2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച
ബാബുരാജ്- മനം കവര്‍ന്ന പാമരനാം പാട്ടുകാരന്‍
മലയാള ചലച്ചിത്ര ഗാനങ്ങളെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ച ബാബുക്ക(എം.എസ്.ബാബുരാജ്) നമ്മെ വിട്ടുപിരിഞ്ഞിട്ട് കഴിഞ്ഞ ദിവസം 31 വര്‍ഷം പിന്നിട്ടു.ഇമ്പമാര്‍ന്ന നിരവധി ഗാനങ്ങള്‍ കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന നമ്മുടെ പ്രിയ ഗായകന്‍ 1978 ഒക്ടോബര്‍ 7 നാണ് നമ്മെ വിട്ടുപിരിഞ്ഞത് .1921 മാര്‍ച്ച് 29 ന് കോഴിക്കോട് ജനിച്ച മുഹമ്മദ് സാബിര്‍ എന്ന ബാബുരാജ് സുഹൃത്തുക്കളുടേയും ആരാധകരുടെയും ഇടയില്‍ ബാബുക്ക എന്നാണു അറിയപ്പെട്ടിരുന്നത്.അദ്ദേഹത്തിന്റെ കുട്ടിക്കാലം വളരെ ദുരിതപൂര്‍ണ്ണമായിരുന്നു.ജാന്‍ മുഹമ്മദ് ഖാന്‍ എന്ന ബംഗാളി സംഗീതജ്ഞനായിരുന്ന പിതാവ് നാട്ടിലേക്ക് തിരിച്ചു പോയതോടെ മലയാളിയായ ഉമ്മയും മകനും തികച്ചും അനാഥരായി.ഹിന്ദുസ്ഥാനി സംഗീതത്തിന്റെ ബാലപാഠങ്ങള്‍ സ്വന്തം പിതാവില്‍ നിന്നു സ്വായത്തമാക്കിയ ബാബുരാജ് ഹാര്‍മ്മോണിയം വായനയും വശത്താക്കി.ജീവിതം തള്ളി നീക്കുന്നതിന് വേണ്ടി തെരുവുകളിലും തീവണ്ടികളിലും പാട്ടു പാടി നടന്നിരുന്ന ബാബുരാജിന്റെ കഴിവുകള്‍ മനസ്സിലാക്കിയ കോഴിക്കോട്ടുകാരനായ കുഞ്ഞമ്മദ്ക്ക എന്ന സംഗീതാരാധകനായ ഒരു പോലീസുകാരന്‍ ബാബുരാജിനെ സഹായിക്കാന്‍ സന്മനസ്സ് കാണിച്ചു.ഹാര്‍മ്മോണിയം കൊണ്ട് മാസ്മരികത തീര്‍ത്ത ബാബുക്ക പി.ഭാസ്കരന്റെയും വയലാറിന്റെയും മനോഹരങ്ങളായ വരികള്‍ക്ക് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഈണങ്ങള്‍ നല്കി അനശ്വരങ്ങളായ ഗാനങ്ങള്‍ക്ക് രൂപം നല്കി.ഹിന്ദുസ്ഥാനി രാഗങ്ങളില്‍ ചിട്ടപ്പെടുത്തിയ ബാബുക്കയുടെ പാട്ടുകള്‍ ഇന്നും സംഗീതപ്രേമികളുടെ ചുണ്ടുകളില്‍ തത്തിക്കളിക്കുന്നു.പാമരനാം പാട്ടുകാരന്‍ എന്ന ശീര്‍ഷകത്തില്‍ HMV പുറത്തിറക്കിയ ബാബുരാജിന്‍റെ 3 കാസറ്റുകളിലെ ഗാനങ്ങളെല്ലാം മലയാളിമനസ്സുകളില്‍ എന്നും ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.52 പാട്ടുകള്‍ അടങ്ങിയ ഈ ശേഖരത്തില്‍ പ്രാണ സഖീ ഞാന്‍ വെറുമൊരു പാമരനാം പാട്ടുകാരന്‍ (പരീക്ഷ),താമസമെന്തേ വരുവാന്‍(ഭാര്‍ഗ്ഗവീനിലയം),തളിരിട്ട കിനാക്കള്‍ തന്‍(മൂടുപടം),സുറുമയെഴുതിയ മിഴികളെ(ഖദീജ) എന്നീ ഹിറ്റ് ഗാനങ്ങളും ഉള്‍പ്പെടുന്നു.ഉപകരണങ്ങളുടെ അതിപ്രസരമില്ലാതെ ബാബുരാജ് സ്വന്തം ശബ്ദത്തില്‍ അവതരിപ്പിച്ച ഏതാനും ഹിറ്റ് ഗാനങ്ങള്‍ ബാബുരാജ് പാടുന്നു എന്ന ആല്‍ബമായി മനോരമ മ്യൂസിക്കും പുറത്തിറക്കിയിട്ടുണ്ട്.ഇവയ്ക്കെല്ലാം സംഗീത പ്രേമികളില്‍ നിന്ന് നല്ല സ്വീകരണമാണ് ലഭിച്ചത്.കാലം ബാബുക്കയെ നമ്മളില്‍ നിന്നും അകറ്റിയെങ്കിലും മലയാളികളുടെ മനസ്സുകളില്‍ ആ അനശ്വരഗായകന് ഇന്നും ഒരിടമുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