മലയാളിമനസ്സുകളില്‍ ഗൃഹാതുരത്വത്തിന്‍റെ അസുലഭനിമിഷങ്ങള്‍ സമ്മാനിച്ച നിരവധി മനോഹരഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഒരുമാസം പൂര്‍ത്തിയാവാന്‍ ഇനി ദിവസങ്ങള്‍ മാത്രം.ഈയവസരത്തില്‍ എം ജി ആറിന്‍റെ ദീപ്തസ്മരണകള്‍ക്ക് മുമ്പില്‍ വിങ്ങുന്ന ഹൃദയവുമായി അശ്രുപൂജ ചെയ്യുന്നു.പ്രശസ്ത സംഗീതജ്ഞനും ഹാര്‍മ്മോണിസ്റ്റുമായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെയും ഹരികഥാ കലാകാരി കമലാക്ഷിയമ്മയുടെയും മകനായി 1940 ആഗസ്ത് 8 ന് ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ആയിരുന്നു ജനനം. കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി കളിക്കൂട്ടുകാരനായിരുന്നു.ആലപ്പുഴ എസ് ഡി കോളേജിലും തുടര്‍ന്ന് തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത അക്കാദമിയിലുമായിരുന്നു വിദ്യാഭ്യാസം.സംഗീത അക്കാദമിയില്‍ കെ ജെ യേശുദാസ് സഹപാഠിയായിരുന്നു.അദ്ദേഹത്തിന്റേതു ഒരു സംഗീത കുടുംബമായിരുന്നു.സഹോദരന്‍ എം ജി ശ്രീകുമാര്‍ പ്രശസ്ത ചലച്ചിത്ര പിന്നണിഗായകനും സഹോദരി ഡോ.കെ ഓമനക്കുട്ടി സംഗീതാധ്യാപികയും കര്‍ണാടക സംഗീതജ്ഞയും.ഗാനഭൂഷണം പാസായി 1962 ല്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ തംബുരു ആര്‍ട്ടിസ്റ്റായി നിയമനം ലഭിച്ചു.ഈ കാലത്താണ് പ്രശസ്ത കവി കാവാലം നാരായണപണിക്കരുമായി ചേര്‍ന്ന് അവതരിപ്പിച്ച പല ലളിതഗാനങ്ങളും ഹിറ്റായി മാറുന്നത് .ലളിത ഗാന ശൈലി തന്നെ മാറ്റിയെടുക്കാന്‍ രണ്ടുപേര്‍ക്കും കഴിഞ്ഞു.ആകാശ വാണിയിലൂടെ അവതരിപ്പിച്ച 15 മിനുട്ട് ദൈര്‍ഘ്യമുള്ള സംഗീത പാഠവും ഏറെ ശ്രദ്ധേയമായി.കേരളത്തിലും പുറത്തും നിരവധി കച്ചേരികളും ഈ കാലയളവില്‍ അദ്ദേഹം നടത്തുകയുണ്ടായി.ഇതിനിടെ വിദ്യാധിരാജാ ഹൃദയാജ്ഞലിയുടെ ശിഷ്യത്വം സ്വീകരിച്ചു.1969 ല്‍ കെ രാഘവന്‍ മാസ്റ്ററുടെ സംഗീത നിര്‍ദ്ദേശത്തില്‍ കള്ളിച്ചെല്ലമ്മ എന്ന ചിത്രത്തിലെ 'ഉണ്ണി ഗണപതിയെ'എന്ന ഗാനമാലപിച്ചു കൊണ്ടാണ് സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്.1978 ല്‍ ജി അരവിന്ദന്‍റെ തമ്പ് എന്ന സിനിമയ്ക്കാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.1980 ല്‍ പുറത്തിറങ്ങിയ തകര എന്ന പടത്തിലെ' മൌനമേ മൌനമേ ' ,'മുക്കുറ്റി തിരുതാളി 'എന്നീ ഗാനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.തുടര്‍ന്ന് അദ്വൈതം,ദേവാസുരം,മണിച്ചിത്രത്താഴ്,രാക്കുയിലിന്‍ രാഗസദസ്സില്‍,അനന്തഭദ്രം തുടങ്ങിയ പടങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചു.മണിച്ചിത്രത്താഴിലെ പാട്ടുകള്‍ അദ്ദേഹത്തെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചു.അനന്തഭദ്രമാണ് അവസാന പടം.തന്‍റെ അനുജത്തിയായ ഡോ.ഓമനക്കുട്ടിയുടെ ശിഷ്യയായിരുന്ന കെ എസ് ചിത്രയെ സിനിമാലോകത്തിനു പരിചയപ്പെടുത്തിയതും അദ്ദേഹമാണ്.മലയാളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരി കമലാ സുരയ്യയുടെ കവിതകള്‍ക്ക് സംഗീതം നല്‍കി 'സുരയ്യ പാടുന്നു'എന്ന ആല്‍ബവും പുറത്തിറക്കി.2001 ല്‍ അച്ഛനെയാണെനിക്കിഷ്ടം ,2005 ല്‍ അനന്തഭദ്രം എന്നീ സിന്മകളിലെ സംഗീത സംവിധാനത്തിന് കേരള സംസ്ഥാന അവാര്‍ഡും 2001 ല്‍ കാറ്റുവന്നു വിളിച്ചപ്പോള്‍,2005 ല്‍ അനന്തഭദ്രം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ക്ക് ഏഷ്യനെറ്റ് അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചു.കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് 2010 ജൂലായ് 2 ന് തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.