2010, ഡിസംബർ 27, തിങ്കളാഴ്‌ച

ഇളയരാജയുടെ ദേവസംഗീതം മലയാള സിനിമകളില്‍




സംഗീതം ദൈവീകമാണ്‌.ഉദാത്തമായ സംഗീതത്തെ നമുക്ക് ദേവസംഗീതം എന്ന് വിളിക്കാം.പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ മലയാള സിനിമകള്‍ക്ക്‌ വേണ്ടി സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളധികവും ദേവസംഗീതത്തിന്റെ ഗണത്തില്‍ പെടുത്താം.പാശ്ചാത്യ സംഗീതോപകരണങ്ങളും നാടന്‍ ശീലുകളും സമന്വയിപ്പിച്ച് അദ്ദേഹം ഈണം നല്‍കിയ പാട്ടുകള്‍ എന്നും മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മധുര ഗീതങ്ങള്‍ ഇളയരാജ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ തേനി ജില്ലയില്‍ പന്നൈപുരത്ത് രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മകനായി 1943 ജൂണ്‍ 2 നാണ് അദ്ദേഹം ജനിച്ചത്‌.ഡാനിയല്‍ രാസയ്യ എന്നാണു യഥാര്‍ത്ഥ പേര്.തമിഴകത്തെ നാടന്‍ ശീലുകള്‍ കേട്ട് വളര്‍ന്നു വന്ന അദ്ദേഹം പതിനാലാമത്തെ വയസ്സ് മുതല്‍ ഗാനമേളകളില്‍ പാടാന്‍ തുടങ്ങി.ഗിറ്റാര്‍,കീബോര്‍ഡ്,ഹാര്‍മ്മോണിയം,പിയാനോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം നൈപുണ്യം നേടി.തമിഴ്,മലയാളം,കന്നഡ,തെലുഗ്,ഹിന്ദി എന്നീ ഭാഷകളില്‍ 800 ഓളം ചിത്രങ്ങളില്‍ 4000 ത്തില്‍ പരം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു.1976 ല്‍ പുറത്തിറങ്ങിയ 'അന്നക്കിളി' യാണ് ആദ്യചിത്രം.അന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുന്നു.മൂന്നാം പക്കം,ഫ്രണ്ട്സ്,ഇന്നത്തെ ചിന്താ വിഷയം,രസതന്ത്രം,മനസ്സിനക്കരെ,പഴശ്ശിരാജ എന്നിവ ഇളയരാജ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച നിരവധി പടങ്ങളില്‍ ചിലത് മാത്രം.സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നാല് തവണ അദ്ദേഹം നേടി.കേരളം,തമിഴ് നാട്,മധ്യപ്രദേശ് സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ ഉള്‍പ്പടെ മറ്റനേകം അവാര്‍ഡുകളും ആ സംഗീത പ്രതിഭയെ തേടിയെത്തി.ഭാരതസര്‍ക്കാരിന്റെ പദ്മഭൂഷന്‍ ബഹുമതിയും ഇളയരാജയ്ക്ക് ലഭിച്ചു.

2010, നവംബർ 28, ഞായറാഴ്‌ച

ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനപ്രപഞ്ചം

പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ വി.ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഏറെ പ്രസിദ്ധങ്ങളും സാധാരണക്കാരായ ആസ്വാദകര്‍ക്ക് പോലും ഹൃദ്യമായി മാറിയവയുമാണ്‌.മലയാളത്തിന് പുറമേ തമിഴ്,ഹിന്ദി പടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.50 വര്‍ഷങ്ങള്‍ കൊണ്ട് 125 സിനിമകളില്‍ 1000 ത്തിലേറെ പാട്ടുകള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.ഇവയില്‍ ഏറിയ പങ്കും ഹിറ്റ് ഗാനങ്ങളായിരുന്നു.ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ദക്ഷിണാമൂര്‍ത്തി സ്വാമി കര്‍ണ്ണാടക സംഗീത ലോകത്ത് സജീവ സാന്നിദ്ധ്യമായി തുടരുന്നു.പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന തിരുവിതാംകൂറിലെ ആലപ്പുഴയില്‍ ഡി.വെങ്കിടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി 1919 ഡിസംബര്‍ 22 ന് വെങ്കിടേശ്വരന്‍ ദക്ഷിണാമൂര്‍ത്തി ജനിച്ചു.അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതായിരുന്നു അദ്ദേഹത്തിന്റെ സംഗീതാഭിരുചി.കുട്ടിക്കാലത്ത് തന്നെ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങള്‍ അവര്‍ മകനെ പഠിപ്പിച്ചിരുന്നു.പത്താം ക്ലാസ് പാസായതിന് ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു തുടങ്ങി.കര്‍ണ്ണാടക സംഗീതത്തില്‍ കൂടുതല്‍ പഠനവും പൂര്‍ത്തിയാക്കി.കുഞ്ചാക്കോയും കോശിയും ചേര്‍ന്ന് കെ & കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച 'നല്ല തങ്ക' എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള രംഗപ്രവേശനം.ഈ പടത്തില്‍ നായകനായി അഭിനയിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു.യേശുദാസും പുത്രന്‍ വിജയ്‌ യേശുദാസും സ്വാമിയുടെ സംഗീത നിര്‍ദ്ദേശത്തില്‍ പാടിയതോടെ മൂന്നു തലമുറകളില്‍ പെട്ട ഗായകര്‍ക്ക് സംഗീതനിര്‍ദ്ദേശം നല്‍കിയ അപൂര്‍വ്വ ബഹുമതിയും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് സ്വന്തമായി.എ ആര്‍ റഹമാന്‍റെ പിതാവ് ആര്‍ കെ ശേഖര്‍ കുറേക്കാലം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്നു.വയലാര്‍-ദേവരാജന്‍,പി .ഭാസ്കരന്‍-ബാബുരാജ് ജോടികളെ പോലെ മലയാള ചലച്ചിത്രസംഗീതത്തില്‍ ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ജോടിയും അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ചു.പി സുശീല,പി ലീല എന്നീ ഗായികമാരും സ്വാമിയുടെ പാട്ടുകള്‍ അനശ്വരമാക്കി.നവലോകം,സീത,വിയര്‍പ്പിന്റെ വില,ശ്രീ ഗുരുവായൂരപ്പന്‍,,മിഴികള്‍ സാക്ഷി എന്നീ പടങ്ങള്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച പടങ്ങളില്‍ ചിലത് മാത്രം. അനേകം അവാര്‍ഡുകളും സ്വാമിയെ തേടിയെത്തി.1971 ല്‍ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ്,1998 ല്‍ സംഗീതത്തിലെ ആയുഷ്കാല സംഭാവനകളെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നല്‍കിയ ജെ സി ഡാനിയല്‍ പുരസ്ക്കാരം,2007 ല്‍ 'സ്വരലയ യേശുദാസ്' അവാര്‍ഡ്,മുതലായവ ഉദാഹരണം മാത്രം. ഏറ്റവും ഒടുവിലായി 2010 ലെ 'രാമാശ്രമം' അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരിക്കുന്നു.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനപ്രപഞ്ചം ഉദാത്തവും അനശ്വരവുമാണ്.നവതി പിന്നിട്ടിട്ടും സംഗീത ലോകത്ത് കര്‍മ്മനിരതനായി വര്‍ത്തിക്കുന്ന ഈ സംഗീതാചാര്യന്റെ മുമ്പില്‍ നമ്രശിരസ്സുമായി നമോവാകങ്ങളര്‍പ്പിക്കുന്നു.


