മലയാളത്തില്‍ ഗസലുകള്‍ ആലപിച്ച് തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.മലയാളം ഗസലുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ പേരാണ്.കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകനായി മാറിയ യഥാര്‍ത്ഥ പേര് പി എ ഇബ്രാഹിം എന്നാണ്.ചലച്ചിത്ര സംവിധായകന്‍ ജോണ്‍ അബ്രഹാം ആണ് അദ്ദേഹത്തിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഉമ്പായി എന്ന പേര് നല്‍കിയത്.കുട്ടിക്കാലം മുതല്‍ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വീട്ടില്‍ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല.എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഉമ്പായി തബല വായിക്കാന്‍ പഠിച്ചു.തബല വായിക്കാന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാന്‍ തീരുമാനിച്ച് ഹിന്ദുസ്ഥാനി സംഗീതവും മെഹഫിലുകളും കൊണ്ട് സംഗീതസാന്ദ്രമായ മുംബൈ നഗരത്തിലേക്ക് യാത്രയായി.അവിടെ മുജാവര്‍ അലീഖാന്റെ കീഴില്‍ സംഗീതം പഠിച്ചു.തബല വായനക്കിടയില്‍ ഉമ്പായി പാടിയ പാട്ട് കേള്‍ക്കാന്‍ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്.ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഉമ്പായി പിന്നെ തന്റെ കര്‍മ്മരംഗമായി തിരഞ്ഞെടുത്തത് കൊച്ചിയാണ്.സ്നേഹിതനായ ചലച്ചിത്ര പിന്നണി ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തും ജീവിക്കാന്‍ വേണ്ടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടും കഴിഞ്ഞു വന്ന ഉമ്പായി ഒരിക്കല്‍ ദില്ലിയില്‍ ഒരു ഗാനസദസ്സില്‍ ഹിന്ദി,ഉര്‍ദു ഗാനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി.മലയാളത്തില്‍ എന്തുകൊണ്ട് ഗസലുകള്‍ ആയിക്കൂടാ?എന്ന് ഈ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്.നിലാവും തണുപ്പും ഇഴുകി ചേര്‍ന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാണപ്രേയസിയെ കുറിച്ച് നൊമ്പരപ്പെടുന്ന ഗസലുകള്‍ മലയാളത്തിലേക്ക് പറിച്ചു നട്ടതില്‍ ഉമ്പായിക്ക് അഭിമാനിക്കാം.മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എന്‍ വി ,യൂസഫലി കേച്ചേരി,സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ ആസ്വാദകലോകം ഏറ്റുവാങ്ങി.പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്.മലയാളത്തില്‍ പ്രണാമം,ഗസല്‍മാല,പാടുക സൈഗാള്‍ പാടൂ,അകലെ മൌനം പോല്‍,നന്ദി പ്രിയസഖി നന്ദി,ഒരിക്കല്‍ നീ പറഞ്ഞു,ഇതുവരെ സഖീ നിന്നെ കാത്തിരുന്നു,മധുരമീ ഗാനം,ഹൃദയരാഗം,ഒരുമുഖം മാത്രം എന്നീ ആല്‍ബങ്ങലെല്ലാം മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നവയാണ്.ഇന്നും സംഗീത ലോകത്ത് നിറഞ്ഞ സാന്നിധ്യമായി ഉമ്പായി നമ്മോടൊപ്പമുണ്ട്.ഉമ്പായിയുടെ ജീവചരിത്രം ഡി സി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കുന്നു.പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരു പോലെ സംഗീതം പഠിക്കുന്നതിനുള്ള ഒരു വിദ്യാലയം ആരംഭിക്കുക എന്നത് ഉമ്പായിയുടെ ഒരു ആഗ്രഹമാണ്.
