2010, ജനുവരി 15, വെള്ളിയാഴ്‌ച

ഗാനഗന്ധര്‍വന്‍ കെ.ജെ.യേശുദാസ് സപ്തതിയുടെ നിറവില്‍

മലയാളത്തിന്റെ പ്രിയപ്പെട്ട ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ.യേശുദാസ് തന്റെ എഴുപതാം വയസ്സില്‍ സപ്തതിയുടെ നിറവില്‍.1940 ജനുവരി 10 നു ഫോര്‍ട്ട്‌ കൊച്ചിയില്‍ പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനും നാടകപ്രവര്‍ത്തകനുമായിരുന്ന അഗസ്ത്യന്‍ ജോസേഫിന്റെ മകനായി യേശുദാസ് ജനിച്ചു.ഈ കഴിഞ്ഞ ജനുവരി 10 നായിരുന്നു അദ്ദേഹത്തിന്റെ എഴുപതാം ജന്മദിനം.ജന്മം കൊണ്ട് ക്രിസ്തുമതത്തില്‍ പെട്ട അദ്ദേഹം എക്കാലവും മതേതരമൂല്യങ്ങള്‍ മുറുകെ പിടിച്ച മഹാനായ കലാകാരനാണ്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സപ്തതി ദിനത്തില്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയിലെ സരസ്വതീമണ്ഡപത്തില്‍ 70 കലാകാരന്മാര്‍ ചേര്‍ന്ന് സപ്തതി വിരുന്നായി അവതരിപ്പിച്ച പഞ്ചരത്ന കീര്‍ത്തനാലാപനം പ്രിയ ഗായകനുള്ള പിറന്നാള്‍ സമ്മാനമായി .കഴിഞ്ഞ പത്തുവര്‍ഷമായി യേശുദാസിന്റെ പിറന്നാളിന് മൂകാംബികയില്‍ സംഗീതാര്‍ച്ചന നടത്തിവരുന്ന പ്രസിദ്ധ കര്‍ണ്ണാടക സംഗീതജ്ഞന്‍ കാഞ്ഞങ്ങാട് രാമചന്ദ്രനാണ് ഇത് സംഘടിപ്പിച്ചത്.പതിവ് പോലെ ജന്മദിനത്തില്‍ യേശുദാസും കുടുംബാംഗങ്ങളും മൂകാംബികയില്‍ എത്തിയിരുന്നു.ലോകത്തെങ്ങുമുള്ള സംഗീതപ്രേമികള്‍ക്ക് ഗൃഹാതുരത്വമുണര്‍ത്തുന്ന നിരവധി ഗാനങ്ങള്‍ സമ്മാനിച്ച മലയാളികളുടെ സ്വന്തം ദാസേട്ടന്‍റെ 40000 ത്തില്‍ ഏറെ പാട്ടുകള്‍ റെക്കൊര്‍ഡ് ചെയ്തിട്ടുണ്ട്.മലയാളത്തിനു പുറമെ കാശ്മീരി,അസമി എന്നീ ഭാഷകളൊഴികെയുള്ള മറ്റെല്ലാ ഇന്ത്യന്‍ ഭാഷകളിലെ ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല കര്‍ണ്ണാടകസംഗീതവും കൊണ്ട് കഴിഞ്ഞ അര നൂറ്റാണ്ടായി അദ്ദേഹം തന്റെ സംഗീതസപര്യ തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: