2010, ജൂൺ 26, ശനിയാഴ്‌ച

എസ്. ജാനകിയുടെ സ്വരമാധുരി മലയാളത്തിന്‍റെ കുയില്‍നാദം

1973 ല്‍ പുറത്തിറങ്ങിയ സ്വപ്നം എന്ന മലയാള സിനിമയില്‍ 'കാണാക്കുയിലെ പാടൂ' എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട്.ഈ പാട്ട് പാടിയത് ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നനുനനുത്ത മഞ്ഞുതുള്ളികളുടെ മൃദുത്വവും, തേന്‍തുള്ളികളുടെ മാധുര്യവും ഒത്തിണങ്ങിയ സ്വരമാധുരിയാല്‍ അനുഗ്രഹീതയായ മലയാളത്തിന്‍റെ വാനമ്പാടിയായ എസ് .ജാനകിയാണ്.20000 ത്തില്‍പരം ഗാനങ്ങള്‍ ആലപിച്ച് ആസ്വാദക മനസ്സുകളില്‍ സംഗീതത്തിന്‍റെ തേന്‍ മഴ പെയ്യിച്ച ഈ ഗായികയെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി.ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡിന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ടു.ഓപ്പോള്‍ എന്ന മലയാള ചിത്രത്തിലെ 'ഏറ്റുമാനൂമ്പലത്തിലെഴുന്നാള്ളത്ത്...' എന്ന ഗാനവും ഇതില്‍ ഉള്‍പ്പെടുന്നു.മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ് നാട് സര്‍ക്കാരിന്‍റെ അവാര്‍ഡ് 7 പ്രാവശ്യവും,ആന്ധ്ര സംസ്ഥാന അവാര്‍ഡ് 10 തവണയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.1957 ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ 'വിധിയില്‍ വിളയാട്ട്‌' എന്ന തമിഴ് പടത്തിലായിരുന്നു അവരുടെ ചലച്ചിത്ര ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം.തുടര്‍ന്ന് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും ഹിന്ദി,ബംഗാളി,ഒറിയ,സംസ്കൃതം,കൊങ്ങിണി,തുളു,ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും എസ് .ജാനകി ഗാനങ്ങള്‍ ആലപിച്ചു.1938 ഏപ്രില്‍ 23 ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലായിരുന്നു ജനനം.മൂന്നാമത്തെ വയസ്സില്‍ തന്നെ സംഗീതത്തോട്‌ ആഭിമുഖ്യം കിണിച്ചിരുന്ന ജാനകി പത്താമത്തെ വയസ്സ് മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി.തന്‍റെ അമ്മാവനായ ഡോ .ചന്ദ്രശേഖറിന്‍റെ പ്രോത്സാഹനവും അവര്‍ക്ക് കിട്ടി.അമ്മാവന്‍റെ നിര്‍ദ്ദേശമനുസരിച്ച് സംഗീതം പഠിയ്ക്കാന്‍ മദ്രാസിലേക്ക് പോയത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.ആകാശവാണിയുടെ സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് അവരുടെ പ്രസിദ്ധി വര്‍ദ്ധിപ്പിച്ചു.വൈകാതെ എ വി എം സ്റ്റുഡിയോവില്‍ ജോലിയും ലഭിച്ചു.ഭര്‍ത്താവായ രാമപ്രസാദിന്‍റെ മരണത്തെ തുടര്‍ന്ന് അവര്‍ സിനിമാരംഗത്ത്‌ നിന്നും പിന്മാറുകയായിരുന്നു.കൂടുതല്‍ സമയവും പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിക്കുന്ന ജാനകി ഭക്തിഗാന കാസറ്റുകളില്‍ പാടാറുണ്ട്.