2011 ജൂൺ 6, തിങ്കളാഴ്‌ച
ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ സംഗീതസാമ്രാജ്യം
മലയാളത്തില്‍ ഗസലുകള്‍ ആലപിച്ച് തുടങ്ങിയിട്ട് വളരെ കാലമായിട്ടില്ല.മലയാളം ഗസലുകളെ കുറിച്ച് പറയുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുക മലയാളത്തിന്റെ ഗസല്‍ ചക്രവര്‍ത്തി ഉമ്പായിയുടെ പേരാണ്.കൊച്ചിയില്‍ ജനിച്ചു വളര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകനായി മാറിയ യഥാര്‍ത്ഥ പേര് പി എ ഇബ്രാഹിം എന്നാണ്.ചലച്ചിത്ര സംവിധായകന്‍ ജോണ്‍ അബ്രഹാം ആണ് അദ്ദേഹത്തിന്റെ ഒരു സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുമ്പോള്‍ ഉമ്പായി എന്ന പേര് നല്‍കിയത്.കുട്ടിക്കാലം മുതല്‍ ഉമ്പായി സംഗീതം ഇഷ്ടപ്പെട്ടിരുന്നു.എന്നാല്‍ വീട്ടില്‍ ഉമ്മയല്ലാതെ മറ്റാരും ഇത് പ്രോത്സാഹിപ്പിച്ചില്ല.എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച് ഉമ്പായി തബല വായിക്കാന്‍ പഠിച്ചു.തബല വായിക്കാന്‍ സംഗീതം ശാസ്ത്രീയമായി അഭ്യസിക്കാന്‍ തീരുമാനിച്ച് ഹിന്ദുസ്ഥാനി സംഗീതവും മെഹഫിലുകളും കൊണ്ട് സംഗീതസാന്ദ്രമായ മുംബൈ നഗരത്തിലേക്ക് യാത്രയായി.അവിടെ മുജാവര്‍ അലീഖാന്റെ കീഴില്‍ സംഗീതം പഠിച്ചു.തബല വായനക്കിടയില്‍ ഉമ്പായി പാടിയ പാട്ട് കേള്‍ക്കാന്‍ ഇടയായ ഉസ്താദ് ആണ് ഉമ്പായിയിലെ ഗായകനെ കണ്ടെത്തിയത്.ഉമ്മയുടെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ ഉമ്പായി പിന്നെ തന്റെ കര്‍മ്മരംഗമായി തിരഞ്ഞെടുത്തത് കൊച്ചിയാണ്.സ്നേഹിതനായ ചലച്ചിത്ര പിന്നണി ഗായകന്‍ മെഹബൂബിന്റെ കൂടെ ഗാനമേളകളില്‍ പങ്കെടുത്തും ജീവിക്കാന്‍ വേണ്ടി വിവിധ ജോലികളില്‍ ഏര്‍പ്പെട്ടും കഴിഞ്ഞു വന്ന ഉമ്പായി ഒരിക്കല്‍ ദില്ലിയില്‍ ഒരു ഗാനസദസ്സില്‍ ഹിന്ദി,ഉര്‍ദു ഗാനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചപ്പോള്‍ സദസ്സിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഭാര്‍ഗവീനിലയത്തിലെ 'താമസമെന്തേ വരുവാന്‍' എന്ന ഗാനമാലപിച്ച് സദസ്സിന്റെ കയ്യടി വാങ്ങി.മലയാളത്തില്‍ എന്തുകൊണ്ട് ഗസലുകള്‍ ആയിക്കൂടാ?എന്ന് ഈ ചിന്തിച്ചു തുടങ്ങിയത് ഈ സംഭവത്തിന് ശേഷമാണ്.നിലാവും തണുപ്പും ഇഴുകി ചേര്‍ന്ന രാത്രിയുടെ അന്ത്യയാമങ്ങളില്‍ പ്രാണപ്രേയസിയെ കുറിച്ച് നൊമ്പരപ്പെടുന്ന ഗസലുകള്‍ മലയാളത്തിലേക്ക് പറിച്ചു നട്ടതില്‍ ഉമ്പായിക്ക് അഭിമാനിക്കാം.മലയാളത്തിന്റെ പ്രിയപ്പെട്ട കവികളായ ഒ എന്‍ വി ,യൂസഫലി കേച്ചേരി,സച്ചിദാനന്ദന്‍ തുടങ്ങിയവരുടെ രചനകളുമായി ഉമ്പായിയുടെ ഗസല്‍ ആല്‍ബങ്ങള്‍ ആസ്വാദകലോകം ഏറ്റുവാങ്ങി.പ്രശസ്ത കവി ഹസ്രത് ജയപുരി രചിച്ച ഉര്‍ദു ഗസലുകളാണ് ആദ്യം പുറത്തിറങ്ങിയത്.മലയാളത്തില്‍ പ്രണാമം,ഗസല്‍മാല,പാടുക സൈഗാള്‍ പാടൂ,അകലെ മൌനം പോല്‍,നന്ദി പ്രിയസഖി നന്ദി,ഒരിക്കല്‍ നീ പറഞ്ഞു,ഇതുവരെ സഖീ നിന്നെ കാത്തിരുന്നു,മധുരമീ ഗാനം,ഹൃദയരാഗം,ഒരുമുഖം മാത്രം എന്നീ ആല്‍ബങ്ങലെല്ലാം മലയാളികള്‍ എന്നും ഇഷ്ടപ്പെടുന്നവയാണ്.ഇന്നും സംഗീത ലോകത്ത് നിറഞ്ഞ സാന്നിധ്യമായി ഉമ്പായി നമ്മോടൊപ്പമുണ്ട്.ഉമ്പായിയുടെ ജീവചരിത്രം ഡി സി ബുക്സ് ഉടനെ പ്രസിദ്ധീകരിക്കുന്നു.പണക്കാര്‍ക്കും പാവങ്ങള്‍ക്കും ഒരു പോലെ സംഗീതം പഠിക്കുന്നതിനുള്ള ഒരു വിദ്യാലയം ആരംഭിക്കുക എന്നത് ഉമ്പായിയുടെ ഒരു ആഗ്രഹമാണ്.
2011 മാർച്ച് 25, വെള്ളിയാഴ്‌ച
കെ എസ് ചിത്ര-പാട്ടിന്റെ തേന്‍കുടവുമായി വന്ന പാട്ടുകാരി
മനസ്സ് നിറയെ സംഗീതത്തിന്റെ മാധുര്യം നിറയ്ക്കാന്‍ പാട്ടിന്റെ തേന്‍കുടവുമായി കടന്നു വന്ന പ്രിയ ഗായിക കെ എസ് ചിത്ര നിരവധി നല്ല ഗാനങ്ങള്‍ മലയാള സിനിമകളിലൂടെ നമുക്ക് നല്‍കിയിട്ടുണ്ട്.ഗൃഹാതുരത്വത്തിന്‍റെ മധുരനൊമ്പരങ്ങള്‍ തേന്‍മഴയായി പെയ്തിറങ്ങിയ ആ പാട്ടുകളോരോന്നും മലയാളികള്‍ നെഞ്ചേറ്റി നടന്നവയാണ് .മലയാള ചലച്ചിത്ര രംഗത്ത് കെ എസ് ചിത്രക്കുള്ള അദ്വിതീയ സ്ഥാനം ഇന്നും അഭംഗുരമായി തുടരുന്നതിന്റെ കാരണവും ഇത് തന്നെയാണ് .ഏറെ പ്രശസ്തയായ ആ ഗായികയുടെ സംഗീതസപര്യയെ അടുത്തറിയാന്‍ ഈ കുറിപ്പ് സാഹായകരമാവുമെന്ന് കരുതുന്നു .1963 ജൂലായ് 27 ന് തിരുവനന്തപുരത്ത് , സംഗീത പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ചിത്രയുടെ ജനനം .പിതാവായ കൃഷ്ണന്‍ നായര്‍ തന്നെയാണ് സംഗീതവാസന കണ്ടെത്തിയതും പ്രോത്സാഹിപ്പിച്ചതും .ചിത്രയുടെ ആദ്യഗുരുവും അദ്ദേഹമാണ് .തുടര്‍ന്ന് സുപ്രസിദ്ധ സംഗീതജ്ഞ ഡോ.ഓമനക്കുട്ടിയുടെ കീഴില്‍ കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു .കേരള സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുദവും നേടി .1979 ല്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം ജി രാധാകൃഷ്ണനാണ് ചിത്രയെ മലയാള ചലച്ചിത്ര രംഗത്ത് കൊണ്ട് വരുന്നത്.അട്ടഹാസം,സ്നേഹപൂര്‍വ്വം മീര ,ഞാന്‍ ഏകനാണ് എന്നിവയാണ് ആദ്യകാല സിനിമകള്‍.രവീന്ദ്രന്‍,ജെറി അമല്‍ദേവ്,ശ്യാം, ജോണ്‍സണ്‍, കണ്ണൂര്‍ രാജന്‍ മുതലായ സംഗീത സംവിധായകുരുടെ പാട്ടുകള്‍ ചിത്ര പാടിയിട്ടുണ്ട് .തമിഴില്‍ ഇളയരാജയുടെയും എ ആര്‍ റഹമാന്‍റേയും ഗാനങ്ങളും അവര്‍ ആലപിച്ചു .മലയാളത്തിനു പുറമെ,തമിഴ്,കന്നഡ,തെലുഗു,ആസാമീസ്,ഒറിയ,ബംഗാളി,പഞ്ചാബി ,ഹിന്ദി തുടങ്ങിയ ഭാഷാചിത്രങ്ങള്‍ക്ക് വേണ്ടിയും ചിത്ര ഗാനങ്ങള്‍ അവതരിപ്പിച്ചു.15ooo ത്തിലേറെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു.അനേകം അവാര്‍ഡുകളും ചിത്രയ്ക്ക് ലഭിച്ചു.6 തവണ ഏറ്റവും മികച്ച പിന്നണി ഗായികക്കുള്ള ദേശീയ അവാര്‍ഡും,30 സംസ്ഥാന അവാര്‍ഡുകളും അവയില്‍ ചിലത് മാത്രം.2005 ല്‍ ഭാരതസര്‍ക്കാരിന്റെ 'പദ്മശ്രീ' പുരസ്ക്കാരത്തിനും ചിത്ര അര്‍ഹയായി.
