മലയാള ചലച്ചിത്ര ശാഖയില്‍ എഴുതപ്പെട്ട പാട്ടുകളുടെ എണ്ണത്തെക്കാള്‍ അവയുടെ ശില്പഭംഗിയാല്‍ ശ്രദ്ധിക്കപ്പെട്ട ഗാന രചയിതാവാണ് പ്രശസ്ത കവി യൂസഫലി കേച്ചേരി.അദ്ദേഹത്തിന്റെ രചനകളിലെ പദ ലാളിത്യവും ശബ്ദ സൌകുമാര്യവും സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.ഗസല്‍ ശൈലിയില്‍ രചിക്കപ്പെട്ട ആ ഭാവഗാനങ്ങള്‍ ആസ്വാദക മനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.ഇവ മലയാളി മനസ്സുകളിലേക്ക് ഇശല്‍ തേന്‍ കണങ്ങളായി പെയ്തിറങ്ങുകയായിരുന്നു.1934 മെയ് 16 നു തൃശ്ശൂര്‍ ജില്ലയില്‍ പെട്ട കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി യൂസഫലി ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥകാരനുമായ എ വി അഹമ്മദ് മൂത്ത സഹോദരനായിരുന്നു.ഇദ്ദേഹത്തിന്റെ പ്രോത്സാഹനം സാഹിത്യ പ്രവര്‍ത്തനം നടത്തുന്നതിനു യൂസഫലിക്ക് വേണ്ടുവോളം ലഭിച്ചു.സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് മുതല്‍ സംസ്കൃതത്തില്‍ താല്പര്യം കാണിച്ചിരുന്ന യൂസഫലി,തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ബിരുദ പഠനം നടത്തുമ്പോള്‍ പ്രശസ്ത സംകൃത പണ്ഡിതന്‍ കെ പി നാരായണപ്പിഷാരടിയുടെ ശിഷ്യത്വം സീകരിച്ചു.1954 ല്‍മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച 'കൃതാര്‍ത്ഥന്‍ ഞാന്‍' എന്ന കവിതയുമായി യൂസഫലി സാഹിത്യ ലോകത്തിലേക്ക് അരങ്ങേറ്റം നടത്തി. മാതൃഭൂമി ആഴ്ചപതിപ്പിന്റെ അന്നത്തെ പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയരുടെ നിസ്സീമമായ സഹകരണവും ആ കൊച്ചു കവിക്ക് താങ്ങായി തീര്‍ന്നു.ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 'സൈനബ' എന്ന കൃതിയാണ്.തുടര്‍ന്ന് 'ആയിരം നാവുള്ള മൌന'വും മറ്റു കൃതികളും പ്രകാശനം ചെയ്യപ്പെട്ടു.1962 ല്‍ രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന സിനിമയിലെ 'മയിലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി...'എന്ന ആദ്യ ഗാനം തന്നെ ഹിറ്റായി മാറി.ഈ ഗാനത്തിന്റെ സംഗീതം എം എസ് ബാബുരാജിന്റെതായിരുന്നു.തുടര്‍ന്നു നൂറിലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിക്കുകയും മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 'സിന്ദൂര ചെപ്പ്' എന്ന സിനിമയുടെ തിരക്കഥ എഴുതുകയും ചെയ്തു.കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച കവിയെ തേടി അനേകം അവാര്‍ഡുകളുമെത്തി.2000 ല്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ 'മഴ' എന്ന ചിത്രത്തിലെ 'ഗേയം ഹരിനാമധേയം'എന്ന് തുടങ്ങുന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ്,ആശാന്‍ പ്രൈസ്,ചങ്ങമ്പുഴ അവാര്‍ഡ് എന്നിവ യൂസഫലിക്ക് ലഭിച്ച പുരസ്ക്കാരങ്ങളില്‍ ചിലത് മാത്രം.യൂസഫലിയുടെ കാവ്യസപര്യ ഇന്നും അഭംഗുരം തുടരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