2015, ഓഗസ്റ്റ് 17, തിങ്കളാഴ്‌ച

എങ്ങിനെ നാം മറക്കും...? ഈ ജനപ്രിയഗായകനെ....



മലയാളികൾക്ക് മറക്കാനാവാത്ത അനശ്വരഗാനങ്ങൾ സമ്മാനിച്ച അബ്ദുൽഖാദർ എന്ന ലെസ്ലി ആൻഡ്രൂസ് 1915 ജൂലൈ 19 ന് കോഴിക്കോട് മിട്ടായിത്തെരുവിൽ വാച്ച് കമ്പനി നടത്തിയിരുന്ന ജെ എസ് ആൻഡ്രൂസി ന്റെയും മാനിനിയുടെയും മകനായിട്ടാണ് ജനിച്ചത്‌.വയലിനിസ്റ്റ് കൂടിയാരുന്ന പിതാവിൽ നിന്നാണ് ലെസ്ലി സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ മനസ്സിലാക്കിയത്.ക്രിസ്ത്യൻ കോളേജ് ഹൈസ്ക്കൂളിൽ മെട്രി ക്കുലേഷൻ വരെ പഠിച്ച ലെസ്ലി പഠനത്തിലും മിടുക്കനായിരുന്നു.ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ട ലെസ്ലിയെ നല്ല നിലയിൽ എത്തിക്കണമെന്ന് ആൻഡ്രൂസ് ആഗ്രഹിച്ചിരുന്നു.എന്നാൽ സംഗീതത്തിലായിരുന്നു ലെസ്ലിയുടെ താൽപര്യം.അന്ന് കോഴിക്കോട്ടെ സംഗീതാസ്വാദകരുടെ 'കൂടലുകൾ' എന്ന് അറിയപ്പെട്ടിരുന്ന  'മെഹ്ഫിലു'കളിൽ ലെസ്ലിയുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു.മകൻ എന്തെങ്കിലും തൊഴിൽ സ്വീകരിച്ച് ഉപജീവനം നടത്തണമെന്ന് ആഗ്രഹിച്ച ആൻഡ്രൂസിനെ ലെസ്ലിയുടെ പോക്ക് നിരാശപ്പെടുത്തി.മൂത്ത സഹോദരിയുടെ കൂടെ ജോലി ആവശ്യാർത്ഥം ബർമ്മയിലേക്ക് അയച്ച ലെസ്ലി ഇസ്ലാം മതം സ്വീകരിച്ച് അബ്ദുൽഖാദർ എന്ന പേരിലായിരുന്നു കോഴിക്കോട്ട് തിരിച്ചെത്തിയത്.മതം മാറിയതിന്റെ പേരിൽ എതിർപ്പുകൾ സഹിക്കേണ്ടി വന്ന അബ്ദുൽഖാദർ കലാ സ്നേഹിയായ പോലീസ് കോണ്‍സ്റ്റബിൾ കുഞ്ഞിമുഹമ്മദിനൊപ്പമായിരുന്നു പിന്നീട് കഴിഞ്ഞത്. അബ്ദുൽ ഖാദറിന് ലഭിച്ചത് പോലെ നാടകാചാര്യൻ കെ ടി മുഹമ്മദിനും സംഗീത സംവിധായകൻ എം എസ് ബാബുരാജിനും അവരുടെ കലാപ്രവർത്തനങ്ങൾക്ക് കുഞ്ഞിമുഹമ്മദിൽനിന്ന് വേണ്ടത്ര പ്രോത്സാഹനവും സഹായങ്ങളും കിട്ടിയിരുന്നു.കുഞ്ഞിമുഹമ്മദിന്റെ സഹോദരി ആച്ചുമ്മയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഈ വിവാഹത്തിൽ അദ്ദേഹത്തിന് പ്രശസ്ത ഗസൽ ഗായകൻ നജ്മൽ ബാബു ഉൾപ്പടെ 6 മക്കൾ ഉണ്ടായി. തന്റെ ബാല്യകാലസഖിയും നാടക-സിനിമാനടിയുമായിരുന്ന ശാന്താ ദേവിയിൽ പിറന്ന മകനാണ് നാടകനടനും ഗായകുനുമായ സത്യജിത്ത്.എം എസ് ബാബുരാജും കോഴിക്കോട് അബ്ദുൽഖാദറും ചേർന്ന ഗായകസംഘത്തിന്റെ ഗാനമേളകൾ അന്ന് കോഴിക്കോട്ടും പരിസരങ്ങളിലും അരങ്ങേറി.അക്കാലത്ത് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ സമ്മേളനങ്ങളിലും ഈ കൂട്ടുകെട്ടിന്റെ വിപ്ലവഗാനങ്ങൾ പതിവായിരുന്നു  .ചെറുകാടിന്റെ 'നമ്മളൊന്ന്' എന്ന നാടകത്തിൽ ബാബുരാജിന്റെ സംഗീതനിർദ്ദേശത്തിൽ കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ "പച്ചപ്പനംതത്തേ,പുന്നാര പൂമുത്തേ...എന്ന ഗാനം അദ്ദേഹത്തെ ജനപ്രിയ ഗായകനാക്കി.