2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

പ്രിയ ഗായിക പി.ലീലയ്ക്ക് പ്രണാമം

തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ അയ്യായിരത്തിലേറെ ഗാനങ്ങളാലലപിച്ച പ്രിയ ഗായിക പി.ലീല ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുന്നു.മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുഗ്തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ഹിന്ദി,ബംഗാളി,സിംഹള ഭാഷകളിലും അവര്‍ തന്‍റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.കര്‍ണ്ണാടകസംഗീതത്തിലും പ്രാവീണ്യം തെളിയിച്ച ഗായിക എം എസ് സുബ്ബലക്ഷ്മി,എം എല്‍ വസന്തകുമാരി,ഡി കെ പട്ടാംബാള്‍ മുതലായ സംഗീതപ്രതിഭകളുടെ സമകാലീനയായിരുന്നു.1934 ഫിബ്രവരി 21 ന് പഴയ ബ്രിട്ടീഷ് ഇന്ത്യയില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ വി കെ കുഞ്ഞന്‍ മേനോന്റെയും പൊറയത്ത് മീനാക്ഷിയമ്മയുടെയും മൂന്നു പുത്രിമാരില്‍ ഇളയവളായി പി ലീല ജനിച്ചു.തന്‍റെ ഇളയ പുത്രിയെ സംഗീതജ്ഞയാക്കണമെന്നത് സംഗീതാരാധകന്‍ കൂടിയായ പിതാവിന്റെ ജീവിതാഭിലാഷമായിരുന്നു.ത്രിഭുവനം മണി അയ്യരുടെ ശിഷ്യയായാണ് ലീല സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ലീലയുടെ പിതാവ് വി കെ മേനോന്റെ സ്നേഹിതനായിരുന്ന വടക്കാഞ്ചേരി രാമഭാഗവതരുടെ നിര്‍ദ്ദേശപ്രകാരം സംഗീതാഭ്യസനത്തിന് വേണ്ടി 1944 ല്‍ പിതാവിനോടൊപ്പം മദ്രാസില്‍ എത്തി.എറണാകുളത്തെ അദ്ധ്യാപകജോലി ഉപേക്ഷിച്ചാണ് മേനോന്‍ മകളുടെ കൂടെ മദ്രാസില്‍ പോയത്.തുടര്‍ന്ന് രാമഭാഗവതരുടെ വീട്ടില്‍ താമസിച്ച് ഗുരുകുല സമ്പ്രദായത്തില്‍ പഠനം പൂര്‍ത്തിയാക്കി.സുപ്രസിദ്ധ സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യത്വം അവര്‍ സ്വീകരിച്ചിരുന്നു.അക്കാലത്ത് ചെമ്പൈ,അരിയക്കുടി രാമാനുജം,ജി എന്‍ ബാലസുബ്രമണ്യം തുടങ്ങിയവരുടെ കച്ചേരികള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നു.ഈ കച്ചേരികള്‍ തന്‍റെ സംഗീത സപര്യയെ സ്വാധീനിച്ചതായി അവര്‍ വെളിപ്പെടുത്തുകയുണ്ടായി.സംഗീത പഠനം പൂര്‍ത്തീകരിച്ച ഉടനെ കൊളംബിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു.ചലച്ചിത്ര ലോകത്തിലേക്കുള്ള അരങ്ങേറ്റം 'കങ്കണം' എന്ന തമിഴ് സിനിമയില്‍ 'ശ്രീ വരലക്ഷ്മി' എന്ന് തുടങ്ങുന്ന ഗാനത്തോടെയായിരുന്നു.മലയാളത്തില്‍ ആദ്യമായി പാടിയത് 1948 ല്‍ പുറത്തിറങ്ങിയ 'നിര്‍മ്മല' എന്ന പടത്തിലെ 'പാടുക പൂങ്കുയിലേ...' എന്ന ഗാനമാണ്.1949 മുതല്‍ തെലുഗ് ചിത്രങ്ങളിലും പാടിത്തുടങ്ങി.അക്കാലത്ത് അവര്‍ അനേകം സംഗീതകച്ചേരികളും നടത്തി.ഈ കാലയളവില്‍ അനേകം ബഹുമതികളും പുരസ്കാരങ്ങളും ലീലയെ തേടിയെത്തി.1969 ല്‍ 'കടല്‍പ്പാലം' എന്ന സിനിമയില്‍ പാടിയ 'ഉജ്ജയിനിയിലെ ഗായിക...'എന്ന് തുടങ്ങുന്ന ഗാനത്തിന് ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.1992 ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമണി' പുരസ്ക്കാരം,2003 ല്‍ 'ജന്മാഷ്ടമി' അവാര്‍ഡ്,2006 ല്‍ മരണാനന്തര ബഹുമതിയായി ഭാരത സര്‍ക്കാരിന്റെ 'പദ്മഭൂഷണ്‍' മുതലായവ അവര്‍ക്ക് ലഭിച്ച അവാര്‍ഡുകളില്‍ ചിലത് മാത്രമാണ്.ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല നിരവധി ഭക്തിഗാനങ്ങളും പി ലീല ആലപിച്ചിട്ടുണ്ട്.നാരായണീയം,ജ്ഞാനപ്പാന,ഹരിനാമകീര്‍ത്തനം എന്നിവ അവരുടെ മധുരസ്വരത്തില്‍ അനശ്വരമാക്കപ്പെട്ടു.എഴുപത്തിയൊന്നാം വയസ്സില്‍ 2005 ഒക്ടോബര്‍ 31 ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അതോടെ മലയാളത്തിന്‍റെ ആ പൂങ്കുയില്‍ നാദം നിലച്ചു.ഈ ചരമ വാര്‍ഷികത്തില്‍ പ്രിയ ഗായികയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.