2010, മാർച്ച് 23, ചൊവ്വാഴ്ച
മധുരിക്കും ഓര്‍മ്മകളുമായി പഴയ നാടകഗാനങ്ങള്‍
കേരളത്തിലെ സാമൂഹ്യമാറ്റത്തിന് ആക്കം കൂട്ടുന്നതില്‍ ഏറെ പങ്കു വഹിച്ച കെ പി എ സി യുടെ നാടകങ്ങളും ,നാടകഗാനങ്ങളും ഇന്നും മലയാളിമനസ്സുകളില്‍ ഗൃഹാതുരത്വത്തിന്‍റെ തേന്മഴ പെയ്യിക്കുന്നു.കടുത്ത ജാതി സമ്പ്രദായവും ജന്മിത്വവും നാട്ടില്‍ നിലനിന്നിരുന്ന ഇരുളടഞ്ഞ കാലഘട്ടം.അമ്പതുകളില്‍ കേരളീയര്‍ക്ക് നൂതനമായ ദിശാബോധം പ്രദാനം ചെയ്ത്, അവരുടെ നാടകാസ്വാദനശൈലിയെ പാടെ പൊളിച്ചെഴുതി,തോപ്പില്‍ ഭാസിയുടെ നായകത്വത്തില്‍ അരങ്ങുകളില്‍ നിന്നും അരങ്ങുകളിലേക്ക് ജൈത്രയാത്ര നടത്തുകയായിരുന്നു കെ പി എ സി എന്ന സോദ്ദേശ നാടക സമിതി.'എന്റെ മകനാണ് ശരി 'എന്ന ആദ്യ നാടകത്തെ തുടര്‍ന്ന് കേരളത്തെയാകെ ഉഴുതുമറിച്ച 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി,മുടിയനായ പുത്രന്‍,സര്‍വ്വേക്കല്ല് തുടങ്ങിയ നാടകങ്ങളെല്ലാം നാടും നഗരവും ഇരുകൈകളും നീട്ടി സ്വീകരിച്ചു.ഈ നാടകങ്ങള്‍ക്കൊപ്പം അവയ്ക്ക് മിഴിവേകാന്‍ ദേവരാജന്‍ മാസ്റ്ററും ഒഎന്‍വി,വയലാര്‍ തുടങ്ങിയ പ്രതിഭാശാലികളും ചേര്‍ന്ന് അണിയിച്ചൊരുക്കിയ അനശ്വരഗാനങ്ങളും ആസ്വാദകമനസ്സുകളില്‍ മായാപ്രപഞ്ചം സൃഷ്ടിക്കുകയായിരുന്നു.അന്നേ വരെ തമിഴ് സിനിമാഗാനങ്ങള്‍ കേട്ട് മടുത്ത സംഗീതപ്രേമികള്‍ക്ക് ഈ നാടകഗാനങ്ങള്‍ മനസ്സില്‍ അമൃതവര്‍ഷം ചൊരിയുന്നവയായിരുന്നു.ദേവരാജന്‍ മാസ്റ്ററും.കെ പി എ സി സുലോചനയും,കെ എ എസ് ജോര്‍ജ്ജും മറ്റും ആലപിച്ച ബലികുടീരങ്ങളേ..... പൊന്നരിവാളന്പിളിയില്....... തുഞ്ചന്‍ പറമ്പിലെ തത്തെ.... വെള്ളാരം കുന്നിലെ ..... അന്പിളി അമ്മാവാ...... എന്നീ മനോഹരഗാനങ്ങള്‍ അന്നും ഇന്നും ഹിറ്റുകളാണ്.സി ഓ ആന്റോ എന്ന അനുഗ്രഹീത ഗായകന്‍ അവതരിപ്പിച്ച 'മധുരിക്കും ഓര്‍മ്മകളെ മണിമഞ്ചല്‍ കൊണ്ടു വരൂ.... കൊണ്ടു പോവൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍...'എന്നുതുടങ്ങുന്ന ഗാനം നമ്മെ കഴിഞ്ഞ കാലത്തിലേക്ക് ഒരു മടക്കയാത്രക്ക് വേണ്ടി മാടി വിളിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