2011 ഫെബ്രുവരി 2, ബുധനാഴ്‌ച
ഗസല്‍ ശൈലിയില്‍ യൂസഫലി കേച്ചേരിയുടെ ഇശല്‍ തേന്‍കണങ്ങള്‍

മലയാള ചലച്ചിത്ര ശാഖയില്‍ എഴുതപ്പെട്ട പാട്ടുകളുടെ എണ്ണത്തെക്കാള്‍ അവയുടെ ശില്പഭംഗിയാല്‍ ശ്രദ്ധിക്കപ്പെട്ട ഗാന രചയിതാവാണ് പ്രശസ്ത കവി യൂസഫലി കേച്ചേരി.അദ്ദേഹത്തിന്റെ രചനകളിലെ പദ ലാളിത്യവും ശബ്ദ സൌകുമാര്യവും സംഗീത പ്രേമികളെ ഏറെ ആകര്‍ഷിക്കുകയുണ്ടായി.ഗസല്‍ ശൈലിയില്‍ രചിക്കപ്പെട്ട ആ ഭാവഗാനങ്ങള്‍ ആസ്വാദക മനസ്സുകളില്‍ ഇടം നേടുകയും ചെയ്തു.ഇവ മലയാളി മനസ്സുകളിലേക്ക് ഇശല്‍ തേന്‍ കണങ്ങളായി പെയ്തിറങ്ങുകയായിരുന്നു.1934 മെയ് 16 നു തൃശ്ശൂര്‍ ജില്ലയില്‍ പെട്ട കേച്ചേരിയില്‍ ചീമ്പയില്‍ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി യൂസഫലി ജനിച്ചു.സ്വാതന്ത്ര്യ സമരസേനാനിയും ഗ്രന്ഥകാരനുമായ എ വി അഹമ്മദ് മൂത്ത സഹോദരനായിരുന്നു.ഇദ്ദേഹത്തിന്റെ പ്രോത്സാഹനം സാഹിത്യ പ്രവര്‍ത്തനം നടത്തുന്നതിനു യൂസഫലിക്ക് വേണ്ടുവോളം ലഭിച്ചു.സ്കൂള്‍ വിദ്യാഭ്യാസ കാലത്ത് മുതല്‍ സംസ്കൃതത്തില്‍ താല്പര്യം കാണിച്ചിരുന്ന യൂസഫലി,തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ ബിരുദ പഠനം നടത്തുമ്പോള്‍ പ്രശസ്ത സംകൃത പണ്ഡിതന്‍ കെ പി നാരായണപ്പിഷാരടിയുടെ ശിഷ്യത്വം സീകരിച്ചു.1954 ല്‍മാതൃഭൂമി ആഴ്ചപതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിച്ച 'കൃതാര്‍ത്ഥന്‍ ഞാന്‍' എന്ന കവിതയുമായി യൂസഫലി സാഹിത്യ ലോകത്തിലേക്ക് അരങ്ങേറ്റം നടത്തി. മാതൃഭൂമി ആഴ്ചപതിപ്പിന്റെ അന്നത്തെ പത്രാധിപര്‍ എന്‍ വി കൃഷ്ണവാരിയരുടെ നിസ്സീമമായ സഹകരണവും ആ കൊച്ചു കവിക്ക് താങ്ങായി തീര്‍ന്നു.ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 'സൈനബ' എന്ന കൃതിയാണ്.തുടര്‍ന്ന് 'ആയിരം നാവുള്ള മൌന'വും മറ്റു കൃതികളും പ്രകാശനം ചെയ്യപ്പെട്ടു.1962 ല്‍ രാമു കാര്യാട്ടിന്റെ 'മൂടുപടം' എന്ന സിനിമയിലെ 'മയിലാഞ്ചി തോപ്പില്‍ മയങ്ങി നില്‍ക്കുന്ന മൊഞ്ചത്തി...'എന്ന ആദ്യ ഗാനം തന്നെ ഹിറ്റായി മാറി.ഈ ഗാനത്തിന്റെ സംഗീതം എം എസ് ബാബുരാജിന്റെതായിരുന്നു.തുടര്‍ന്നു നൂറിലേറെ സിനിമകള്‍ക്ക് ഗാനരചന നിര്‍വ്വഹിക്കുകയും മൂന്നു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും 'സിന്ദൂര ചെപ്പ്' എന്ന സിനിമയുടെ തിരക്കഥ എഴുതുകയും ചെയ്തു.കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷ സ്ഥാനം അലങ്കരിച്ച കവിയെ തേടി അനേകം അവാര്‍ഡുകളുമെത്തി.2000 ല്‍ രവീന്ദ്രന്റെ സംഗീത സംവിധാനത്തില്‍ 'മഴ' എന്ന ചിത്രത്തിലെ 'ഗേയം ഹരിനാമധേയം'എന്ന് തുടങ്ങുന്ന ഗാനത്തിന് ദേശീയ പുരസ്കാരവും ലഭിച്ചു.കേരള സാഹിത്യ അക്കാദമി അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ്,ആശാന്‍ പ്രൈസ്,ചങ്ങമ്പുഴ അവാര്‍ഡ് എന്നിവ യൂസഫലിക്ക് ലഭിച്ച പുരസ്ക്കാരങ്ങളില്‍ ചിലത് മാത്രം.യൂസഫലിയുടെ കാവ്യസപര്യ ഇന്നും അഭംഗുരം തുടരുന്നു.
2010 ഡിസംബർ 27, തിങ്കളാഴ്‌ച
ഇളയരാജയുടെ ദേവസംഗീതം മലയാള സിനിമകളില്‍

സംഗീതം ദൈവീകമാണ്.ഉദാത്തമായ സംഗീതത്തെ നമുക്ക് ദേവസംഗീതം എന്ന് വിളിക്കാം.പ്രശസ്ത സംഗീത സംവിധായകന്‍ ഇളയരാജ മലയാള സിനിമകള്‍ക്ക് വേണ്ടി സംവിധാനം നിര്‍വ്വഹിച്ച ഗാനങ്ങളധികവും ദേവസംഗീതത്തിന്റെ ഗണത്തില്‍ പെടുത്താം.പാശ്ചാത്യ സംഗീതോപകരണങ്ങളും നാടന്‍ ശീലുകളും സമന്വയിപ്പിച്ച് അദ്ദേഹം ഈണം നല്‍കിയ പാട്ടുകള്‍ എന്നും മലയാളികളില്‍ ഗൃഹാതുരത്വമുണര്‍ത്തുന്നവയാണ്.ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും മറക്കാന്‍ കഴിയാത്ത ഒട്ടേറെ മധുര ഗീതങ്ങള്‍ ഇളയരാജ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്.തമിഴ് നാട്ടിലെ തേനി ജില്ലയില്‍ പന്നൈപുരത്ത് രാമസ്വാമിയുടെയും ചിന്നതായമ്മാളുടെയും മകനായി 1943 ജൂണ്‍ 2 നാണ് അദ്ദേഹം ജനിച്ചത്.ഡാനിയല്‍ രാസയ്യ എന്നാണു യഥാര്‍ത്ഥ പേര്.തമിഴകത്തെ നാടന്‍ ശീലുകള്‍ കേട്ട് വളര്‍ന്നു വന്ന അദ്ദേഹം പതിനാലാമത്തെ വയസ്സ് മുതല്‍ ഗാനമേളകളില്‍ പാടാന്‍ തുടങ്ങി.ഗിറ്റാര്‍,കീബോര്‍ഡ്,ഹാര്‍മ്മോണിയം,പിയാനോ തുടങ്ങിയ ഉപകരണങ്ങളിലും അദ്ദേഹം നൈപുണ്യം നേടി.തമിഴ്,മലയാളം,കന്നഡ,തെലുഗ്,ഹിന്ദി എന്നീ ഭാഷകളില്‍ 800 ഓളം ചിത്രങ്ങളില്‍ 4000 ത്തില്‍ പരം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ചു.1976 ല്‍ പുറത്തിറങ്ങിയ 'അന്നക്കിളി' യാണ് ആദ്യചിത്രം.അന്ന് തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുന്നു.മൂന്നാം പക്കം,ഫ്രണ്ട്സ്,ഇന്നത്തെ ചിന്താ വിഷയം,രസതന്ത്രം,മനസ്സിനക്കരെ,പഴശ്ശിരാജ എന്നിവ ഇളയരാജ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച നിരവധി പടങ്ങളില്‍ ചിലത് മാത്രം.സംഗീത സംവിധാനത്തിനുള്ള ദേശീയ പുരസ്കാരം നാല് തവണ അദ്ദേഹം നേടി.കേരളം,തമിഴ് നാട്,മധ്യപ്രദേശ് സര്‍ക്കാരുകളുടെ അവാര്‍ഡുകള്‍ ഉള്‍പ്പടെ മറ്റനേകം അവാര്‍ഡുകളും ആ സംഗീത പ്രതിഭയെ തേടിയെത്തി.ഭാരതസര്‍ക്കാരിന്റെ പദ്മഭൂഷന്‍ ബഹുമതിയും ഇളയരാജയ്ക്ക് ലഭിച്ചു.
2010 നവംബർ 28, ഞായറാഴ്‌ച
ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനപ്രപഞ്ചം
പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞനായ വി.ദക്ഷിണാമൂര്‍ത്തി സംവിധാനം ചെയ്ത മലയാള ചലച്ചിത്ര ഗാനങ്ങള്‍ ഏറെ പ്രസിദ്ധങ്ങളും സാധാരണക്കാരായ ആസ്വാദകര്‍ക്ക് പോലും ഹൃദ്യമായി മാറിയവയുമാണ്.മലയാളത്തിന് പുറമേ തമിഴ്,ഹിന്ദി പടങ്ങള്‍ക്ക് വേണ്ടിയും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.50 വര്‍ഷങ്ങള്‍ കൊണ്ട് 125 സിനിമകളില്‍ 1000 ത്തിലേറെ പാട്ടുകള്‍ അദ്ദേഹം ചിട്ടപ്പെടുത്തി.ഇവയില്‍ ഏറിയ പങ്കും ഹിറ്റ് ഗാനങ്ങളായിരുന്നു.ഇപ്പോള്‍ ചലച്ചിത്ര രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ദക്ഷിണാമൂര്‍ത്തി സ്വാമി കര്‍ണ്ണാടക സംഗീത ലോകത്ത് സജീവ സാന്നിദ്ധ്യമായി തുടരുന്നു.പഴയ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന തിരുവിതാംകൂറിലെ ആലപ്പുഴയില്‍ ഡി.വെങ്കിടേശ്വര അയ്യരുടെയും പാര്‍വ്വതി അമ്മാളിന്റെയും മകനായി 1919 ഡിസംബര്‍ 22 ന് വെങ്കിടേശ്വരന്‍ ദക്ഷിണാമൂര്‍ത്തി ജനിച്ചു.