2012, ഫെബ്രുവരി 13, തിങ്കളാഴ്‌ച

മാധുരി-മലയാളികളുടെ മനസ്സ് കീഴടക്കിയ ഗായിക





ജന്മംകൊണ്ട് തമിഴ്നാട്ടുകാരിയെങ്കിലും കര്‍മ്മംകൊണ്ട് മലയാളിമനസ്സുകളില്‍ ഇടം നേടിയ സംഗീതജ്ഞയാണ് പ്രശസ്ത ദക്ഷിണേന്ത്യന്‍ പിന്നണിഗായിക പി മാധുരി.1941 ല്‍ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു യാഥാസ്ഥിതിക തമിഴ്കുടുംബത്തില്‍ പിറന്ന മാധുരി ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്നെങ്കിലും,അവരുടെ പ്രതിഭ തല്‍ക്കാലം വീട്ടിലെ പൂജാമുറിയില്‍ ഒതുങ്ങിനിന്നു.വീട്ടിലെ വിലക്കുകള്‍ കാരണം പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.വിവാഹശേഷം ഭര്‍ത്താവായ വി ജയറാമിന്റെ കൂടെ ദില്ലിയില്‍ താമസം തുടങ്ങിയപ്പോള്‍ ചില നാടകങ്ങളില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു.അമേച്വര്‍ നാടകങ്ങളില്‍ തിളങ്ങിനിന്ന മാധുരിയുടെ കഴിവുകളെ കുറിച്ച് കേട്ടറിഞ്ഞ പ്രശസ്ത സംഗീതസംവിധായകന്‍ ജി ദേവരാജനാണ് മാധുരിയെ മലയാളചലച്ചിത്രലോകത്തിനു പരിചയപ്പെടുത്തുന്നത്.ഭര്‍ത്താവായ വി ജയറാമിന്റെ പ്രോത്സാഹനവും കിട്ടി.ഒരു പുതുമുഖഗായികയെ തേടിയിരുന്ന ദേവരാജന്‍ മാസ്ററര്‍ക്ക് മാധുരിയുടെ ശബ്ദഭംഗിയും,മലയാളത്തിലെ ഉച്ചാരണശുദ്ധിയും ഇഷ്ടപ്പെട്ടു.1969 ല്‍ അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ച 'കടല്‍പ്പാലം' എന്ന പടത്തിലെ 'കസ്തൂരിതൈലമിട്ട്....'എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ട് പാടിക്കൊണ്ട് മാധുരി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മലയാളം,തമിഴ്,തെലുഗ്,ഹിന്ദി എന്നീ ഭാഷകളില്‍ 7500 ല്‍ പരം ഗാനങ്ങള്‍ മാധുരി ആലപിച്ചിട്ടുണ്ട്.ദേവരാജനെ കൂടാതെ സുപ്രസിദ്ധ സംഗീതസംവിധായകരായ സലീല്‍ ചൌധരി,എം കെ അര്‍ജ്ജുനന്‍,എ ടി ഉമ്മര്‍,ശ്യാം,വിദ്യാസാഗര്‍ എന്നിവര്‍ക്കൊപ്പം മാധുരി പ്രവര്‍ത്തിച്ചു.ഏറ്റവും മികച്ച പിന്നണിഗായികക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് രണ്ടു തവണ നേടിയ മാധുരി മറ്റു പുരസ്ക്കാരങ്ങളും കരസ്ഥമാക്കി.അമ്പാടി തന്നിലൊരുണ്ണി...,ചന്ദ്രകളഭം ചാര്‍ത്തി...,ഇന്നെനിക്കു പൊട്ടുകുത്താന്‍...,കുണുക്കിട്ട കോഴി കുളക്കോഴി...,തമ്പ്രാന്‍ തൊടുത്തത്....മുതലായ ഹിറ്റ്‌ ഗാനങ്ങള്‍ മലയാളികള്‍ നെഞ്ചേറ്റിയ ചുരുക്കം ഉദാഹരണങ്ങള്‍ മാത്രം.2002 ല്‍ വിദ്യാധരന്‍ മാസ്ററര്‍ സംഗീതം നല്‍കിയ 'മീശമാധവന്‍' എന്ന സിനിമയിലെ 'ഈ എലവന്തൂര്‍ കായലിന്റെ....'എന്ന് തുടങ്ങുന്ന ഗാനവും മാധുരി ആലപിച്ചതാണ്.ചലച്ചിത്രലോകത്തിനു തന്നെ പരിചയപ്പെടുത്തിയ ദേവരാജന്‍ മാസ്റററെ മാധുരി എപ്പോഴും നന്ദിയോടെ സ്മരിക്കുന്നു.മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികയ്ക്ക് നന്മകള്‍ നേര്‍ന്നു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കുന്നു.