മഹാകവി മോയിന്‍കുട്ടി വൈദ്യര് മാപ്പിളപ്പാട്ട് സാമ്രാജ്യത്തിലെ മുടിചൂടാമന്നനാണ്.മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ 1857 ല്‍ പ്രശസ്തമായ ഒരു വൈദ്യര് കുടുംബത്തിലായിരുന്നു കവിയുടെ ജനനം.കുട്ടിക്കാലം മുതല്‍ മാപ്പിളപ്പാട്ട് രചനയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ഇരുപതാമത്തെ വയസ്സില്‍ എഴുതിയ അനശ്വരപ്രണയകാവ്യമായ 'ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍' അന്ന് യാഥാസ്ഥിതിക മുസ്ലിമീങ്ങളുടെ അപ്രീതി സമ്പാദിച്ചെന്കിലും, മാപ്പിള സാഹിത്യത്തിലെ എണ്ണപ്പെട്ട കൃതിയായി ഇന്നും കൊണ്ടാടപ്പെടുന്നു.മയിലാഞ്ചിയുടെ മൊഞ്ചും അത്തറിന്റെ നറുമണവും ഒത്തിണങ്ങിയ പ്രസ്തുത കാവ്യം കാലദേശാതിര്‍ത്തികള്‍ കടന്നു എക്കാലവും അനുവാചകഹൃദയങ്ങളില്‍ പച്ചപിടിച്ചു നില്ക്കും.ചില ടി വി ചാനലുകാര് റിയാലിറ്റി ഷോകളിലൂടെ മാപ്പിളപ്പാട്ടിനെ പോപ്സംഗീതത്തിന്റെയും,ഒപ്പനയെ ഡിസ്ക്കോ ഡാന്‍സിന്റെയും ചാലുകളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുന്ന വര്‍ത്തമാനകാലഘട്ടത്തില്‍,അന്ന് അറബി,സംസ്കൃതം,മലയാളം,തമിഴ് തുടങ്ങിയ ഭാഷകളില്‍ നിന്നുള്ള വാക്കുകള്‍ കോര്‍ത്തിണക്കി തനിമയാര്‍ന്ന ഇശലുകളില്‍ വൈദ്യര് രചിച്ച പാട്ടുകളുടെ പ്രസക്തി ഏറെയാണ്.ബദറുല്‍ മുനീര്‍ ഹുസ്നുല്‍ ജമാല്‍ കൂടാതെ പ്രവാചകനായ മുഹമ്മദ് നബി (സ.അ)യുടെ നേതൃത്വത്തില്‍ അവിശ്വാസികളായ ഖുറൈഷികള്‍ക്കെതിരെ നയിച്ച ഐതിഹാസികമായ ബദര്‍ യുദ്ധത്തെ വിഷയമാക്കി മോയിന്‍കുട്ടി വൈദ്യര് 1876 ല്‍ 'ബദര്‍ പടപ്പാട്ട്' എന്ന മഹത്തായ ഒരു കാവ്യം കൂടി രചിക്കുകയുണ്ടായി.
കുടുംബ പാരമ്പര്യമനുസരിച്ച് വൈദ്യശാസ്ത്രത്തില്‍ വിദ്യാഭ്യാസം നേടിയതിനു പുറമേ അറബി,പേര്‍ഷ്യന്‍,സംസ്കൃതം,ഹിന്ദുസ്ഥാനി,തമിഴ് മുതലായ നിരവധി ഭാഷകളും അദ്ദേഹത്തിന് അറിയാമായിരുന്നു.ഈ ഭാഷകളില്‍ നിന്നുള്ള പദങ്ങളുടെ സങ്കലനം കൂടിയായിരുന്നു അദ്ദേഹത്തിന്റെ കാവ്യങ്ങള്‍.
അക്കാലത്ത് ഇന്ത്യയുടെ ഇതര ഭാഗങ്ങളിലെന്ന പോലെ ഏറനാട്ടിലും ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ സമരം ആളിക്കത്തുന്ന കാലഘട്ടം കൂടിയായിരുന്നു.തികഞ്ഞ ദേശസ്നേഹിയായിരുന്ന വൈദ്യര് എഴുതി പാടി നടന്ന പടപ്പാട്ടുകള്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആവേശം പകരുന്നവയായിരുന്നു.1891 ല്‍ നാല്‍പ്പതാമത്തെ വയസ്സില്‍ മഹാകവി ഈ ലോകത്തോട് വിടപറഞ്ഞു.