നിരവധി നാടകഗാനങ്ങൾക്ക് ശബ്ദം നൽകിയ കോഴിക്കോട് അബ്ദുൽഖാദറിന് സിനിമയിൽ പാടാൻ ആദ്യമായി  അവസരം ലഭിക്കുന്നത് 1951 ൽ പുറത്തിറങ്ങിയ 'നവലോകം' എന്ന മലയാള ചലച്ചിത്രത്തിൽ വി ദക്ഷിണാമൂർത്തിയുടെ സംഗീത സംവിധാനത്തിൽ പിറന്ന "തങ്കക്കിനാക്കൾ ഹൃദയേ വീശും..." എന്ന് തുടങ്ങുന്ന പാട്ടിലൂടെയാണ്.1954 ൽ രാമു കാര്യാട്ട് സംവിധാനം ചെയ്ത 'നീലക്കുയിൽ' എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്ക്കരൻ മാസ്റ്റർ എഴുതി  കെ രാഘവൻ മാസ്റ്റർ  ചിട്ടപ്പെടുത്തിയതുമായ "എങ്ങിനെ നീ മറക്കും കുയിലേ...എന്ന് തുടങ്ങുന്ന ശോകഗാനമാണ് കോഴിക്കോട് അബ്ദുൽഖാദറിനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചത്.തിരമാല,അച്ഛൻ,മാണിക്യ കൊട്ടാരം,മിന്നാമിനുങ്ങ് മുതലായ ചുരുക്കം ചില മലയാള ചിത്രങ്ങളിലെ പാടാൻ അവസരം കിട്ടിയുള്ളൂവെങ്കിലും ഈ ഗാനങ്ങളെല്ലാം സംഗീതപ്രേമികൾ നെഞ്ചോട് ചേർത്ത് വെച്ച അമൂല്യ നിധികളായിരുന്നു.ആകാവാണി കോഴിക്കോട് നിലയത്തിലെ എ ക്ലാസ്സ് ആർട്ടിസ്റ്റായിരുന്ന അദ്ദേഹം ആകാശ വാണിയിലൂടെ അനേകം ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും അവതരിപ്പിച്ചിരുന്നു.ഇതിൽ " ഞാൻ പാടാനോർത്തൊരു മധുരിത ഗാനം പാടിയതില്ലല്ലോ..."എന്ന ലളിതഗാനം ഏറെ പ്രശസ്തമാണ്. ഇന്നത്തെ പോലെ സിഡികളോ കാസറ്റുകളോ ഇല്ലാതിരുന്ന അക്കാലത്ത് അദ്ദേഹം പാടിയ പാട്ടുകളുടെ 50 തിലേറെ ഗ്രാമഫോണ്‍ റിക്കാർഡുകൾ ഇറങ്ങിയിരുന്നു.കോഴിക്കോട്ടെ സംഗീതസപര്യയുടെ ഒരു ഇടവേളയിൽ ഹിന്ദി സിനിമയിൽ അവസരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം മുംബൈയിൽ പോയിരുന്നു.മുംബൈയിലെ താമസക്കാലത്താണ് ഗസൽ,ഖവ്വാലി തുടങ്ങിയ സംഗീതശാഖകളിൽ പ്രാവീണ്യം നേടുന്നത്. സുപ്രസിദ്ധ ഹിന്ദി സംഗീതജ്ഞൻ കെ എസ് സൈഗാളിന്റെ ആരാധകൻ കൂടിയായിരുന്ന അദ്ദേഹം മുംബൈയിൽ നടന്ന ഒരു സംഗീതസദസ്സിൽ സൈഗാളിന്റെ "സോജാ രാജ കുമാരി..." എന്ന് തുടങ്ങുന്ന ഗാനം ആകർഷകമായി ആലപിച്ച് സദസ്സിന്റെ പ്രശംസ ഏറ്റുവാങ്ങി.'ബോംബെ ക്രോണിക്കിൾ' എന്ന വാരിക അദ്ദേഹത്തെ 'മലബാർ സൈഗാൾ' എന്ന വിശേഷണം നൽകി ആദരിച്ചത് ഈ അവസരത്തിലായിരുന്നു.ആരാധകർക്കിടയിൽ കോഴിക്കോട് അബ്ദുൽഖാദർ അറിയപ്പെട്ടത് 'കേരള സൈഗാൾ' എന്നായിരുന്നു.മുംബൈയിൽ പോയത് ഹിന്ദി സിനിമയിൽ അവസരം ലഭിക്കുന്നതിനു വേണ്ടി യായിരുന്നെങ്കിലും ആ ആഗ്രഹം പൂർത്തീകരിക്കാൻ അദ്ദേഹത്തിനായില്ല.ബിമൽ റോയിയുടെ ഒരു സിനിമയിൽ ചാൻസ് കിട്ടിയെങ്കിലും  മകന് രോഗം വർദ്ധിച്ച വിവരമറിഞ്ഞ് നാട്ടിലേക്ക് മടങ്ങുകയായിരുന്നു.കോഴിക്കോട്ട് എത്തുമ്പോഴേക്കും മകൻ മരിച്ചിരുന്നു.മകന്റെ മരണവും സാമ്പത്തിക പ്രയാസങ്ങളും വിടാതെ പിന്തുടർന്ന ദുരന്തങ്ങളും അദ്ദേഹത്തെ മാനസികമായും ശാരീരികമായും  തളർത്തിയിരുന്നു.പ്രതീക്ഷിച്ച കോണുകളിൽ നിന്നും സഹായങ്ങൾ കിട്ടാതായി.തുടർന്ന് ചില പരിപാടികളിൽ പങ്കെടുത്തുവെങ്കിലും സാവകാശം സ്വകാര്യജീവിതത്തിലേക്ക് ഉൾവലിയുകയായിരുന്നു.രോഗം കാരണം കിടപ്പിലായ കോഴിക്കോടിന്റെ പ്രിയ ഗായകൻ 1977 ഫിബ്രവരി 13 ന് ഈ ലോകത്തോട് വിടപറഞ്ഞു...               

അഭിപ്രായങ്ങളൊന്നുമില്ല: