2012, ജൂൺ 14, വ്യാഴാഴ്‌ച

മെഹ്ദി ഹസ്സന്റെ വേര്‍പാട് ഒരു ഗസല്‍യുഗത്തിന്റെ തിരശ്ശീല താഴ്ത്തി..!

അര നൂറ്റാണ്ട് പിന്നിട്ട സംഗീതസപര്യക്ക് പരിസമാപ്തി കുറിച്ച് 2012 ജൂണ്‍ 13 ബുധനാഴ്ച ഉച്ചയ്ക്ക് 12 .20 ന് കറാച്ചിയിലെ ആഗാഖാന്‍ ആശുപത്രിയില്‍ വെച്ച് ഗസലുകളുടെ സുല്‍ത്താനായ മെഹ്ദി ഹസ്സന്‍ എന്ന മഹാപ്രതിഭ വിടവാങ്ങിയതോടെ ഇന്ത്യന്‍-പാക്കിസ്ഥാനി ഗസലുകളുടെ ഒരു യുഗം കൂടി തിരശ്ശീല താഴ്ത്തി. 1927 ജൂലൈ 18 ന് രാജസ്ഥാനിലെ ലൂണ ഗ്രാമത്തില്‍ ജനിച്ച മെഹ്ദി ഹസ്സന്റെ കുടുംബം ഇന്ത്യാവിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലേക്ക് താമസം മാറ്റി.സംഗീത പാരമ്പര്യമുള്ള ഒരു കുടുംബമായിരുന്നു അദ്ദേഹത്തിറെത്.രാജകുടുംബങ്ങളില്‍ സംഗീതം അഭ്യസിപ്പിച്ചിരുന്ന 'കലാവന്തി' കുടുംബത്തില്‍ പിറന്ന ഹസ്സന്‍ കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ താല്പര്യമെടുത്തിരുന്നു. കഷ്ടപ്പാടുകള്‍ നിറഞ്ഞ കുട്ടിക്കാലം വിവിധ തൊഴിലുകളില്‍ ഏര്‍പ്പട്ടെപ്പോഴും സംഗീതവുമായുള്ള പൊക്കിള്‍കൊടി ബന്ധം അദ്ദേഹം ഉപേക്ഷിച്ചില്ല.1957 മുതല്‍ പാക്കിസ്ഥാന്‍ റേഡിയോവിലൂടെ തന്റെ കഴിവ് തെളിയിച്ച മെഹ്ദി ഹസ്സന്‍,ബീഗം അക്തര്‍,ബര്‍ക്കത്ത് അലിഖാന്‍,മുക്താര്‍ ബീഗം തുടങ്ങിയ ഗസല്‍ ഗായകരുടെ ചുവടു പിടിച്ചു ഗസല്‍ രംഗത്തേക്ക് പ്രവേശിക്കുകയായിരുന്നു.പ്രണയവും വിരഹവും ഇഴ ചേര്‍ത്ത ഉറുദുകവിതകള്‍ അദ്ദേഹം ഗസലുകളായി അവതരിപ്പിച്ചപ്പോള്‍ ലോകത്തെങ്ങുമുള്ള സംഗീതപ്രേമികള്‍ അവയെല്ലാം ആവേശപൂര്‍വ്വം സ്വീകരിച്ചു.മെഹ്ദി ഹസ്സന്റെ ആല്‍ബങ്ങള്‍ ചൂടപ്പം പോലെ വില്‍ക്കപ്പെട്ടു.കെഹനാ ഉസേ,നര്‍സാന,ദില്ജോ രഹ്താഹെ,ഗാലിബ് ഗസല്‍സ്,ഖുലിജോ അനഘ് എന്നിവ ഹിറ്റുകളായി മാറി.54000 ത്തിലേറെ ഗീതികള്‍ അദ്ദേഹം ആലപിച്ചു.ചലച്ചിത്ര സംഗീതത്തിലും അദ്ദേഹം തിളങ്ങി.പാക്കിസ്ഥാന്‍,ഇന്ത്യ,നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചു.നേപ്പാളിലെ വീരേന്ദ്ര രാജവുമായുള്ള കൂടിക്കാഴ്ച ഹസ്സന്‍ എന്നും മനസ്സില്‍ സൂക്ഷിച്ചിരുന്നു. അറുപതുകളിലും എഴുപതുകളിലും പാക്കിസ്ഥാനിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചു.2000 ത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളിലും ഹസ്സന്റെ ഗസല്‍ കച്ചേരി അവതരിപ്പിച്ചു.കേരളത്തെ കുറിച്ച് നല്ല ഓര്‍മ്മകള്‍ മാത്രമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്.സംഗീതത്തെ ആത്മസമര്‍പ്പണമായി കരുതിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെട്ടിരുന്നു.2006 ല്‍ കറാച്ചിയില്‍ ഒരു പരിപാടി നടത്തിയ വകയില്‍ കിട്ടിയ 5 ലക്ഷം രൂപ അദ്ദേഹം ഹസ്സന്റെ ആശുപത്രി ചിലവുകള്‍ക്കായി നല്‍കി.പ്രശസ്ത പിന്നണി ഗായിക ലതാ മങ്കേഷ്ക്കറും സഹായങ്ങള്‍ നല്‍കി.ലോകത്ത് സംഗീതാസ്വാദകര്‍ ഉള്ള കാലത്തോളം മെഹ്ദി ഹസ്സനെ കുറിച്ചുള്ള ഓര്‍മ്മകളും അദ്ദേഹം ആലപിച്ച ഗസലുകളും നിലനില്‍ക്കും.മെഹ്ദി ഹസ്സന്റെ അതിമനോഹരങ്ങളായ 10 ഗസലുകള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മക്കായി 'സ്കൈ റേഡിയോ'വിലൂടെ കേള്‍പ്പിക്കുന്നു...

അഭിപ്രായങ്ങളൊന്നുമില്ല: