2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഓര്‍ക്കുക നാമെപ്പോഴും പി.ഭാസ്കരനെ






മലയാളികള്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല സിനിമാഗാനങ്ങള്‍ സമ്മാനിച്ച ജനകീയ കവിയും ഗാന രചയിതാവും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന പി ഭാസ്കരന്‍ നമ്മെ പിരിഞ്ഞിട്ട് ഈ ഫിബ്രവരി 25 ന് മൂന്നു വര്‍ഷം തികയുന്നു.2007 ഫിബ്രവരി 25 നായിരുന്നു ഭാസ്കരന്‍ മാസ്റ്റര്‍ അന്തരിച്ചത്‌.ഈ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.പഴയ തിരു-കൊച്ചിയില്‍ പെട്ട കൊടുങ്ങല്ലൂരിലാണ് കവിയുടെ ജനനം.കുട്ടിക്കാലം മുതല്‍ക്കേ കവിതകള്‍ എഴുതുമായിരുന്നു.വിദ്യാര്‍ഥിജീവിതകാലത്ത് തന്നെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി.ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു രചിച്ച 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിതാസമാഹാരം സര്‍ സിപിയെ പ്രകോപിതനാക്കുകയും പുസ്തകം നിരോധിച്ചത് കൂടാതെ ഭാസ്കരന്‍ മാസ്റ്ററെ നാടുകടത്തുകയും ചെയ്തു.ചെന്നൈയില്‍ എത്തിയ അദ്ദേഹം ജയകേരളം മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായി ചേര്‍ന്നു.അക്കാലത്ത് ആകാശവാണിയിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു.അധികം വൈകാതെ ഭാസ്കരന്‍ മാസ്റ്റര്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ ജോലി സ്വീകരിക്കുകയും ഈ സംഭവം അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു.'അപൂര്‍വ്വ സഹോദരര്‍' എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത്. മലയാളത്തില്‍ അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ച ആദ്യപടം 'ചന്ദ്രിക' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാണ്. രാമു കാര്യാട്ടും ഭാസ്കരന്‍ മാസ്റ്ററും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്‍' എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയായിരുന്നു. ആകാശവാണിയിലെ അക്കാലത്തെ തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രശസ്ത സംഗീതജ്ഞന്‍ കെ രാഘവന്‍ മാസ്റ്റര്‍ ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നാടന്‍ പാട്ടുകളുടെ ശീലുകള്‍ക്കൊത്ത ഈണങ്ങള്‍ നല്‍കിയപ്പോള്‍ ആസ്വാദകര്‍ ആ ഗാനങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് വെക്കുകയായിരുന്നു.രാഘവന്‍ മാസ്റ്റര്‍ ആലപിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍....'എന്ന് ആരംഭിക്കുന്ന പാട്ടും,കോഴിക്കോട് അബ്ദുല്‍ഖാദര്‍ അനശ്വരമാക്കിയ 'എങ്ങിനെ നീ മറക്കും...?' എന്ന് തുടങ്ങുന്ന ഗാനവും വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും മലയാളി മനസ്സുകളില്‍ മായാതെ നില്‍ക്കുന്നവയാണ്.അന്ന് ദേശീയ പുരസ്കാരം ലഭിച്ച 'നീലക്കുയില്‍' എന്ന ചിത്രത്തില്‍ ഭാസ്കരന്‍ മാസ്റ്റര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.ചലച്ചിത്ര ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഭാസ്കരന്‍ മാസ്റ്റര്‍ അനേകം അവാര്‍ഡുകളും സ്വന്തമാക്കി.ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍,ഏഷ്യാനെറ്റ്‌ ചാനലിന്റെ പ്രഥമ അധ്യക്ഷന്‍,ദേശാഭിമാനി പത്രാധിപര്‍ എന്നീ നിലകിളെല്ലാം പ്രവര്‍ത്തിച്ച ഭാസ്കരന്‍ മാസ്റ്ററെ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്നതാണ്.