അമ്മയില്‍ നിന്ന് പകര്‍ന്നു കിട്ടിയതായിരുന്നു അദ്ദേഹത്തിന്റെ സംഗീതാഭിരുചി.കുട്ടിക്കാലത്ത് തന്നെ ത്യാഗരാജ സ്വാമികളുടെ കീര്‍ത്തനങ്ങള്‍ അവര്‍ മകനെ പഠിപ്പിച്ചിരുന്നു.പത്താം ക്ലാസ് പാസായതിന് ശേഷം തിരുവനന്തപുരത്ത് വെങ്കിടാചലം പോറ്റിയുടെ കീഴില്‍ സംഗീതം അഭ്യസിച്ചു തുടങ്ങി.കര്‍ണ്ണാടക സംഗീതത്തില്‍ കൂടുതല്‍ പഠനവും പൂര്‍ത്തിയാക്കി.കുഞ്ചാക്കോയും കോശിയും ചേര്‍ന്ന് കെ & കെ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിച്ച 'നല്ല തങ്ക' എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചു കൊണ്ടാണ് ചലച്ചിത്ര രംഗത്തേക്കുള്ള രംഗപ്രവേശനം.ഈ പടത്തില്‍ നായകനായി അഭിനയിച്ചത് ഗാനഗന്ധര്‍വ്വന്‍ കെ ജെ യേശുദാസിന്റെ പിതാവായ അഗസ്റ്റിന്‍ ജോസഫ് ആയിരുന്നു.യേശുദാസും പുത്രന്‍ വിജയ് യേശുദാസും സ്വാമിയുടെ സംഗീത നിര്‍ദ്ദേശത്തില്‍ പാടിയതോടെ മൂന്നു തലമുറകളില്‍ പെട്ട ഗായകര്‍ക്ക് സംഗീതനിര്‍ദ്ദേശം നല്‍കിയ അപൂര്‍വ്വ ബഹുമതിയും ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് സ്വന്തമായി.എ ആര്‍ റഹമാന്‍റെ പിതാവ് ആര്‍ കെ ശേഖര്‍ കുറേക്കാലം അദ്ദേഹത്തിന്റെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ചിരുന്നു.വയലാര്‍-ദേവരാജന്‍,പി .ഭാസ്കരന്‍-ബാബുരാജ് ജോടികളെ പോലെ മലയാള ചലച്ചിത്രസംഗീതത്തില്‍ ശ്രീകുമാരന്‍ തമ്പി-ദക്ഷിണാമൂര്‍ത്തി ജോടിയും അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ചു.പി സുശീല,പി ലീല എന്നീ ഗായികമാരും സ്വാമിയുടെ പാട്ടുകള്‍ അനശ്വരമാക്കി.നവലോകം,സീത,വിയര്‍പ്പിന്റെ വില,ശ്രീ ഗുരുവായൂരപ്പന്‍,,മിഴികള്‍ സാക്ഷി എന്നീ പടങ്ങള്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വ്വഹിച്ച പടങ്ങളില്‍ ചിലത് മാത്രം. അനേകം അവാര്‍ഡുകളും സ്വാമിയെ തേടിയെത്തി.1971 ല്‍ മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ്,1998 ല്‍ സംഗീതത്തിലെ ആയുഷ്കാല സംഭാവനകളെ മുന്‍നിര്‍ത്തി കേരള സര്‍ക്കാര്‍ നല്‍കിയ ജെ സി ഡാനിയല്‍ പുരസ്ക്കാരം,2007 ല്‍ 'സ്വരലയ യേശുദാസ്' അവാര്‍ഡ്,മുതലായവ ഉദാഹരണം മാത്രം. ഏറ്റവും ഒടുവിലായി 2010 ലെ 'രാമാശ്രമം' അവാര്‍ഡിനും അദ്ദേഹം അര്‍ഹനായിരിക്കുന്നു.ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ ഗാനപ്രപഞ്ചം ഉദാത്തവും അനശ്വരവുമാണ്.നവതി പിന്നിട്ടിട്ടും സംഗീത ലോകത്ത് കര്‍മ്മനിരതനായി വര്‍ത്തിക്കുന്ന ഈ സംഗീതാചാര്യന്റെ മുമ്പില്‍ നമ്രശിരസ്സുമായി നമോവാകങ്ങളര്‍പ്പിക്കുന്നു.2010 ഒക്‌ടോബർ 31, ഞായറാഴ്‌ച
പ്രിയ ഗായിക പി.ലീലയ്ക്ക് പ്രണാമം
തെന്നിന്ത്യന്‍ ഭാഷാചിത്രങ്ങളില്‍ അയ്യായിരത്തിലേറെ ഗാനങ്ങളാലലപിച്ച പ്രിയ ഗായിക പി.ലീല ഓര്‍മ്മയായിട്ട് ഇന്ന് അഞ്ച് വര്‍ഷം പിന്നിടുന്നു.മലയാളത്തിന് പുറമെ തമിഴ്,കന്നട,തെലുഗ്തുടങ്ങിയ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ മാത്രമല്ല ഹിന്ദി,ബംഗാളി,സിംഹള ഭാഷകളിലും അവര്‍ തന്‍റെ സാന്നിദ്ധ്യമറിയിച്ചിരുന്നു.