ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് കെ.പി.ഉദയഭാനു.1936 ജൂണ്‍ 6 ന് പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍ എസ് വര്‍മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ചു.സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന മഹാനായ കെ പി കേശവമേനോന്റെ മരുമകന്‍ കൂടിയാണ് ഉദയഭാനു.പിതാവ് സിംഗപ്പൂരില്‍ ബിസിനസ്സ്കാരനായിരുന്നത് കൊണ്ട് കുട്ടിക്കാലം അവിടെയാണ് ചെലവഴിച്ചത്.ഏഴാമത്തെ വയസ്സില്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് 1944 ല്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.മറ്റൊരു അമ്മാവനായ കെ പി അപ്പുക്കുട്ടമേനോന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്.പാലക്കാട് കല്‍പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിച്ചു.പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് മണി അയ്യരുടെയും എം ഡി രാമനാഥന്‍റേയും ശിഷ്യത്വം ലഭിക്കാന്‍ ഭാഗ്യമുണ്ടായി.ക്ലാസ്സിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം ഒട്ടും കുറവല്ലാതിരുന്നിട്ടും ലളിതസംഗീതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.1955 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൌണ്‍സറായി ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് പ്രമുഖ സാഹിത്യ-സംഗീത-ചലച്ചിത്ര പ്രതിഭകളായ ഉറൂബ്,പി ഭാസ്കരന്‍,തിക്കോടിയന്‍,കെ രാഘവന്‍,ശാന്ത പി നായര്‍,കെ പദ്മനാഭന്‍ നായര്‍ എന്നിവരുമായി സൌഹൃദം സ്ഥാപിച്ചു.1958 ല്‍ പുറത്തിറങ്ങിയ നായര് പിടിച്ച പുലിവാല് എന്ന പടത്തിലെ എന്തിനിത്ര പഞ്ചസാര.... ,വെളുത്ത പെണ്ണേ.... എന്നീ ഗാനങ്ങള്‍ പാടി ചലച്ചിത്ര രംഗത്തിലേക്കു പ്രവേശിച്ചു.ഈ സിനിമയുടെ സംവിധാനവും ഗാനരചനയും പി ഭാസ്കരനും, സംഗീത സംവിധാനം കെ രാഘവന്‍ മാസ്റ്ററുമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.രമണനിലെ 'കാനന ഛായയില്‍.....'നിണമണിഞ്ഞ കാല്‍പ്പാടുകളിലെ 'അനുരാഗ നാടകത്തിന്‍....' പുതിയ ആകാശം പുതിയ ഭൂമിയിലെ 'താമരതുമ്പീ വാവാ...' തുടങ്ങിയ ഗാനങ്ങള്‍ ഏറെ പ്രശസ്തമായി.അതിനിടെ സമസ്യ,മയില്‍പീലി മുതലായ ചിത്രങ്ങളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.സമസ്യയിലെ 'കിളി ചിലച്ചു....' എന്ന ഗാനം ഹിറ്റായി മാറി.കേരളത്തിലെ മികച്ച സംഗീത സംവിധായകന്‍ എന്ന ബഹുമതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചു.പഴയ സിനിമാഗാനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനു ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ട്രൂപ്പിന് രൂപം നല്‍കി.കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി ആര്‍ ഒ ആയിയിരുന്നു.കേരള സംഗീത നാടക അക്കാദമി,കേരള കലാമണ്ഡലം,ഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങി അനവധി സമിതികളിലും അദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രായമായെങ്കിലും സംഗീത ലോകത്തിലെ നിറസാന്നിദ്ധ്യമായി അദ്ദേഹം നമ്മോടൊപ്പമുണ്ട്.അനുഗ്രഹീത ഗായകന് ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