2011, ഓഗസ്റ്റ് 24, ബുധനാഴ്‌ച

കണ്ണീര്‍പൂവിന്റെ കവിളില്‍ തലോടി, ജോണ്‍സണ്‍ വിടവാങ്ങി..!





മലയാള ചലച്ചിത്രലോകത്ത് നിന്നും മഹാപ്രതിഭകള്‍ ഓരോരുത്തരായി വിടവാങ്ങുമ്പോള്‍ അനാഥമാവുന്നത് നമ്മുടെ സാംസ്കാരികത്തനിമയാണ്.പ്രിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ മറ്റൊരു മഹാപ്രതിഭ കൂടി ഓര്‍ക്കാപ്പുറത്ത് ഓര്‍മ്മയായി മാറിയിരിക്കുന്നു..!മലയാള ചലച്ചിത്ര ഗാനങ്ങളെ ജനകീയമാക്കുന്നതില്‍ മൂന്നുപതിറ്റാണ്ടായി ഈ രംഗത്ത് നിറഞ്ഞു നിന്ന പ്രശസ്ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്റര്‍ 2011 ആഗസ്ത് 18 ന് തിരശ്ശീലയ്ക്ക് പിന്നിലേക്ക്‌ വഴിമാറി.വോയ്സ് ഓഫ് തൃശ്ശൂര്‍ എന്ന സംഗീത ട്രൂപ്പിലെ ഒരു എളിയ കലാകാരനായി തന്റെ സംഗീതസപര്യക്ക് തുടക്കം കുറിച്ച ജോണ്‍സണ്‍ 1953 മാര്‍ച്ച്‌ 26 ന് തൃശ്ശൂരിലെ നെല്ലിക്കുന്നില്‍ ആന്റണി-മേരി ദമ്പതിമാരുടെ മകനായി ജനിച്ചു.തൃശ്ശൂര്‍ സെന്റ്‌ തോമാസ് കോളേജില്‍ നിന്ന് ധനതത്വശാസ്ത്രത്തില്‍ ബിരുദമെടുത്ത അദ്ദേഹം വയലിന്‍ പാശാത്യശൈലിയില്‍ അഭ്യസിച്ചിരുന്നു.കുട്ടിക്കാലം മുതല്‍ ഹാര്‍മ്മോണിയം,വയലിന്‍,ഗിത്താര്‍ തുടങ്ങിയ ഉപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്നു.ജോണ്‍സണിന്റെ വയലിന്‍ വായനയില്‍ ആകൃഷ്ടനായ പ്രശസ്ത സംഗീതസംവിധായകന്‍ ജി.ദേവരാജന്‍ മാസ്റ്റര്‍ ആണ് അദ്ദേഹത്തെ ചലച്ചിത്രലോകത്തിനു പരിചയപ്പെടുത്തുന്നത്.1978 ല്‍ പുറത്തിറങ്ങിയ ഭരതന്‍ ചിത്രമായ ആരവം എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.മലയാളത്തില്‍ ദേവരാജന്‍ മാസ്റ്റര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍-300 ലേറെ ചലച്ചിത്രങ്ങള്‍ക്ക് ജോണ്‍സണ്‍ സംഗീതനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഏറെ പ്രശസ്തരായ ദക്ഷിണാമൂര്‍ത്തി,ദേവരാജന്‍,കെ.രാഘവന്‍ മാസ്റ്റര്‍ ,എം എസ് ബാബുരാജ് എന്നിവര്‍ക്കൊപ്പം എത്തി നില്‍ക്കുന്ന സംഗീത സംവിധായകനായിരുന്നു ജോണ്‍സണ്‍ .സുപ്രസിദ്ധ ഗാന രചയിതാക്കളായ ഓ എന്‍ വി,കൈതപ്രം,ശ്രീകുമാരന്‍ തമ്പി,കാവാലം,ഗിരീഷ്‌ പുത്തഞ്ചേരി മുതലായവരുടെ ഗാനങ്ങള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.