2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഇളയരാജയുടെ ദേവസംഗീതം മലയാള സിനിമകളില്‍




സംഗീതം ദൈവീകമാണ്‌.ഉദാത്തമായ സംഗീതത്തെ നമുക്ക് ദേവസംഗീതം എന്ന് വിളിക്കാം.പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ മലയാള സിനിമകള്‍ക്ക്‌ വേണ്ടി സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളധികവും ദേവസംഗീതത്തിന്റെ ഗണത്തില്‍ പെടുത്താം.പാശ്ചാത്യ സംഗീതോപകരണങ്ങളും നാടന്‍ ശീലുകളും സമന്വയിപ്പിച്ച് അദ്ദേഹം ഈണം നല്‍കിയ പാട്ടുകള്‍ എന്നും മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മധുര ഗീതങ്ങള്‍ ഇളയരാജ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ തേനി ജില്ലയില്‍ പന്നൈപുരത്ത് രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മകനായി 1943 ജൂണ്‍ 2 നാണ് അദ്ദേഹം ജനിച്ചത്‌.ഡാനിയല്‍ രാസയ്യ എന്നാണു യഥാര്‍ത്ഥ പേര്.തമിഴകത്തെ നാടന്‍ ശീലുകള്‍ കേട്ട് വളര്‍ന്നു വന്ന അദ്ദേഹം പതിനാലാമത്തെ വയസ്സ് മുതല്‍ ഗാനമേളകളില്‍ പാടാന്‍ തുടങ്ങി.ഗിറ്റാര്‍,കീബോര്‍ഡ്,ഹാര്‍മ്മോണിയം,പിയാനോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം നൈപുണ്യം നേടി.തമിഴ്,മലയാളം,കന്നഡ,തെലുഗ്,ഹിന്ദി എന്നീ ഭാഷകളില്‍ 800 ഓളം ചിത്രങ്ങളില്‍ 4000 ത്തില്‍ പരം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു.1976 ല്‍ പുറത്തിറങ്ങിയ 'അന്നക്കിളി' യാണ് ആദ്യചിത്രം.അന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുന്നു.മൂന്നാം പക്കം,ഫ്രണ്ട്സ്,ഇന്നത്തെ ചിന്താ വിഷയം,രസതന്ത്രം,മനസ്സിനക്കരെ,പഴശ്ശിരാജ എന്നിവ ഇളയരാജ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച നിരവധി പടങ്ങളില്‍ ചിലത് മാത്രം.സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നാല് തവണ അദ്ദേഹം നേടി.കേരളം,തമിഴ് നാട്,മധ്യപ്രദേശ് സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ ഉള്‍പ്പടെ മറ്റനേകം അവാര്‍ഡുകളും ആ സംഗീത പ്രതിഭയെ തേടിയെത്തി.ഭാരതസര്‍ക്കാരിന്റെ പദ്മഭൂഷന്‍ ബഹുമതിയും ഇളയരാജയ്ക്ക് ലഭിച്ചു.