ്ഗ പ്രതിഭകളായ കവികള്‍ സിനിമാരംഗത്ത് എത്തിയാല്‍ അവരുടെ കഴിവുകള്‍ മുരടിച്ചു പോവും എന്ന ആക്ഷേപത്തില്‍ ഒട്ടും കഴമ്പില്ലെന്ന യാഥാര്‍ത്ഥ്യം വയലാര്‍ തന്റെ സൃഷ്ടികളിലൂടെ കാട്ടിക്കൊടുത്തു.സാധാരണക്കാര്‍ക്ക് വേണ്ടി അവരുടെ ഹൃദയത്തിന്റെ ഭാഷയില്‍ രചന നിര്‍വ്വഹിച്ച വയലാറിന് ജനകോടികളുടെ അംഗീകാരം മാത്രമല്ല മറ്റു നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.സര്‍ഗ സംഗീതം എന്ന കവിതാസമാഹാരത്തിനു 1961 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌,'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'എന്ന ഗാനത്തിന് (അച്ഛനും ബാപ്പയും)1973 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്‌, 1969,1972, 1974,1975 എന്നീ വര്‍ഷങ്ങളിലെ ഏറ്റവും നല്ല ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്‌ എന്നിവയെല്ലാം വയലാറിനെ തേടിയെത്തിയ പുരസ്കാരങ്ങളില്‍ ചിലത് മാത്രം.വയലാറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27 ന് മലയാളത്തിലെ മികച്ച സാഹിത്യകാരന് അവാര്‍ഡ് നല്‍കിവരുന്നു.'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ,ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും ഈ മനോഹര തീരത്ത്' ഒരുജന്മം കൂടി കൊതിച്ച വയലാര്‍ ഇന്നും അനുവാചക ഹൃദയങ്ങളില്‍ ജീവിക്കുന്നു!കവിയുടെ പാവനസ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.!!

2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

ബാബുരാജ്‌- മനം കവര്‍ന്ന പാമരനാം പാട്ടുകാരന്‍

മലയാള ചലച്ചിത്ര ഗാനങ്ങളെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ബാബുക്ക(എം.എസ്.ബാബുരാജ്‌) നമ്മെ വിട്ടുപിരിഞ്ഞിട്ട് കഴിഞ്ഞ ദിവസം 31 വര്‍ഷം പിന്നിട്ടു.ഇമ്പമാര്‍ന്ന നിരവധി ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നമ്മുടെ പ്രിയ ഗായകന്‍ 1978 ഒക്ടോബര്‍ 7 നാണ് നമ്മെ വിട്ടുപിരിഞ്ഞത് .1921 മാര്‍ച്ച്‌ 29 ന് കോഴിക്കോട് ജനിച്ച മുഹമ്മദ്‌ സാബിര്‍ എന്ന ബാബുരാജ്‌ സുഹൃത്തുക്കളുടേയും ആരാധകരുടെയും ഇടയില്‍ ബാബുക്ക എന്നാണു അറിയപ്പെട്ടിരുന്നത്.അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു.ജാന്‍ മുഹമ്മദ്‌ ഖാന്‍ എന്ന ബംഗാളി സംഗീതജ്ഞനായിരുന്ന പിതാവ് നാട്ടിലേക്ക് തിരിച്ചു പോയതോടെ മലയാളിയായ ഉമ്മയും മകനും തികച്ചും അനാഥരായി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം പിതാവില്‍ നിന്നു സ്വായത്തമാക്കിയ ബാബുരാജ്‌ ഹാര്‍മ്മോണിയം വായനയും വശത്താക്കി.ജീവിതം തള്ളി നീക്കുന്നതിന് വേണ്ടി തെരുവുകളിലും തീവണ്ടികളിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിന്റെ കഴിവുകള്‍ മനസ്സിലാക്കിയ കോഴിക്കോട്ടുകാരനായ കുഞ്ഞമ്മദ്ക്ക എന്ന സംഗീതാരാധകനായ ഒരു പോലീസുകാരന്‍ ബാബുരാജിനെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ചു.ഹാര്‍മ്മോണിയം കൊണ്ട് മാസ്മരികത തീര്‍ത്ത ബാബുക്ക പി.ഭാസ്കരന്റെയും വയലാറിന്റെയും മനോഹരങ്ങളായ വരികള്‍ക്ക് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഈണങ്ങള്‍ നല്കി അനശ്വരങ്ങളായ ഗാനങ്ങള്‍ക്ക് രൂപം നല്കി.ഹിന്ദുസ്ഥാനി രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ബാബുക്കയുടെ പാട്ടുകള്‍ ഇന്നും സംഗീതപ്രേമികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു.പാമരനാം പാട്ടുകാരന്‍ എന്ന ശീര്‍ഷകത്തില്‍ HMV പുറത്തിറക്കിയ ബാബുരാജിന്‍റെ 3 കാസറ്റുകളിലെ ഗാനങ്ങളെല്ലാം മലയാളിമനസ്സുകളില്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.52 പാട്ടുകള്‍ അടങ്ങിയ ഈ ശേഖരത്തില്‍ പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ (പരീക്ഷ),താമസമെന്തേ വരുവാന്‍(ഭാര്‍ഗ്ഗവീനിലയം),തളിരിട്ട കിനാക്കള്‍ തന്‍(മൂടുപടം),സുറുമയെഴുതിയ മിഴികളെ(ഖദീജ) എന്നീ ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുന്നു.ഉപകരണങ്ങളുടെ അതിപ്രസരമില്ലാതെ ബാബുരാജ്‌ സ്വന്തം ശബ്ദത്തില്‍ അവതരിപ്പിച്ച ഏതാനും ഹിറ്റ് ഗാനങ്ങള്‍ ബാബുരാജ്‌ പാടുന്നു എന്ന ആല്‍ബമായി മനോരമ മ്യൂസിക്കും പുറത്തിറക്കിയിട്ടുണ്ട്.ഇവയ്ക്കെല്ലാം സംഗീത പ്രേമികളില്‍ നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്.കാലം ബാബുക്കയെ നമ്മളില്‍ നിന്നും അകറ്റിയെങ്കിലും മലയാളികളുടെ മനസ്സുകളില്‍ ആ അനശ്വരഗായകന് ഇന്നും ഒരിടമുണ്ട്‌.