2010, ഒക്‌ടോബർ 31, ഞായറാഴ്‌ച

പ്രിയ ഗായിക പി.ലീലയ്ക്ക് പ്രണാമം

തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ അയ്യായിരത്തിലേറെ ഗാനങ്ങളാലലപിച്ച പ്രിയ ഗായിക പി.ലീല ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുന്നു.മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുഗ്തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ഹിന്ദി,ബംഗാളി,സിംഹള ഭാഷകളിലും അവര്‍ തന്‍റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.കര്‍ണ്ണാടകസംഗീതത്തിലും പ്രാവീണ്യം തെളിയിച്ച ഗായിക എം എസ് സുബ്ബലക്ഷ്മി,എം എല്‍ വസന്തകുമാരി,ഡി കെ പട്ടാംബാള്‍ മുതലായ സംഗീതപ്രതിഭകളുടെ സമകാലീനയായിരുന്നു.1934 ഫിബ്രവരി 21 ന് പഴയ ബ്രിട്ടീഷ് ഇന്ത്യയില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ വി കെ കുഞ്ഞന്‍ മേനോന്റെയും പൊറയത്ത് മീനാക്ഷിയമ്മയുടെയും മൂന്നു പുത്രിമാരില്‍ ഇളയവളായി പി ലീല ജനിച്ചു.തന്‍റെ ഇളയ പുത്രിയെ സംഗീതജ്ഞയാക്കണമെന്നത് സംഗീതാരാധകന്‍ കൂടിയായ പിതാവിന്റെ ജീവിതാഭിലാഷമായിരുന്നു.ത്രിഭുവനം മണി അയ്യരുടെ ശിഷ്യയായാണ് ലീല സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ലീലയുടെ പിതാവ് വി കെ മേനോന്റെ സ്നേഹിതനായിരുന്ന വടക്കാഞ്ചേരി രാമഭാഗവതരുടെ നിര്‍ദ്ദേശപ്രകാരം സംഗീതാഭ്യസനത്തിന് വേണ്ടി 1944 ല്‍ പിതാവിനോടൊപ്പം മദ്രാസില്‍ എത്തി.എറണാകുളത്തെ അദ്ധ്യാപകജോലി ഉപേക്ഷിച്ചാണ് മേനോന്‍ മകളുടെ കൂടെ മദ്രാസില്‍ പോയത്.തുടര്‍ന്ന് രാമഭാഗവതരുടെ വീട്ടില്‍ താമസിച്ച് ഗുരുകുല സമ്പ്രദായത്തില്‍ പഠനം പൂര്‍ത്തിയാക്കി.സുപ്രസിദ്ധ സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യത്വം അവര്‍ സ്വീകരിച്ചിരുന്നു.അക്കാലത്ത് ചെമ്പൈ,അരിയക്കുടി രാമാനുജം,ജി എന്‍ ബാലസുബ്രമണ്യം തുടങ്ങിയവരുടെ കച്ചേരികള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നു.ഈ കച്ചേരികള്‍ തന്‍റെ സംഗീത സപര്യയെ സ്വാധീനിച്ചതായി അവര്‍ വെളിപ്പെടുത്തുകയുണ്ടായി.സംഗീത പഠനം പൂര്‍ത്തീകരിച്ച ഉടനെ കൊളംബിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു.ചലച്ചിത്ര ലോകത്തിലേക്കുള്ള അരങ്ങേറ്റം 'കങ്കണം' എന്ന തമിഴ് സിനിമയില്‍ 'ശ്രീ വരലക്ഷ്മി' എന്ന് തുടങ്ങുന്ന ഗാനത്തോടെയായിരുന്നു.മലയാളത്തില്‍ ആദ്യമായി പാടിയത് 1948 ല്‍ പുറത്തിറങ്ങിയ 'നിര്‍മ്മല' എന്ന പടത്തിലെ 'പാടുക പൂങ്കുയിലേ...' എന്ന ഗാനമാണ്.1949 മുതല്‍ തെലുഗ് ചിത്രങ്ങളിലും പാടിത്തുടങ്ങി.അക്കാലത്ത് അവര്‍ അനേകം സംഗീതകച്ചേരികളും നടത്തി.ഈ കാലയളവില്‍ അനേകം ബഹുമതികളും പുരസ്കാരങ്ങളും ലീലയെ തേടിയെത്തി.1969 ല്‍ 'കടല്‍പ്പാലം' എന്ന സിനിമയില്‍ പാടിയ 'ഉജ്ജയിനിയിലെ ഗായിക...'എന്ന് തുടങ്ങുന്ന ഗാനത്തിന് ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.1992 ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമണി' പുരസ്ക്കാരം,2003 ല്‍ 'ജന്മാഷ്ടമി' അവാര്‍ഡ്,2006 ല്‍ മരണാനന്തര ബഹുമതിയായി ഭാരത സര്‍ക്കാരിന്റെ 'പദ്മഭൂഷണ്‍' മുതലായവ അവര്‍ക്ക് ലഭിച്ച അവാര്‍ഡുകളില്‍ ചിലത് മാത്രമാണ്.ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല നിരവധി ഭക്തിഗാനങ്ങളും പി ലീല ആലപിച്ചിട്ടുണ്ട്.നാരായണീയം,ജ്ഞാനപ്പാന,ഹരിനാമകീര്‍ത്തനം എന്നിവ അവരുടെ മധുരസ്വരത്തില്‍ അനശ്വരമാക്കപ്പെട്ടു.എഴുപത്തിയൊന്നാം വയസ്സില്‍ 2005 ഒക്ടോബര്‍ 31 ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അതോടെ മലയാളത്തിന്‍റെ ആ പൂങ്കുയില്‍ നാദം നിലച്ചു.ഈ ചരമ വാര്‍ഷികത്തില്‍ പ്രിയ ഗായികയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.


