2011, ഒക്‌ടോബർ 13, വ്യാഴാഴ്‌ച

പാടി തീരാത്ത പാട്ടുമായ് ജഗ്ജിത് സിംഗ് യാത്രയായ്..!








സുപ്രസിദ്ധ ഗസല്‍ഗായകന്‍ ജഗ്ജിത് സിംഗിന്റെ വേര്‍പാട് ആകസ്മികമായിരുന്നു.ആസ്വാദകമനസ്സുകളില്‍ പ്രണയവും വിരഹവും ശോകവും ഇഴചേര്‍ന്ന ഗസലുകളിലൂടെ സംഗീതമഴ പെയ്യിച്ച ആ ഗാനഗന്ധര്‍വന്‍ ഓര്‍ക്കാപ്പുറത്ത് ഓര്‍മ്മയായി മാറി.പാടിതീരാത്ത ഒരു പാട്ടുപോലെ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ജഗ്ജിത് സിംഗിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ അന്ത്യാഞ്ജലികള്‍ അര്‍പ്പിക്കട്ടെ..!തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് മുംബയിലെ ലീലാവതി ആശുപത്രിയില്‍ വെച്ച് തിങ്കളാഴ്ച അന്തരിച്ച ജഗ്ജിത് സിംഗിന് 70 വയസ്സുണ്ടായിരുന്നു.1941 ഫിബ്രവരി 8 ന് രാജസ്ഥാനിലെ ഗംഗാനഗര്‍ എന്ന സ്ഥലത്ത് അമര്‍സിംഗ് ദാമന്റെയും ബച്ചന്‍ കൌറിന്റെയും മകനായി ജനിച്ച ജഗ്ജിത് കുട്ടിക്കാലം മുതല്‍ക്കേ സംഗീതത്തില്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു. പണ്ഡിറ്റ്‌ ചംഗന്‍ലാല്‍ ശര്‍മയുടെയും,ഉസ്താദ് ജമാല്‍ ഖാന്റെയും കീഴില്‍ അദ്ദേഹം സംഗീതം അഭ്യസിച്ചു.1965 ല്‍ മുംബയില്‍ എത്തിയ അദ്ദേഹം തുടക്കത്തില്‍ പരസ്യങ്ങള്‍ക്ക് വേണ്ടി പാട്ടുകള്‍ പാടിയും,കല്യാണപാര്‍ട്ടികളില്‍ സംഗീത സദസ്സുകകള്‍ നടത്തിയുമാണ് ജീവിക്കാനുള്ള വഴി കണ്ടെത്തിയത്.ഇതിനിടെ സിനിമാ നിര്‍മ്മാതാവായ സുരേഷ് അമാനെ പരിചയപ്പെട്ടത്‌ ജഗ്ജിതിനെ ചലച്ചിത്രലോകത്ത് എത്തിച്ചു.ഒരു ഗുജറാത്തി ചിത്രത്തിലാണ് ആദ്യമായി പാടാന്‍ അവസരം ലഭിച്ചത്.ചില ചിത്രങ്ങളില്‍ സംഗീത സംവിധായകനായും പ്രവര്‍ത്തിച്ചു.പഞ്ചാബി,ഹിന്ദി,ഉര്‍ദു,ഗുജറാത്തി,സിന്ധി,നേപ്പാളി എന്നീ ഭാഷകളില്‍ അദ്ദേഹം ഗാനങ്ങള്‍ അവതരിപ്പിച്ചു.അക്കാലത്ത് ഏറെ പ്രശസ്തരായ ബീഗം അക്തര്‍,മെഹ്ദി ഹസ്സന്‍ എന്നിവരുടെ സ്വാധീനത്തില്‍ ജഗ്ജിത് സിംഗ് ഗസല്‍ ഗായകനായി മാറി.1969 ല്‍ ഗസല്‍ ഗായിക ചിത്രാ സിംഗിനെ വിവാഹം ചെയ്തു. 1976 ല്‍ പുറത്തിറങ്ങിയ 'ദി അണ്‍ ഫോര്‍ഗെറ്റബിള്‍സ്' എന്ന ആല്‍ബം കൊണ്ട് തന്നെ സംഗീതപ്രേമികളുടെ മനസ്സില്‍ ഇടം നേടിയ ഈ ഗായകദമ്പതിമാര്‍ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.തുടര്‍ന്ന് പുറത്തിറങ്ങിയ 'ക്ലോസ് ടു മൈ ഹാര്‍ട്ട്‌സ്',' സം വണ്‍ സം വേര്‍',' ടുഗതര്‍' എന്നിവ സൂപ്പര്‍ ഹിറ്റുകളായി മാറിയ ആല്‍ബങ്ങളില്‍ ചിലത് മാത്രം.അന്നേവരെ ഗസല്‍ രംഗം അടക്കിവാണിരുന്ന പല പ്രമുഖരെയും പിന്തള്ളി ജഗ്ജിത് സിംഗ് തന്റെ ജൈത്രയാത്ര തുടരുകയായിരുന്നു. ഗസലുകളില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായാണ് അദ്ദേഹം കടന്നുവന്നത്.ഉപകരണങ്ങളുടെ ഉപയോഗത്തിലും ആലാപന ശൈലിയിലും ജഗ്ജിത് ഒരു പുതിയ പാത വെട്ടിത്തുറന്നു.വരേണ്യ വര്‍ഗ്ഗത്തിന് മാത്രം ആസ്വദിക്കാനുള്ളതാണ് ഗസല്‍ എന്ന ധാരണ തിരുത്തി ഗസലുകളെ ജനകീയമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.പാശ്ചാത്യസംഗീതോപകരണങ്ങള്‍ ഉപയോഗിക്കുമ്പോഴും ആലാപനത്തില്‍ അദ്ദേഹം ഹിന്ദുസ്ഥാനി ശൈലി മുറുകെ പിടിച്ചു.ഗായകര്‍ക്കിടയിലെ മനുഷ്യസ്നേഹിയായ ഒരു വലിയ മനുഷ്യനായിരുന്നു ജഗ്ജിത് സിംഗ്.കറാച്ചിയില്‍ നടത്തിയ ഒരു ഗാനമേളയില്‍ നിന്നും ലഭിച്ച 15 ലക്ഷം രൂപ പ്രശസ്ത ഗസല്‍ ഗായകന്‍ മെഹ്ദി ഹസ്സന്റെ ചികിത്സാചെലവുകള്‍ക്കായി അദ്ദേഹം മാറ്റി വെച്ചത് ഒരുദാഹരണം മാത്രം.ആരാധകര്‍ 'ഗസല്‍ രാജാവ്'എന്ന് വിളിച്ചു ആദരിക്കുന്ന ഈ അനശ്വരഗായകന് 2003 ല്‍ പദ്മഭൂഷന്‍ ബഹുമതി നല്‍കി രാഷ്ട്രം ആദരിച്ചു.തന്റെ പുത്രന്‍ അപകടത്തില്‍ മരണപ്പെട്ടത് ജഗ്ജിത് സിംഗിനെ തളര്‍ത്തിയ ഒരു സംഭവമായിരുന്നു.ഇപ്പോള്‍ സംഗീതപ്രേമികളെ തീരാദുഃഖത്തില്‍ ആഴ്ത്തി ആ മധുരശബ്ദവും നിലച്ചിരിക്കുന്നു..!ജഗ്ജിത് സിംഗിന് ആദരാന്ജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: