2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങള്‍

മുസ്ലിം സാമൂഹ്യകഥകളെ അധികരിച്ച് അമ്പതുകളിലും അറുപതുകളിലും പുറത്തിറങ്ങിയ ഉമ്മ,കുട്ടിക്കുപ്പായം,കൂടപ്പിറപ്പ്,കണ്ടം വെച്ച കോട്ട് ,മൂടുപടം,സുബൈദ,ഉമ്മാച്ചു തുടങ്ങിയ മലയാള സിനിമകളെ ചലച്ചിത്ര പ്രേമികള്‍ക്ക് പ്രിയംകരമാക്കിയത് ആ പടങ്ങളിലെ ഇമ്പമാര്‍ന്ന മാപ്പിള ഗാനങ്ങളായിരുന്നു.നീലക്കുയില്‍ എന്ന പ്രശസ്ത ചിത്രത്തിന് വേണ്ടി പി .ഭാസ്കരന്‍ രചിച്ച് കെ .രാഘവന്‍ ഈണം നല്‍കി അദ്ദേഹം തന്നെ ആലപിച്ച 'കായലരികത്ത്....'എന്ന് തുടങ്ങുന്ന മനോഹര ഗാനം ഇതിനകം ആസ്വാദകമാനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു.ചലച്ചിത്ര ഗാന രംഗത്തേക്ക് എം എസ് ബാബുരാജിന്റെ വരവോടു കൂടി ഈ ഇനത്തില്‍ പെട്ട ഇമ്പമാര്‍ന്ന എത്രയോ ഗാനങ്ങള്‍ മലയാള സിനിമകള്‍ക്ക്‌ ജനപ്രീതി നേടിക്കൊടുത്തു. ബാബുക്ക സംഗീതം നല്‍കിയ മാപ്പിളഗാനങ്ങള്‍ മലയാള ചലച്ചിത്രാസ്വാദകരില്‍ ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.ഉമ്മക്കും ബാപ്പക്കും...,വെളുക്കുമ്പം കുളിക്കുവാന്‍...,കദളിവാഴ കയ്യിലിരുന്നു...,കല്യാണ രാത്രിയില്‍...,ഒരുകൊട്ട പൊന്നുണ്ടല്ലോ...എന്നീ ഗാനങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.പ്രേമഗാനങ്ങളും, ഒപ്പന പാട്ടുകളും ,തമാശ ഗാനങ്ങളും മാത്രമല്ല,'പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്',
കല്‍പ്പക തോപ്പന്യനൊരുവന് പതിച്ചു നല്‍കി...മുതലായ ശോകഗാനങ്ങളും ഹിറ്റുകളായി മാറി.പില്‍ക്കാലത്ത്‌ മാപ്പിളഗാന രചനയില്‍ ഒരു പുതിയ പാത വെട്ടിത്തുറന്ന പി ടി അബ്ദുറഹിമാന്‍ രചന നിര്‍വ്വഹിച്ച് വി ടി മുരളി പാടിയ' ഓത്തു പള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം...'തുടങ്ങിയ പാട്ടുകള്‍ ഇന്നും സംഗീതപ്രേമികള്‍ ചുണ്ടില്‍ സൂക്ഷിക്കുന്നവയാണ്.അഛനും ബാപ്പയും,തുറക്കാത്ത വാതില്‍,കടല്‍പ്പാലം,മണിയറ,അങ്ങാടി മുതലായ ചിത്രങ്ങളും അതിലെ മാപ്പിളഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്.പഴയ കാല ചലച്ചിത്ര പ്രവര്‍ത്തകരായ രാമു കാര്യാട്ട്‌,പി ഭാസ്കരന്‍,ടി ഇ വാസുദേവന്‍,എം കൃഷ്ണന്‍ നായര്‍ എന്നിവര്‍ മാത്രമല്ല പുതു തലമുറയില്‍ പെട്ട പി ടി കുഞ്ഞിമുഹമ്മദും ആര്യാടന്‍ ഷൌക്കത്തും സംവിധാനം ചെയ്ത പടങ്ങളിലെ ഗാനങ്ങളും ഹിറ്റുകളായി.പരദേശി,ദൈവനാമത്തില്‍,പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങളിലും കേട്ടാലും കേട്ടാലും മതി വരാത്ത മാപ്പിള ഗാനങ്ങള്‍ ഉണ്ട്.ഈ കുറിപ്പ് ഒരു സൂചികയുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതല്ല.അതുകൊണ്ട് വസ്തുതകളും പേരുകളും വിട്ടു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.