2010, സെപ്റ്റംബർ 12, ഞായറാഴ്‌ച

കെ.പി.ഉദയഭാനു-മലയാളികളുടെ മനം കവര്‍ന്ന ഗായകന്‍

ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് കെ.പി.ഉദയഭാനു.1936 ജൂണ്‍ 6 ന് പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍ എസ് വര്‍മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ചു.സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന മഹാനായ കെ പി കേശവമേനോന്റെ മരുമകന്‍ കൂടിയാണ് ഉദയഭാനു.പിതാവ് സിംഗപ്പൂരില്‍ ബിസിനസ്സ്കാരനായിരുന്നത് കൊണ്ട് കുട്ടിക്കാലം അവിടെയാണ് ചെലവഴിച്ചത്‌.ഏഴാമത്തെ വയസ്സില്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് 1944 ല്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.മറ്റൊരു അമ്മാവനായ കെ പി അപ്പുക്കുട്ടമേനോന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്‌.പാലക്കാട് കല്‍പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിച്ചു.പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് മണി അയ്യരുടെയും എം ഡി രാമനാഥന്‍റേയും ശിഷ്യത്വം ലഭിക്കാന്‍ ഭാഗ്യമുണ്ടായി.ക്ലാസ്സിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം ഒട്ടും കുറവല്ലാതിരുന്നിട്ടും ലളിതസംഗീതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.1955 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൌണ്‍സറായി ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് പ്രമുഖ സാഹിത്യ-സംഗീത-ചലച്ചിത്ര പ്രതിഭകളായ ഉറൂബ്,പി ഭാസ്കരന്‍,തിക്കോടിയന്‍,കെ രാഘവന്‍,ശാന്ത പി നായര്‍,കെ പദ്മനാഭന്‍ നായര്‍ എന്നിവരുമായി സൌഹൃദം സ്ഥാപിച്ചു.1958 ല്‍ പുറത്തിറങ്ങിയ നായര് പിടിച്ച പുലിവാല് എന്ന പടത്തിലെ എന്തിനിത്ര പഞ്ചസാര.... ,വെളുത്ത പെണ്ണേ.... എന്നീ ഗാനങ്ങള്‍ പാടി ചലച്ചിത്ര രംഗത്തിലേക്കു പ്രവേശിച്ചു.ഈ സിനിമയുടെ സംവിധാനവും ഗാനരചനയും പി ഭാസ്കരനും, സംഗീത സംവിധാനം കെ രാഘവന്‍ മാസ്റ്ററുമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.രമണനിലെ 'കാനന ഛായയില്‍.....'നിണമണിഞ്ഞ കാല്‍പ്പാടുകളിലെ 'അനുരാഗ നാടകത്തിന്‍....' പുതിയ ആകാശം പുതിയ ഭൂമിയിലെ 'താമരതുമ്പീ വാവാ...' തുടങ്ങിയ ഗാനങ്ങള്‍ ഏറെ പ്രശസ്തമായി.അതിനിടെ സമസ്യ,മയില്‍‌പീലി മുതലായ ചിത്രങ്ങളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.സമസ്യയിലെ 'കിളി ചിലച്ചു....' എന്ന ഗാനം ഹിറ്റായി മാറി.കേരളത്തിലെ മികച്ച സംഗീത സംവിധായകന്‍ എന്ന ബഹുമതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചു.പഴയ സിനിമാഗാനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനു ഓള്‍ഡ്‌ ഈസ് ഗോള്‍ഡ്‌ എന്ന സംഗീത ട്രൂപ്പിന് രൂപം നല്‍കി.കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി ആര്‍ ഒ ആയിയിരുന്നു.കേരള സംഗീത നാടക അക്കാദമി,കേരള കലാമണ്ഡലം,ഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങി അനവധി സമിതികളിലും അദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രായമായെങ്കിലും സംഗീത ലോകത്തിലെ നിറസാന്നിദ്ധ്യമായി അദ്ദേഹം നമ്മോടൊപ്പമുണ്ട്.അനുഗ്രഹീത ഗായകന് ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.


