2011, ജൂൺ 6, തിങ്കളാഴ്‌ച

ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സംഗീതസാമ്രാജ്യം

മലയാളത്തില്‍ ഗസലുകള്‍ ആലപിച്ച് തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.മലയാളം ഗസലുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ പേരാണ്.കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകനായി മാറിയ യഥാര്‍ത്ഥ പേര് പി എ ഇബ്രാഹിം എന്നാണ്‌.ചലച്ചിത്ര സംവിധായകന്‍ ജോണ്‍ അബ്രഹാം ആണ് അദ്ദേഹത്തിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഉമ്പായി എന്ന പേര് നല്‍കിയത്.കുട്ടിക്കാലം മുതല്‍ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വീട്ടില്‍ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല.എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഉമ്പായി തബല വായിക്കാന്‍ പഠിച്ചു.തബല വായിക്കാന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാന്‍ തീരുമാനിച്ച് ഹിന്ദുസ്ഥാനി സംഗീതവും മെഹഫിലുകളും കൊണ്ട് സംഗീതസാന്ദ്രമായ മുംബൈ നഗരത്തിലേക്ക് യാത്രയായി.അവിടെ മുജാവര്‍ അലീഖാന്റെ കീഴില്‍ സംഗീതം പഠിച്ചു.തബല വായനക്കിടയില്‍ ഉമ്പായി പാടിയ പാട്ട് കേള്‍ക്കാന്‍ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്.ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഉമ്പായി പിന്നെ തന്റെ കര്‍മ്മരംഗമായി തിരഞ്ഞെടുത്തത് കൊച്ചിയാണ്.സ്നേഹിതനായ ചലച്ചിത്ര പിന്നണി ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തും ജീവിക്കാന്‍ വേണ്ടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടും കഴിഞ്ഞു വന്ന ഉമ്പായി ഒരിക്കല്‍ ദില്ലിയില്‍ ഒരു ഗാനസദസ്സില്‍ ഹിന്ദി,ഉര്‍ദു ഗാനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി.മലയാളത്തില്‍ എന്തുകൊണ്ട് ഗസലുകള്‍ ആയിക്കൂടാ?എന്ന് ഈ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന്‌ ശേഷമാണ്.നിലാവും തണുപ്പും ഇഴുകി ചേര്‍ന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാണപ്രേയസിയെ കുറിച്ച് നൊമ്പരപ്പെടുന്ന ഗസലുകള്‍ മലയാളത്തിലേക്ക് പറിച്ചു നട്ടതില്‍ ഉമ്പായിക്ക് അഭിമാനിക്കാം.മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എന്‍ വി ,യൂസഫലി കേച്ചേരി,സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ ആസ്വാദകലോകം ഏറ്റുവാങ്ങി.പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്.മലയാളത്തില്‍ പ്രണാമം,ഗസല്‍മാല,പാടുക സൈഗാള്‍ പാടൂ,അകലെ മൌനം പോല്‍,നന്ദി പ്രിയസഖി നന്ദി,ഒരിക്കല്‍ നീ പറഞ്ഞു,ഇതുവരെ സഖീ നിന്നെ കാത്തിരുന്നു,മധുരമീ ഗാനം,ഹൃദയരാഗം,ഒരുമുഖം മാത്രം എന്നീ ആല്‍ബങ്ങലെല്ലാം മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നവയാണ്.ഇന്നും സംഗീത ലോകത്ത് നിറഞ്ഞ സാന്നിധ്യമായി ഉമ്പായി നമ്മോടൊപ്പമുണ്ട്.ഉമ്പായിയുടെ ജീവചരിത്രം ഡി സി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കുന്നു.പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരു പോലെ സംഗീതം പഠിക്കുന്നതിനുള്ള ഒരു വിദ്യാലയം ആരംഭിക്കുക എന്നത് ഉമ്പായിയുടെ ഒരു ആഗ്രഹമാണ്.