കര്‍ണ്ണാടകസംഗീതത്തിലും പ്രാവീണ്യം തെളിയിച്ച ഗായിക എം എസ് സുബ്ബലക്ഷ്മി,എം എല്‍ വസന്തകുമാരി,ഡി കെ പട്ടാംബാള്‍ മുതലായ സംഗീതപ്രതിഭകളുടെ സമകാലീനയായിരുന്നു.1934 ഫിബ്രവരി 21 ന് പഴയ ബ്രിട്ടീഷ് ഇന്ത്യയില്‍ പാലക്കാട് ജില്ലയിലെ ചിറ്റൂരില്‍ വി കെ കുഞ്ഞന്‍ മേനോന്റെയും പൊറയത്ത് മീനാക്ഷിയമ്മയുടെയും മൂന്നു പുത്രിമാരില്‍ ഇളയവളായി പി ലീല ജനിച്ചു.തന്‍റെ ഇളയ പുത്രിയെ സംഗീതജ്ഞയാക്കണമെന്നത് സംഗീതാരാധകന്‍ കൂടിയായ പിതാവിന്റെ ജീവിതാഭിലാഷമായിരുന്നു.ത്രിഭുവനം മണി അയ്യരുടെ ശിഷ്യയായാണ് ലീല സംഗീതം അഭ്യസിച്ചു തുടങ്ങിയത്.ലീലയുടെ പിതാവ് വി കെ മേനോന്റെ സ്നേഹിതനായിരുന്ന വടക്കാഞ്ചേരി രാമഭാഗവതരുടെ നിര്‍ദ്ദേശപ്രകാരം സംഗീതാഭ്യസനത്തിന് വേണ്ടി 1944 ല്‍ പിതാവിനോടൊപ്പം മദ്രാസില്‍ എത്തി.എറണാകുളത്തെ അദ്ധ്യാപകജോലി ഉപേക്ഷിച്ചാണ് മേനോന്‍ മകളുടെ കൂടെ മദ്രാസില്‍ പോയത്.തുടര്‍ന്ന് രാമഭാഗവതരുടെ വീട്ടില്‍ താമസിച്ച് ഗുരുകുല സമ്പ്രദായത്തില്‍ പഠനം പൂര്‍ത്തിയാക്കി.സുപ്രസിദ്ധ സംഗീതജ്ഞന്‍ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെയും ശിഷ്യത്വം അവര്‍ സ്വീകരിച്ചിരുന്നു.അക്കാലത്ത് ചെമ്പൈ,അരിയക്കുടി രാമാനുജം,ജി എന്‍ ബാലസുബ്രമണ്യം തുടങ്ങിയവരുടെ കച്ചേരികള്‍ കേള്‍ക്കാന്‍ പോകാറുണ്ടായിരുന്നു.ഈ കച്ചേരികള്‍ തന്‍റെ സംഗീത സപര്യയെ സ്വാധീനിച്ചതായി അവര്‍ വെളിപ്പെടുത്തുകയുണ്ടായി.സംഗീത പഠനം പൂര്‍ത്തീകരിച്ച ഉടനെ കൊളംബിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ ആര്‍ട്ടിസ്റ്റായി ജോലി ലഭിച്ചു.ചലച്ചിത്ര ലോകത്തിലേക്കുള്ള അരങ്ങേറ്റം 'കങ്കണം' എന്ന തമിഴ് സിനിമയില്‍ 'ശ്രീ വരലക്ഷ്മി' എന്ന് തുടങ്ങുന്ന ഗാനത്തോടെയായിരുന്നു.മലയാളത്തില്‍ ആദ്യമായി പാടിയത് 1948 ല്‍ പുറത്തിറങ്ങിയ 'നിര്‍മ്മല' എന്ന പടത്തിലെ 'പാടുക പൂങ്കുയിലേ...' എന്ന ഗാനമാണ്.1949 മുതല്‍ തെലുഗ് ചിത്രങ്ങളിലും പാടിത്തുടങ്ങി.അക്കാലത്ത് അവര്‍ അനേകം സംഗീതകച്ചേരികളും നടത്തി.ഈ കാലയളവില്‍ അനേകം ബഹുമതികളും പുരസ്കാരങ്ങളും ലീലയെ തേടിയെത്തി.1969 ല്‍ 'കടല്‍പ്പാലം' എന്ന സിനിമയില്‍ പാടിയ 'ഉജ്ജയിനിയിലെ ഗായിക...'എന്ന് തുടങ്ങുന്ന ഗാനത്തിന് ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള കേരളസംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി.1992 ല്‍ തമിഴ് നാട് സര്‍ക്കാരിന്റെ 'കലൈമണി' പുരസ്ക്കാരം,2003 ല്‍ 'ജന്മാഷ്ടമി' അവാര്‍ഡ്,2006 ല്‍ മരണാനന്തര ബഹുമതിയായി ഭാരത സര്‍ക്കാരിന്റെ 'പദ്മഭൂഷണ്‍' മുതലായവ അവര്‍ക്ക് ലഭിച്ച അവാര്‍ഡുകളില്‍ ചിലത് മാത്രമാണ്.ചലച്ചിത്ര ഗാനങ്ങള്‍ മാത്രമല്ല നിരവധി ഭക്തിഗാനങ്ങളും പി ലീല ആലപിച്ചിട്ടുണ്ട്.നാരായണീയം,ജ്ഞാനപ്പാന,ഹരിനാമകീര്‍ത്തനം എന്നിവ അവരുടെ മധുരസ്വരത്തില്‍ അനശ്വരമാക്കപ്പെട്ടു.എഴുപത്തിയൊന്നാം വയസ്സില്‍ 2005 ഒക്ടോബര്‍ 31 ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.അതോടെ മലയാളത്തിന്‍റെ ആ പൂങ്കുയില്‍ നാദം നിലച്ചു.ഈ ചരമ വാര്‍ഷികത്തില്‍ പ്രിയ ഗായികയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമം അര്‍പ്പിക്കുന്നു.2010 സെപ്റ്റംബർ 12, ഞായറാഴ്‌ച
കെ.പി.ഉദയഭാനു-മലയാളികളുടെ മനം കവര്‍ന്ന ഗായകന്‍