2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

മലയാള സിനിമകളിലെ മാപ്പിള ഗാനങ്ങള്‍

മുസ്ലിം സാമൂഹ്യകഥകളെ അധികരിച്ച് അമ്പതുകളിലും അറുപതുകളിലും പുറത്തിറങ്ങിയ ഉമ്മ,കുട്ടിക്കുപ്പായം,കൂടപ്പിറപ്പ്,കണ്ടം വെച്ച കോട്ട് ,മൂടുപടം,സുബൈദ,ഉമ്മാച്ചു തുടങ്ങിയ മലയാള സിനിമകളെ ചലച്ചിത്ര പ്രേമികള്‍ക്ക് പ്രിയംകരമാക്കിയത് ആ പടങ്ങളിലെ ഇമ്പമാര്‍ന്ന മാപ്പിള ഗാനങ്ങളായിരുന്നു.നീലക്കുയില്‍ എന്ന പ്രശസ്ത ചിത്രത്തിന് വേണ്ടി പി .ഭാസ്കരന്‍ രചിച്ച് കെ .രാഘവന്‍ ഈണം നല്‍കി അദ്ദേഹം തന്നെ ആലപിച്ച 'കായലരികത്ത്....'എന്ന് തുടങ്ങുന്ന മനോഹര ഗാനം ഇതിനകം ആസ്വാദകമാനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരുന്നു.ചലച്ചിത്ര ഗാന രംഗത്തേക്ക് എം എസ് ബാബുരാജിന്റെ വരവോടു കൂടി ഈ ഇനത്തില്‍ പെട്ട ഇമ്പമാര്‍ന്ന എത്രയോ ഗാനങ്ങള്‍ മലയാള സിനിമകള്‍ക്ക്‌ ജനപ്രീതി നേടിക്കൊടുത്തു. ബാബുക്ക സംഗീതം നല്‍കിയ മാപ്പിളഗാനങ്ങള്‍ മലയാള ചലച്ചിത്രാസ്വാദകരില്‍ ഇന്നും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.ഉമ്മക്കും ബാപ്പക്കും...,വെളുക്കുമ്പം കുളിക്കുവാന്‍...,കദളിവാഴ കയ്യിലിരുന്നു...,കല്യാണ രാത്രിയില്‍...,ഒരുകൊട്ട പൊന്നുണ്ടല്ലോ...എന്നീ ഗാനങ്ങള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.പ്രേമഗാനങ്ങളും, ഒപ്പന പാട്ടുകളും ,തമാശ ഗാനങ്ങളും മാത്രമല്ല,'പൊട്ടിത്തകര്‍ന്ന കിനാവിന്റെ മയ്യത്ത്',
കല്‍പ്പക തോപ്പന്യനൊരുവന് പതിച്ചു നല്‍കി...മുതലായ ശോകഗാനങ്ങളും ഹിറ്റുകളായി മാറി.പില്‍ക്കാലത്ത്‌ മാപ്പിളഗാന രചനയില്‍ ഒരു പുതിയ പാത വെട്ടിത്തുറന്ന പി ടി അബ്ദുറഹിമാന്‍ രചന നിര്‍വ്വഹിച്ച് വി ടി മുരളി പാടിയ' ഓത്തു പള്ളിയിലന്നു നമ്മള്‍ പോയിരുന്ന കാലം...'തുടങ്ങിയ പാട്ടുകള്‍ ഇന്നും സംഗീതപ്രേമികള്‍ ചുണ്ടില്‍ സൂക്ഷിക്കുന്നവയാണ്.അഛനും ബാപ്പയും,തുറക്കാത്ത വാതില്‍,കടല്‍പ്പാലം,മണിയറ,അങ്ങാടി മുതലായ ചിത്രങ്ങളും അതിലെ മാപ്പിളഗാനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടവയാണ്.പഴയ കാല ചലച്ചിത്ര പ്രവര്‍ത്തകരായ രാമു കാര്യാട്ട്‌,പി ഭാസ്കരന്‍,ടി ഇ വാസുദേവന്‍,എം കൃഷ്ണന്‍ നായര്‍ എന്നിവര്‍ മാത്രമല്ല പുതു തലമുറയില്‍ പെട്ട പി ടി കുഞ്ഞിമുഹമ്മദും ആര്യാടന്‍ ഷൌക്കത്തും സംവിധാനം ചെയ്ത പടങ്ങളിലെ ഗാനങ്ങളും ഹിറ്റുകളായി.പരദേശി,ദൈവനാമത്തില്‍,പെരുമഴക്കാലം തുടങ്ങിയ ചിത്രങ്ങളിലും കേട്ടാലും കേട്ടാലും മതി വരാത്ത മാപ്പിള ഗാനങ്ങള്‍ ഉണ്ട്.ഈ കുറിപ്പ് ഒരു സൂചികയുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയതല്ല.അതുകൊണ്ട് വസ്തുതകളും പേരുകളും വിട്ടു പോയിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക.









2010, ജൂലൈ 24, ശനിയാഴ്‌ച

എം.ജി.രാധാകൃഷ്ണന് അശ്രുപൂജ

മലയാളിമനസ്സുകളില്‍ ഗൃഹാതുരത്വത്തിന്‍റെ അസുലഭനിമിഷങ്ങള്‍ സമ്മാനിച്ച നിരവധി മനോഹരഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുമാസം പൂര്‍ത്തിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ഈയവസരത്തില്‍ എം ജി ആറിന്‍റെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ വിങ്ങുന്ന ഹൃദയവുമായി അശ്രുപൂജ ചെയ്യുന്നു.പ്രശസ്ത സംഗീതജ്ഞനും ഹാര്‍മ്മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും ഹരികഥാ കലാകാരി കമലാക്ഷിയമ്മയുടെയും മകനായി 1940 ആഗസ്ത് 8 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആയിരുന്നു ജനനം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി കളിക്കൂട്ടുകാരനായിരുന്നു.ആലപ്പുഴ എസ് ഡി കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലുമായിരുന്നു വിദ്യാഭ്യാസം.സംഗീത അക്കാദമിയില്‍ കെ ജെ യേശുദാസ് സഹപാഠിയായിരുന്നു.അദ്ദേഹത്തിന്റേതു ഒരു സംഗീത കുടുംബമായിരുന്നു.സഹോദരന്‍ എം ജി ശ്രീകുമാര്‍ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകനും സഹോദരി ഡോ.കെ ഓമനക്കുട്ടി സംഗീതാധ്യാപികയും കര്‍ണാടക സംഗീതജ്ഞയും.ഗാനഭൂഷണം പാസായി 1962 ല്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ തംബുരു ആര്‍ട്ടിസ്റ്റായി നിയമനം ലഭിച്ചു.ഈ കാലത്താണ് പ്രശസ്ത കവി കാവാലം നാരായണപണിക്കരുമായി ചേര്‍ന്ന് അവതരിപ്പിച്ച പല ലളിതഗാനങ്ങളും ഹിറ്റായി മാറുന്നത് .ലളിത ഗാന ശൈലി തന്നെ മാറ്റിയെടുക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞു.ആകാശ വാണിയിലൂടെ അവതരിപ്പിച്ച 15 മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത പാഠവും ഏറെ ശ്രദ്ധേയമായി.കേരളത്തിലും പുറത്തും നിരവധി കച്ചേരികളും ഈ കാലയളവില്‍ അദ്ദേഹം നടത്തുകയുണ്ടായി.ഇതിനിടെ വിദ്യാധിരാജാ ഹൃദയാജ്ഞലിയുടെ ശിഷ്യത്വം സ്വീകരിച്ചു.1969 ല്‍ കെ രാഘവന്‍ മാസ്റ്ററുടെ സംഗീത നിര്‍ദ്ദേശത്തില്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ 'ഉണ്ണി ഗണപതിയെ'എന്ന ഗാനമാലപിച്ചു കൊണ്ടാണ് സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്.1978 ല്‍ ജി അരവിന്ദന്‍റെ തമ്പ് എന്ന സിനിമയ്ക്കാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.1980 ല്‍ പുറത്തിറങ്ങിയ തകര എന്ന പടത്തിലെ' മൌനമേ മൌനമേ ' ,'മുക്കുറ്റി തിരുതാളി 'എന്നീ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് അദ്വൈതം,ദേവാസുരം,മണിച്ചിത്രത്താഴ്,രാക്കുയിലിന്‍ രാഗസദസ്സില്‍,അനന്തഭദ്രം തുടങ്ങിയ പടങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു.മണിച്ചിത്രത്താഴിലെ പാട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.അനന്തഭദ്രമാണ് അവസാന പടം.തന്‍റെ അനുജത്തിയായ ഡോ.ഓമനക്കുട്ടിയുടെ ശിഷ്യയായിരുന്ന കെ എസ് ചിത്രയെ സിനിമാലോകത്തിനു പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യയുടെ കവിതകള്‍ക്ക് സംഗീതം നല്‍കി 'സുരയ്യ പാടുന്നു'എന്ന ആല്‍ബവും പുറത്തിറക്കി.2001 ല്‍ അച്ഛനെയാണെനിക്കിഷ്ടം ,2005 ല്‍ അനന്തഭദ്രം എന്നീ സിന്മകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും 2001 ല്‍ കാറ്റുവന്നു വിളിച്ചപ്പോള്‍,2005 ല്‍ അനന്തഭദ്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഏഷ്യനെറ്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2010 ജൂലായ്‌ 2 ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.


2010, ജൂൺ 26, ശനിയാഴ്‌ച

എസ്. ജാനകിയുടെ സ്വരമാധുരി മലയാളത്തിന്‍റെ കുയില്‍നാദം

1973 ല്‍ പുറത്തിറങ്ങിയ സ്വപ്നം എന്ന മലയാള സിനിമയില്‍ 'കാണാക്കുയിലെ പാടൂ' എന്ന് തുടങ്ങുന്ന മനോഹരമായ ഒരു ഗാനമുണ്ട്.ഈ പാട്ട് പാടിയത് ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും നനുനനുത്ത മഞ്ഞുതുള്ളികളുടെ മൃദുത്വവും, തേന്‍തുള്ളികളുടെ മാധുര്യവും ഒത്തിണങ്ങിയ സ്വരമാധുരിയാല്‍ അനുഗ്രഹീതയായ മലയാളത്തിന്‍റെ വാനമ്പാടിയായ എസ് .ജാനകിയാണ്.20000 ത്തില്‍പരം ഗാനങ്ങള്‍ ആലപിച്ച് ആസ്വാദക മനസ്സുകളില്‍ സംഗീതത്തിന്‍റെ തേന്‍ മഴ പെയ്യിച്ച ഈ ഗായികയെ നിരവധി പുരസ്കാരങ്ങളും തേടിയെത്തി.ഏറ്റവും മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡിന് നാല് തവണ തെരഞ്ഞെടുക്കപ്പെട്ടു.ഓപ്പോള്‍ എന്ന മലയാള ചിത്രത്തിലെ 'ഏറ്റുമാനൂമ്പലത്തിലെഴുന്നാള്ളത്ത്...' എന്ന ഗാനവും ഇതില്‍ ഉള്‍പ്പെടുന്നു.മികച്ച പിന്നണി ഗായികയ്ക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് 14 തവണയും തമിഴ് നാട് സര്‍ക്കാരിന്‍റെ അവാര്‍ഡ് 7 പ്രാവശ്യവും,ആന്ധ്ര സംസ്ഥാന അവാര്‍ഡ് 10 തവണയും അവര്‍ക്ക് ലഭിച്ചിട്ടുണ്ട്.1957 ല്‍ പത്തൊമ്പതാമത്തെ വയസ്സില്‍ 'വിധിയില്‍ വിളയാട്ട്‌' എന്ന തമിഴ് പടത്തിലായിരുന്നു അവരുടെ ചലച്ചിത്ര ഗാനരംഗത്തേക്കുള്ള അരങ്ങേറ്റം.തുടര്‍ന്ന് മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളിലും ഹിന്ദി,ബംഗാളി,ഒറിയ,സംസ്കൃതം,കൊങ്ങിണി,തുളു,ഇംഗ്ലിഷ് തുടങ്ങിയ ഭാഷകളിലും എസ് .ജാനകി ഗാനങ്ങള്‍ ആലപിച്ചു.1938 ഏപ്രില്‍ 23 ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലായിരുന്നു ജനനം.മൂന്നാമത്തെ വയസ്സില്‍ തന്നെ സംഗീതത്തോട്‌ ആഭിമുഖ്യം കിണിച്ചിരുന്ന ജാനകി പത്താമത്തെ വയസ്സ് മുതല്‍ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങി.തന്‍റെ അമ്മാവനായ ഡോ .ചന്ദ്രശേഖറിന്‍റെ പ്രോത്സാഹനവും അവര്‍ക്ക് കിട്ടി.അമ്മാവന്‍റെ നിര്‍ദ്ദേശമനുസരിച്ച് സംഗീതം പഠിയ്ക്കാന്‍ മദ്രാസിലേക്ക് പോയത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി.ആകാശവാണിയുടെ സംഗീത മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് അവരുടെ പ്രസിദ്ധി വര്‍ദ്ധിപ്പിച്ചു.വൈകാതെ എ വി എം സ്റ്റുഡിയോവില്‍ ജോലിയും ലഭിച്ചു.ഭര്‍ത്താവായ രാമപ്രസാദിന്‍റെ മരണത്തെ തുടര്‍ന്ന് അവര്‍ സിനിമാരംഗത്ത്‌ നിന്നും പിന്മാറുകയായിരുന്നു.കൂടുതല്‍ സമയവും പ്രാര്‍ഥനാനിര്‍ഭരമായ ജീവിതം നയിക്കുന്ന ജാനകി ഭക്തിഗാന കാസറ്റുകളില്‍ പാടാറുണ്ട്.


