2010, ഏപ്രിൽ 24, ശനിയാഴ്‌ച

പടപ്പാട്ടുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വേരുറപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ച കെ പി എ സി യുടെ നാടകങ്ങളെയും, അവയിലെ ഇമ്പമാര്‍ന്ന ഗാനങ്ങളേയും കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നല്ലോ.പഴയ മലബാറിന്റെ ഭാഗമായിരുന്ന കുറുംബ്രനാട് പ്രദേശത്ത് സ്വാതന്ത്ര്യസമര കാലഘട്ടത്തിലും തുടര്‍ന്ന് എണ്ണമറ്റ സമരപോരാട്ടങ്ങളിലും ഊര്‍ജ്ജം പകര്‍ന്ന പടപ്പാട്ടുകള്‍ പാടിപ്പതിഞ്ഞ പാട്ടുകളായി ഇവിടെ പുനര്‍ജ്ജനിക്കുകയാണ്.ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തി വാണിരുന്ന ആ കാലഘട്ടത്തില്‍ ദേശീയ വിമോചനപ്രസ്ഥാനത്തോടൊപ്പം തൊഴിലാളി കാര്‍ഷക പ്രസ്ഥാനങ്ങളും ഇവിടെ വളര്‍ന്നു.ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ സഹന സമരവും,തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി രൂപം കൊണ്ടപ്പോള്‍ നാട്ടിലെങ്ങും അനീതിക്കെതിരെ അലയടിച്ചുയര്‍ന്ന സമരാവേശവും ഭരണാധികാരിവര്‍ഗ്ഗത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.അവര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.പോലീസും ജന്മിമാരുടെ ഗുണ്ടകളും ചേര്‍ന്ന് സമരസഖാക്കളെ പല സ്ഥലങ്ങളിലും അടിച്ചൊതുക്കാന്‍ ശ്രമിച്ചു.ഇവയിലൊന്നും പതറാതെ ന്യായമായ കൂലിക്ക് വേണ്ടി തൊഴിലാളികളും,അന്തിയുറങ്ങാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരും തളരാതെ സമരമുഖങ്ങളില്‍ അടിയുറച്ചു നിന്നു. അന്തിമ വിജയം തങ്ങള്‍ക്കായിരിക്കുമെന്നു ആ സമരസഖാക്കള്‍ക്ക് അറിയാമായിരുന്നു. വടകരയില്‍ നടന്ന അനേകം തൊഴില്‍ സമരങ്ങള്‍ക്കും, 'ചത്താലും ചെത്തും കൂത്താളി 'എന്ന മുദ്രാവാക്യവുമായി പേരാമ്പ്രയില്‍ അലയടിച്ചുയര്‍ന്ന ഐതിഹാസികമായ കര്‍ഷകസമരത്തിനും ആവേശം പകരാന്‍ സമരഭാടന്മാര്‍ തന്നെ നിമിഷ കവികളാവുകയും പടപ്പാട്ടുകള്‍ രചിച്ച് പാടി നടക്കുകയും ചെയ്തു. കേരളീയനും എം കുമാരന്‍ മാസ്റ്ററും അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഏറെ കവികളും അന്ന് പ്രസ്ഥാനതോടൊപ്പം നിന്ന് രചനകള്‍ നിര്‍വ്വഹിച്ചിരുന്നു.സി എച്ച് കണാരനും എം കെ കേളുവേട്ടനും ഉള്‍പ്പടെയുള്ള ജനനേതാക്കള്‍ നയിച്ച പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ലോകത്തെങ്ങുമുള്ള തൊഴിലാളി വര്‍ഗ്ഗം ഒരിക്കല്‍ കൂടി മെയ്ദിനം ആഘോഷിക്കാന്‍ ഒരുക്കം കൂട്ടുമ്പോള്‍ ആ പഴയ പടപ്പാട്ടുകള്‍ നമുക്ക് പരിചയപ്പെടാം.