ആലപിച്ച ഗാനങ്ങളുടെ വൈപുല്യത്തെക്കാളേറെ അവയുടെ മാധുര്യം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് കെ.പി.ഉദയഭാനു.1936 ജൂണ്‍ 6 ന് പാലക്കാട് ജില്ലയിലെ തരൂരില്‍ എന്‍ എസ് വര്‍മയുടെയും അമ്മു നേത്യാരമ്മയുടെയും മകനായി ജനിച്ചു.സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന മഹാനായ കെ പി കേശവമേനോന്റെ മരുമകന്‍ കൂടിയാണ് ഉദയഭാനു.പിതാവ് സിംഗപ്പൂരില്‍ ബിസിനസ്സ്കാരനായിരുന്നത് കൊണ്ട് കുട്ടിക്കാലം അവിടെയാണ് ചെലവഴിച്ചത്.ഏഴാമത്തെ വയസ്സില്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് 1944 ല്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി.മറ്റൊരു അമ്മാവനായ കെ പി അപ്പുക്കുട്ടമേനോന്റെ സംരക്ഷണത്തിലാണ് പിന്നീട് വളര്‍ന്നത്.പാലക്കാട് കല്‍പാത്തിയിലെ ത്യാഗരാജ സംഗീത വിദ്യാലയത്തില്‍ ചേര്‍ന്ന് പഠിച്ചു.പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് മണി അയ്യരുടെയും എം ഡി രാമനാഥന്‍റേയും ശിഷ്യത്വം ലഭിക്കാന്‍ ഭാഗ്യമുണ്ടായി.ക്ലാസ്സിക്കല്‍ സംഗീതത്തില്‍ പ്രാവീണ്യം ഒട്ടും കുറവല്ലാതിരുന്നിട്ടും ലളിതസംഗീതമാണ് അദ്ദേഹം തെരഞ്ഞെടുത്തത്.1955 ല്‍ കോഴിക്കോട് ആകാശവാണി നിലയത്തില്‍ അനൌണ്‍സറായി ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് പ്രമുഖ സാഹിത്യ-സംഗീത-ചലച്ചിത്ര പ്രതിഭകളായ ഉറൂബ്,പി ഭാസ്കരന്‍,തിക്കോടിയന്‍,കെ രാഘവന്‍,ശാന്ത പി നായര്‍,കെ പദ്മനാഭന്‍ നായര്‍ എന്നിവരുമായി സൌഹൃദം സ്ഥാപിച്ചു.1958 ല്‍ പുറത്തിറങ്ങിയ നായര് പിടിച്ച പുലിവാല് എന്ന പടത്തിലെ എന്തിനിത്ര പഞ്ചസാര.... ,വെളുത്ത പെണ്ണേ.... എന്നീ ഗാനങ്ങള്‍ പാടി ചലച്ചിത്ര രംഗത്തിലേക്കു പ്രവേശിച്ചു.ഈ സിനിമയുടെ സംവിധാനവും ഗാനരചനയും പി ഭാസ്കരനും, സംഗീത സംവിധാനം കെ രാഘവന്‍ മാസ്റ്ററുമായിരുന്നു നിര്‍വ്വഹിച്ചിരുന്നത്.രമണനിലെ 'കാനന ഛായയില്‍.....'നിണമണിഞ്ഞ കാല്‍പ്പാടുകളിലെ 'അനുരാഗ നാടകത്തിന്‍....' പുതിയ ആകാശം പുതിയ ഭൂമിയിലെ 'താമരതുമ്പീ വാവാ...' തുടങ്ങിയ ഗാനങ്ങള്‍ ഏറെ പ്രശസ്തമായി.അതിനിടെ സമസ്യ,മയില്‍പീലി മുതലായ ചിത്രങ്ങളുടെ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.സമസ്യയിലെ 'കിളി ചിലച്ചു....' എന്ന ഗാനം ഹിറ്റായി മാറി.കേരളത്തിലെ മികച്ച സംഗീത സംവിധായകന്‍ എന്ന ബഹുമതി കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചു.പഴയ സിനിമാഗാനങ്ങളെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനു ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത ട്രൂപ്പിന് രൂപം നല്‍കി.കെ കരുണാകരന്‍ മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പി ആര്‍ ഒ ആയിയിരുന്നു.കേരള സംഗീത നാടക അക്കാദമി,കേരള കലാമണ്ഡലം,ഫിലിം സെന്‍സര്‍ ബോര്‍ഡ് തുടങ്ങി അനവധി സമിതികളിലും അദ്ദേഹം അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രായമായെങ്കിലും സംഗീത ലോകത്തിലെ നിറസാന്നിദ്ധ്യമായി അദ്ദേഹം നമ്മോടൊപ്പമുണ്ട്.അനുഗ്രഹീത ഗായകന് ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)