2010, മേയ് 18, ചൊവ്വാഴ്ച

മോയിന്‍കുട്ടി വൈദ്യരുടെ മൊഞ്ചേറും ഇശലുകള്‍

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളപ്പാട്ട് സാമ്രാജ്യത്തിലെ മുടിചൂടാമന്നനാണ്‌.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 1857 ല്‍ പ്രശസ്തമായ ഒരു വൈദ്യര്‍ കുടുംബത്തിലായിരുന്നു കവിയുടെ ജനനം.കുട്ടിക്കാലം മുതല്‍ മാപ്പിളപ്പാട്ട് രചനയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ഇരുപതാമത്തെ വയസ്സില്‍ എഴുതിയ അനശ്വരപ്രണയകാവ്യമായ 'ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍' അന്ന് യാഥാസ്ഥിതിക മുസ്ലിമീങ്ങളുടെ അപ്രീതി സമ്പാദിച്ചെന്കിലും, മാപ്പിള സാഹിത്യത്തിലെ എണ്ണപ്പെട്ട കൃതിയായി ഇന്നും കൊണ്ടാടപ്പെടുന്നു.മയിലാഞ്ചിയുടെ മൊഞ്ചും അത്തറിന്റെ നറുമണവും ഒത്തിണങ്ങിയ പ്രസ്തുത കാവ്യം കാലദേശാതിര്‍ത്തികള്‍ കടന്നു എക്കാലവും അനുവാചകഹൃദയങ്ങളില്‍ പച്ചപിടിച്ചു നില്‍ക്കും.ചില ടി വി ചാനലുകാര്‍ റിയാലിറ്റി ഷോകളിലൂടെ മാപ്പിളപ്പാട്ടിനെ പോപ്‌സംഗീതത്തിന്റെയും,ഒപ്പനയെ ഡിസ്ക്കോ ഡാന്‍സിന്‍റെയും ചാലുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍,അന്ന് അറബി,സംസ്കൃതം,മലയാളം,തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ കോര്‍ത്തിണക്കി തനിമയാര്‍ന്ന ഇശലുകളില്‍ വൈദ്യര്‍ രചിച്ച പാട്ടുകളുടെ പ്രസക്തി ഏറെയാണ്‌.ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ കൂടാതെ പ്രവാചകനായ മുഹമ്മദ്‌ നബി (സ.അ)യുടെ നേതൃത്വത്തില്‍ അവിശ്വാസികളായ ഖുറൈഷികള്‍ക്കെതിരെ നയിച്ച ഐതിഹാസികമായ ബദര്‍ യുദ്ധത്തെ വിഷയമാക്കി മോയിന്‍കുട്ടി വൈദ്യര്‍ 1876 ല്‍ 'ബദര്‍ പടപ്പാട്ട്' എന്ന മഹത്തായ ഒരു കാവ്യം കൂടി രചിക്കുകയുണ്ടായി.
കുടുംബ പാരമ്പര്യമനുസരിച്ച് വൈദ്യശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടിയതിനു പുറമേ അറബി,പേര്‍ഷ്യന്‍,സംസ്കൃതം,ഹിന്ദുസ്ഥാനി,തമിഴ് മുതലായ നിരവധി ഭാഷകളും അദ്ദേഹത്തിന് അറിയാമായിരുന്നു.ഈ ഭാഷകളില്‍ നിന്നുള്ള പദങ്ങളുടെ സങ്കലനം കൂടിയായിരുന്നു അദ്ദേഹത്തിന്റെ കാവ്യങ്ങള്‍.
അക്കാലത്ത് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെന്ന പോലെ ഏറനാട്ടിലും ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ സമരം ആളിക്കത്തുന്ന കാലഘട്ടം കൂടിയായിരുന്നു.തികഞ്ഞ ദേശസ്നേഹിയായിരുന്ന വൈദ്യര്‍ എഴുതി പാടി നടന്ന പടപ്പാട്ടുകള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആവേശം പകരുന്നവയായിരുന്നു.1891 ല്‍ നാല്‍പ്പതാമത്തെ വയസ്സില്‍ മഹാകവി ഈ ലോകത്തോട്‌ വിടപറഞ്ഞു.

2010, ഏപ്രിൽ 24, ശനിയാഴ്‌ച

പടപ്പാട്ടുകള്‍ക്ക് കാതോര്‍ക്കുമ്പോള്‍

കേരളത്തില്‍ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം വേരുറപ്പിക്കുന്നതില്‍ ചെറുതല്ലാത്ത പങ്കു വഹിച്ച കെ പി എ സി യുടെ നാടകങ്ങളെയും, അവയിലെ ഇമ്പമാര്‍ന്ന ഗാനങ്ങളേയും കഴിഞ്ഞ പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നല്ലോ.പഴയ മലബാറിന്റെ ഭാഗമായിരുന്ന കുറുംബ്രനാട് പ്രദേശത്ത് സ്വാതന്ത്ര്യസമര കാലഘട്ടത്തിലും തുടര്‍ന്ന് എണ്ണമറ്റ സമരപോരാട്ടങ്ങളിലും ഊര്‍ജ്ജം പകര്‍ന്ന പടപ്പാട്ടുകള്‍ പാടിപ്പതിഞ്ഞ പാട്ടുകളായി ഇവിടെ പുനര്‍ജ്ജനിക്കുകയാണ്.ജന്മി-നാടുവാഴി വ്യവസ്ഥ കൊടികുത്തി വാണിരുന്ന ആ കാലഘട്ടത്തില്‍ ദേശീയ വിമോചനപ്രസ്ഥാനത്തോടൊപ്പം തൊഴിലാളി കാര്‍ഷക പ്രസ്ഥാനങ്ങളും ഇവിടെ വളര്‍ന്നു.ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ സഹന സമരവും,തുടര്‍ന്ന് കമ്മ്യൂണിസ്റ്റ്‌ പാര്‍ടി രൂപം കൊണ്ടപ്പോള്‍ നാട്ടിലെങ്ങും അനീതിക്കെതിരെ അലയടിച്ചുയര്‍ന്ന സമരാവേശവും ഭരണാധികാരിവര്‍ഗ്ഗത്തെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്.അവര്‍ കൊടിയ മര്‍ദ്ദനങ്ങള്‍ അഴിച്ചു വിടുകയുണ്ടായി.പോലീസും ജന്മിമാരുടെ ഗുണ്ടകളും ചേര്‍ന്ന് സമരസഖാക്കളെ പല സ്ഥലങ്ങളിലും അടിച്ചൊതുക്കാന്‍ ശ്രമിച്ചു.ഇവയിലൊന്നും പതറാതെ ന്യായമായ കൂലിക്ക് വേണ്ടി തൊഴിലാളികളും,അന്തിയുറങ്ങാന്‍ ഒരുതുണ്ട് ഭൂമിക്കുവേണ്ടി പാവപ്പെട്ട കര്‍ഷകരും തളരാതെ സമരമുഖങ്ങളില്‍ അടിയുറച്ചു നിന്നു. അന്തിമ വിജയം തങ്ങള്‍ക്കായിരിക്കുമെന്നു ആ സമരസഖാക്കള്‍ക്ക് അറിയാമായിരുന്നു. വടകരയില്‍ നടന്ന അനേകം തൊഴില്‍ സമരങ്ങള്‍ക്കും, 'ചത്താലും ചെത്തും കൂത്താളി 'എന്ന മുദ്രാവാക്യവുമായി പേരാമ്പ്രയില്‍ അലയടിച്ചുയര്‍ന്ന ഐതിഹാസികമായ കര്‍ഷകസമരത്തിനും ആവേശം പകരാന്‍ സമരഭാടന്മാര്‍ തന്നെ നിമിഷ കവികളാവുകയും പടപ്പാട്ടുകള്‍ രചിച്ച് പാടി നടക്കുകയും ചെയ്തു. കേരളീയനും എം കുമാരന്‍ മാസ്റ്ററും അറിയപ്പെടുന്നവരും അല്ലാത്തവരുമായ ഏറെ കവികളും അന്ന് പ്രസ്ഥാനതോടൊപ്പം നിന്ന് രചനകള്‍ നിര്‍വ്വഹിച്ചിരുന്നു.സി എച്ച് കണാരനും എം കെ കേളുവേട്ടനും ഉള്‍പ്പടെയുള്ള ജനനേതാക്കള്‍ നയിച്ച പ്രക്ഷോഭങ്ങള്‍ ഈ പ്രദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗം കൂടിയാണ്.ലോകത്തെങ്ങുമുള്ള തൊഴിലാളി വര്‍ഗ്ഗം ഒരിക്കല്‍ കൂടി മെയ്ദിനം ആഘോഷിക്കാന്‍ ഒരുക്കം കൂട്ടുമ്പോള്‍ ആ പഴയ പടപ്പാട്ടുകള്‍ നമുക്ക് പരിചയപ്പെടാം.