ഇതില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ പിറന്നത്‌ പിറന്നത്‌ കൈതപ്രം-ജോണ്‍സണ്‍ കൂട്ടുകെട്ടിലാണ്.കിരീടം എന്ന ചിത്രത്തിലെ 'കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി.....'എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനം മാത്രം മതി ഈ കലാകാരന്മാരെ മലയാളികള്‍ എന്നുമെന്നും ഓര്‍മ്മിക്കാന്‍. ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് അഞ്ചു തവണ ജോണ്‍സണ്‍ മാസ്റ്റര്‍ നേടുകയുണ്ടായി.അദ്ദേഹം ചിട്ടപ്പെടുത്തിയ ഗാനങ്ങളില്‍ മിക്കവയും മലയാളികള്‍ നെഞ്ചേറ്റിയവയാണ്.'ദൂരെ ദൂരെ സാഗരം തേടി...'(വരവേല്‍പ്പ്),'പൂ വേണം പൂപ്പട വേണം...'(ഒരുമിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം),'ദേവാങ്കണങ്ങള്‍....'(ഞാന്‍ ഗന്ധര്‍വന്‍),'ഏതോ ജന്മകല്‍പ്പനയില്‍...'(പാളങ്ങള്‍),'രാജഹംസമേ...'(ചമയം),'ഗോപികേ നിന്‍ വിരല്‍...(കാറ്റത്തെ കിളിക്കൂട്‌)തുടങ്ങിയവ അവയില്‍ ചിലത് മാത്രം. കര്‍ണ്ണാടക സംഗീതത്തോടൊപ്പം പാശ്ചാത്യസംഗീതവും അഭ്യസിച്ചിരുന്ന അദ്ദേഹം ഒരുക്കിയ ഗാനങ്ങള്‍ ഇവ രണ്ടിന്റെയും സമന്വയം കൂടിയായിരുന്നു.ഓര്‍ക്കസ്ട്രയുടെ അതിപ്രസരം കൊണ്ട് ഗാനങ്ങളിലെ കാവ്യാംശം നഷ്ട്ടപ്പെടാതിരിക്കാന്‍ അദ്ദേഹം ഏറെ ശ്രദ്ധിച്ചിരുന്നു.സംഗീത സംവിധാനത്തില്‍ മാത്രമല്ല സിനിമകള്‍ക്ക്‌ പശ്ചാത്തല സംഗീതം ഒരുക്കുന്നതിലും ജോണ്‍സണ്‍ തന്റെ സര്‍ഗ്ഗശക്തി തെളിയിച്ചു.'ഇണയെ തേടി' എന്ന സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം.ഈ വിഭാഗത്തില്‍ 1993 ല്‍ 'പൊന്തന്‍ മാട' 1994 ല്‍ 'സുകൃതം' എന്നീ സിനിമകളിലെ പശ്ചാത്തല സംഗീതത്തിനു അദ്ദേഹത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.മലയാള സിനിമയ്ക്ക് ലഭിച്ച ഒരു അപൂര്‍വ്വ ബഹുമതിയായിരുന്നു ഈ അവാര്‍ഡുകള്‍.ഈ രംഗത്ത്‌ വയലിന്‍ കൊണ്ട് ജോണ്‍സണ്‍ മാസ്മരികത തന്നെ സൃഷ്ടിച്ചതിനു തെളിവാണ് 'മണിച്ചിത്രത്താഴ്'എന്ന സിനിമയിലെ പശ്ചാത്തല സംഗീതം.മലയാള സിനിമയ്ക്ക് ഇനിയും കനപ്പെട്ട സംഭാവനകള്‍ നല്‍കാന്‍ കഴിയുമായിരുന്ന ജോണ്‍സണ്‍ മാസ്റ്റര്‍ ഓര്‍ക്കാപ്പുറത്ത് നമ്മോടു വിടവാങ്ങിയത് സഹിക്കാവുന്നതിലും ഏറെയാണ്‌.