2009, ഒക്‌ടോബർ 24, ശനിയാഴ്‌ച
വയലാര്‍-ഈ മനോഹരതീരത്ത് ഒരു ജന്മം കൂടി കൊതിച്ച കവി
1975 ഒക്ടോബര്‍ 27
കേരള ചരിത്രത്തില്‍ വീരേതിഹാസം എഴുതി ചേര്‍ത്ത വയലാറിന്റെ മണ്ണില്‍ പിറന്ന് വിപ്ലവപ്രസ്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്ന ഈരടികളുമായി, മനുഷ്യമനസ്സാക്ഷിയെ തൊട്ടുണര്‍ത്തിയ കവിയും ഗാനരചയിതാവുമായ വയലാര്‍ അകാലത്തില്‍ കാലയവനികക്കുള്ളില്‍ മറഞ്ഞ ദിവസം.സര്‍ഗസംഗീതം,മുളങ്കാട്,ആയിഷ, പാദമുദ്രകള്‍ ,ഒരു ജൂദാസ് ജനിക്കുന്നു എന്നീ കാവ്യ കൃതികളിലൂടെ അനുവാചക ഹൃദയങ്ങളില്‍ സ്ഥിരപ്രതിഷ്ഠ നേടിയ വയലാര്‍ ചലച്ചിത്ര ഗാനരചന ആരംഭിക്കുന്നത് 1955 ല്‍ കൂടപ്പിറപ്പ് എന്ന ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചു കൊണ്ടാണ്.കെ പി എ സി യുടെ വിശറിക്ക് കാറ്റുവേണ്ട എന്ന നാടകത്തില്‍ കെ എസ് ജോര്‍ജ് പാടിയ വിപ്ലവഗാനം 'ബലികുടീരങ്ങളെ...'ഇതിനകം ജനലക്ഷങ്ങള്‍ നെഞ്ചേറ്റിക്കഴിഞ്ഞിരുന്നു.223 ഓളം ചിത്രങ്ങള്‍ക്ക് വേണ്ടി 2000 ത്തിലേറെ ഗാനങ്ങള്‍ വയലാര്‍ രചിച്ചിരുന്നു.ഇവയില്‍ വയലാര്‍-ദേവരാജന്‍ ടീമും വയലാര്‍-ബാബുരാജ് ടീമും ഒരുക്കിയ മിക്ക പാട്ടുകളും സംഗീത പ്രേമികളുടെ ചുണ്ടുകളില്‍ ഇന്നും തത്തിക്കളിക്കുന്നവയാണ്.സര്‍ഗ്ഗ പ്രതിഭകളായ കവികള്‍ സിനിമാരംഗത്ത് എത്തിയാല്‍ അവരുടെ കഴിവുകള്‍ മുരടിച്ചു പോവും എന്ന ആക്ഷേപത്തില്‍ ഒട്ടും കഴമ്പില്ലെന്ന യാഥാര്‍ത്ഥ്യം വയലാര്‍ തന്റെ സൃഷ്ടികളിലൂടെ കാട്ടിക്കൊടുത്തു.സാധാരണക്കാര്‍ക്ക് വേണ്ടി അവരുടെ ഹൃദയത്തിന്റെ ഭാഷയില്‍ രചന നിര്‍വ്വഹിച്ച വയലാറിന് ജനകോടികളുടെ അംഗീകാരം മാത്രമല്ല മറ്റു നിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.സര്‍ഗ സംഗീതം എന്ന കവിതാസമാഹാരത്തിനു 1961 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,'മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു'എന്ന ഗാനത്തിന് (അച്ഛനും ബാപ്പയും)1973 ല്‍ ദേശീയ ചലച്ചിത്ര അവാര്‍ഡ്, 1969,1972, 1974,1975 എന്നീ വര്‍ഷങ്ങളിലെ ഏറ്റവും നല്ല ഗാനരചനക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എന്നിവയെല്ലാം വയലാറിനെ തേടിയെത്തിയ പുരസ്കാരങ്ങളില്‍ ചിലത് മാത്രം.വയലാറിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27 ന് മലയാളത്തിലെ മികച്ച സാഹിത്യകാരന് അവാര്‍ഡ് നല്‍കിവരുന്നു.'ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും ,ഇന്ദ്രധനുസ്സിന്‍ തൂവല്‍ പൊഴിയും ഈ മനോഹര തീരത്ത്' ഒരുജന്മം കൂടി കൊതിച്ച വയലാര്‍ ഇന്നും അനുവാചക ഹൃദയങ്ങളില്‍ ജീവിക്കുന്നു!കവിയുടെ പാവനസ്മരണക്കു മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.!!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