2010, മാർച്ച് 23, ചൊവ്വാഴ്ച

മധുരിക്കും ഓര്‍മ്മകളുമായി പഴയ നാടകഗാനങ്ങള്‍

കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ആക്കം കൂട്ടുന്നതില്‍ ഏറെ പങ്കു വഹിച്ച കെ പി എ സി യുടെ നാടകങ്ങളും ,നാടകഗാനങ്ങളും ഇന്നും മലയാളിമനസ്സുകളില്‍ ഗൃഹാതുരത്വത്തിന്‍റെ തേന്മഴ പെയ്യിക്കുന്നു.കടുത്ത ജാതി സമ്പ്രദായവും ജന്മിത്വവും നാട്ടില്‍ നിലനിന്നിരുന്ന ഇരുളടഞ്ഞ കാലഘട്ടം.അമ്പതുകളില്‍ കേരളീയര്‍ക്ക് നൂതനമായ ദിശാബോധം പ്രദാനം ചെയ്ത്, അവരുടെ നാടകാസ്വാദനശൈലിയെ പാടെ പൊളിച്ചെഴുതി,തോപ്പില്‍ ഭാസിയുടെ നായകത്വത്തില്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക് ജൈത്രയാത്ര നടത്തുകയായിരുന്നു കെ പി എ സി എന്ന സോദ്ദേശ നാടക സമിതി.'എന്റെ മകനാണ് ശരി 'എന്ന ആദ്യ നാടകത്തെ തുടര്‍ന്ന് കേരളത്തെയാകെ ഉഴുതുമറിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,മുടിയനായ പുത്രന്‍,സര്‍വ്വേക്കല്ല് തുടങ്ങിയ നാടകങ്ങളെല്ലാം നാടും നഗരവും ഇരുകൈകളും നീട്ടി സ്വീകരിച്ചു.ഈ നാടകങ്ങള്‍ക്കൊപ്പം അവയ്ക്ക് മിഴിവേകാന്‍ ദേവരാജന്‍ മാസ്റ്ററും ഒഎന്‍വി,വയലാര്‍ തുടങ്ങിയ പ്രതിഭാശാലികളും ചേര്‍ന്ന് അണിയിച്ചൊരുക്കിയ അനശ്വരഗാനങ്ങളും ആസ്വാദകമനസ്സുകളില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു.അന്നേ വരെ തമിഴ് സിനിമാഗാനങ്ങള്‍ കേട്ട് മടുത്ത സംഗീതപ്രേമികള്‍ക്ക് ഈ നാടകഗാനങ്ങള്‍ മനസ്സില്‍ അമൃതവര്‍ഷം ചൊരിയുന്നവയായിരുന്നു.ദേവരാജന്‍ മാസ്റ്ററും.കെ പി എ സി സുലോചനയും,കെ എ എസ് ജോര്‍ജ്ജും മറ്റും ആലപിച്ച ബലികുടീരങ്ങളേ..... പൊന്നരിവാളന്പിളിയില്....... തുഞ്ചന്‍ പറമ്പിലെ തത്തെ.... വെള്ളാരം കുന്നിലെ ..... അന്പിളി അമ്മാവാ...... എന്നീ മനോഹരഗാനങ്ങള്‍ അന്നും ഇന്നും ഹിറ്റുകളാണ്.സി ഓ ആന്റോ എന്ന അനുഗ്രഹീത ഗായകന്‍ അവതരിപ്പിച്ച 'മധുരിക്കും ഓര്‍മ്മകളെ മണിമഞ്ചല്‍ കൊണ്ടു വരൂ.... കൊണ്ടു പോവൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍...'എന്നുതുടങ്ങുന്ന ഗാനം നമ്മെ കഴിഞ്ഞ കാലത്തിലേക്ക് ഒരു മടക്കയാത്രക്ക്‌ വേണ്ടി മാടി വിളിക്കുന്നു.

2010, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഓര്‍ക്കുക നാമെപ്പോഴും പി.ഭാസ്കരനെ






