പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ വി.ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഏറെ പ്രസിദ്ധങ്ങളും സാധാരണക്കാരായ ആസ്വാദകര്‍ക്ക് പോലും ഹൃദ്യമായി മാറിയവയുമാണ്.മലയാളത്തിന് പുറമേ തമിഴ്,ഹിന്ദി പടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.50 വര്‍ഷങ്ങള്‍ കൊണ്ട് 125 സിനിമകളില്‍ 1000 ത്തിലേറെ പാട്ടുകള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.ഇവയില്‍ ഏറിയ പങ്കും ഹിറ്റ് ഗാനങ്ങളായിരുന്നു.ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ദക്ഷിണാമൂര്‍ത്തി സ്വാമി കര്‍ണ്ണാടക സംഗീത ലോകത്ത് സജീവ സാന്നിദ്ധ്യമായി തുടരുന്നു.പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന തിരുവിതാംകൂറിലെ ആലപ്പുഴയില്‍ ഡി.വെങ്കിടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി 1919 ഡിസംബര്‍ 22 ന് വെങ്കിടേശ്വരന്‍ ദക്ഷിണാമൂര്‍ത്തി ജനിച്ചു.അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതായിരുന്നു അദ്ദേഹത്തിന്റെ സംഗീതാഭിരുചി.കുട്ടിക്കാലത്ത് തന്നെ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങള്‍ അവര്‍ മകനെ പഠിപ്പിച്ചിരുന്നു.പത്താം ക്ലാസ് പാസായതിന് ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു തുടങ്ങി.കര്‍ണ്ണാടക സംഗീതത്തില്‍ കൂടുതല്‍ പഠനവും പൂര്‍ത്തിയാക്കി.കുഞ്ചാക്കോയും കോശിയും ചേര്‍ന്ന് കെ & കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച 'നല്ല തങ്ക' എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള രംഗപ്രവേശനം.ഈ പടത്തില്‍ നായകനായി അഭിനയിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു.യേശുദാസും പുത്രന്‍ വിജയ് യേശുദാസും സ്വാമിയുടെ സംഗീത നിര്‍ദ്ദേശത്തില്‍ പാടിയതോടെ മൂന്നു തലമുറകളില്‍ പെട്ട ഗായകര്‍ക്ക് സംഗീതനിര്‍ദ്ദേശം നല്‍കിയ അപൂര്‍വ്വ ബഹുമതിയും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് സ്വന്തമായി.എ ആര്‍ റഹമാന്‍റെ പിതാവ് ആര്‍ കെ ശേഖര്‍ കുറേക്കാലം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്നു.വയലാര്‍-ദേവരാജന്‍,പി .ഭാസ്കരന്‍-ബാബുരാജ് ജോടികളെ പോലെ മലയാള ചലച്ചിത്രസംഗീതത്തില്‍ ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ജോടിയും അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ചു.പി സുശീല,പി ലീല എന്നീ ഗായികമാരും സ്വാമിയുടെ പാട്ടുകള്‍ അനശ്വരമാക്കി.നവലോകം,സീത,വിയര്‍പ്പിന്റെ വില,ശ്രീ ഗുരുവായൂരപ്പന്‍,,മിഴികള്‍ സാക്ഷി എന്നീ പടങ്ങള്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച പടങ്ങളില്‍ ചിലത് മാത്രം. അനേകം അവാര്‍ഡുകളും സ്വാമിയെ തേടിയെത്തി.1971 ല്‍ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ്,1998 ല്‍ സംഗീതത്തിലെ ആയുഷ്കാല സംഭാവനകളെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നല്‍കിയ ജെ സി ഡാനിയല്‍ പുരസ്ക്കാരം,2007 ല്‍ 'സ്വരലയ യേശുദാസ്' അവാര്‍ഡ്,മുതലായവ ഉദാഹരണം മാത്രം. ഏറ്റവും ഒടുവിലായി 2010 ലെ 'രാമാശ്രമം' അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരിക്കുന്നു.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനപ്രപഞ്ചം ഉദാത്തവും അനശ്വരവുമാണ്.നവതി പിന്നിട്ടിട്ടും സംഗീത ലോകത്ത് കര്‍മ്മനിരതനായി വര്‍ത്തിക്കുന്ന ഈ സംഗീതാചാര്യന്റെ മുമ്പില്‍ നമ്രശിരസ്സുമായി നമോവാകങ്ങളര്‍പ്പിക്കുന്നു.