മലയാളികള്‍ക്ക് എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ഒരുപാട് നല്ല സിനിമാഗാനങ്ങള്‍ സമ്മാനിച്ച ജനകീയ കവിയും ഗാന രചയിതാവും ചലച്ചിത്ര പ്രവര്‍ത്തകനുമായിരുന്ന പി ഭാസ്കരന്‍ നമ്മെ പിരിഞ്ഞിട്ട് ഈ ഫിബ്രവരി 25 ന് മൂന്നു വര്‍ഷം തികയുന്നു.2007 ഫിബ്രവരി 25 നായിരുന്നു ഭാസ്കരന്‍ മാസ്റ്റര്‍ അന്തരിച്ചത്‌.ഈ ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.പഴയ തിരു-കൊച്ചിയില്‍ പെട്ട കൊടുങ്ങല്ലൂരിലാണ് കവിയുടെ ജനനം.കുട്ടിക്കാലം മുതല്‍ക്കേ കവിതകള്‍ എഴുതുമായിരുന്നു.വിദ്യാര്‍ഥിജീവിതകാലത്ത് തന്നെ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചു തുടങ്ങി.ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു രചിച്ച 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എന്ന കവിതാസമാഹാരം സര്‍ സിപിയെ പ്രകോപിതനാക്കുകയും പുസ്തകം നിരോധിച്ചത് കൂടാതെ ഭാസ്കരന്‍ മാസ്റ്ററെ നാടുകടത്തുകയും ചെയ്തു.ചെന്നൈയില്‍ എത്തിയ അദ്ദേഹം ജയകേരളം മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായി ചേര്‍ന്നു.അക്കാലത്ത് ആകാശവാണിയിലൂടെ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ പ്രക്ഷേപണം ചെയ്തു തുടങ്ങിയിരുന്നു.അധികം വൈകാതെ ഭാസ്കരന്‍ മാസ്റ്റര്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ ജോലി സ്വീകരിക്കുകയും ഈ സംഭവം അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുകയും ചെയ്തു.'അപൂര്‍വ്വ സഹോദരര്‍' എന്ന തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി പാട്ടെഴുതുന്നത്. മലയാളത്തില്‍ അദ്ദേഹം ഗാനരചന നിര്‍വ്വഹിച്ച ആദ്യപടം 'ചന്ദ്രിക' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രമാണ്. രാമു കാര്യാട്ടും ഭാസ്കരന്‍ മാസ്റ്ററും ചേര്‍ന്ന് സംവിധാനം ചെയ്ത 'നീലക്കുയില്‍' എന്ന സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയായിരുന്നു. ആകാശവാണിയിലെ അക്കാലത്തെ തന്റെ സഹപ്രവര്‍ത്തകന്‍ കൂടിയായ പ്രശസ്ത സംഗീതജ്ഞന്‍ കെ രാഘവന്‍ മാസ്റ്റര്‍ ഈ ചിത്രത്തിലെ ഗാനങ്ങള്‍ക്ക് നാടന്‍ പാട്ടുകളുടെ ശീലുകള്‍ക്കൊത്ത ഈണങ്ങള്‍ നല്‍കിയപ്പോള്‍ ആസ്വാദകര്‍ ആ ഗാനങ്ങളെ നെഞ്ചോട്‌ ചേര്‍ത്ത് വെക്കുകയായിരുന്നു.രാഘവന്‍ മാസ്റ്റര്‍ ആലപിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍....'എന്ന് ആരംഭിക്കുന്ന പാട്ടും,കോഴിക്കോട് അബ്ദുല്‍ഖാദര്‍ അനശ്വരമാക്കിയ 'എങ്ങിനെ നീ മറക്കും...?' എന്ന് തുടങ്ങുന്ന ഗാനവും വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടിട്ടും മലയാളി മനസ്സുകളില്‍ മായാതെ നില്‍ക്കുന്നവയാണ്.അന്ന് ദേശീയ പുരസ്കാരം ലഭിച്ച 'നീലക്കുയില്‍' എന്ന ചിത്രത്തില്‍ ഭാസ്കരന്‍ മാസ്റ്റര്‍ അഭിനയിക്കുകയും ചെയ്തിരുന്നു.ചലച്ചിത്ര ലോകത്ത് തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ ഭാസ്കരന്‍ മാസ്റ്റര്‍ അനേകം അവാര്‍ഡുകളും സ്വന്തമാക്കി.ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍,ഏഷ്യാനെറ്റ്‌ ചാനലിന്റെ പ്രഥമ അധ്യക്ഷന്‍,ദേശാഭിമാനി പത്രാധിപര്‍ എന്നീ നിലകിളെല്ലാം പ്രവര്‍ത്തിച്ച ഭാസ്കരന്‍ മാസ്റ്ററെ മലയാളികള്‍ എക്കാലവും ഓര്‍മ്മിക്കുന്നതാണ്.


2010, ജനുവരി 15, വെള്ളിയാഴ്‌ച

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് സപ്തതിയുടെ നിറവില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് തന്റെ എഴുപതാം വയസ്സില്‍ സപ്തതിയുടെ നിറവില്‍.1940 ജനുവരി 10 നു ഫോര്‍ട്ട്‌ കൊച്ചിയില്‍ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും നാടകപ്രവര്‍ത്തകനുമായിരുന്ന അഗസ്ത്യന്‍ ജോസേഫിന്റെ മകനായി യേശുദാസ് ജനിച്ചു.ഈ കഴിഞ്ഞ ജനുവരി 10 നായിരുന്നു അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം.ജന്മം കൊണ്ട് ക്രിസ്തുമതത്തില്‍ പെട്ട അദ്ദേഹം എക്കാലവും മതേതരമൂല്യങ്ങള്‍ മുറുകെ പിടിച്ച മഹാനായ കലാകാരനാണ്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സപ്തതി ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയിലെ സരസ്വതീമണ്ഡപത്തില്‍ 70 കലാകാരന്മാര്‍ ചേര്‍ന്ന് സപ്തതി വിരുന്നായി അവതരിപ്പിച്ച പഞ്ചരത്ന കീര്‍ത്തനാലാപനം പ്രിയ ഗായകനുള്ള പിറന്നാള്‍ സമ്മാനമായി .കഴിഞ്ഞ പത്തുവര്‍ഷമായി യേശുദാസിന്റെ പിറന്നാളിന് മൂകാംബികയില്‍ സംഗീതാര്‍ച്ചന നടത്തിവരുന്ന പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഇത് സംഘടിപ്പിച്ചത്.പതിവ് പോലെ ജന്മദിനത്തില്‍ യേശുദാസും കുടുംബാംഗങ്ങളും മൂകാംബികയില്‍ എത്തിയിരുന്നു.ലോകത്തെങ്ങുമുള്ള സംഗീതപ്രേമികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ച മലയാളികളുടെ സ്വന്തം ദാസേട്ടന്‍റെ 40000 ത്തില്‍ ഏറെ പാട്ടുകള്‍ റെക്കൊര്‍ഡ് ചെയ്തിട്ടുണ്ട്.മലയാളത്തിനു പുറമെ കാശ്മീരി,അസമി എന്നീ ഭാഷകളൊഴികെയുള്ള മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല കര്‍ണ്ണാടകസംഗീതവും കൊണ്ട് കഴിഞ്ഞ അര നൂറ്റാണ്ടായി അദ്ദേഹം തന്റെ സംഗീതസപര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു.